വിത്ത് കുത്തി തിന്നുന്ന വികസനം

വികസന സങ്കല്‍പങ്ങളിലെ അശാസ്ത്രീയതയാണ് കീഴാറ്റൂരില്‍ മുഴച്ചു നില്‍ക്കുന്നത്. ഇത്രയും കൃഷിഭൂമി നശിപ്പിക്കാതെ തന്നെ ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ അതോന്നും ചെവി കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ല

വിത്ത് കുത്തി തിന്നുന്ന വികസനം

തളിപ്പറമ്പു വഴി കടന്നുപോകുന്ന ദേശീയപാതക്ക് കീഴാറ്റൂര്‍ വഴി ബൈപ്പാസ് നിര്‍മ്മിക്കാന്‍ 12 ഹെക്ടര്‍ കൃഷിഭൂമി ഏറ്റെടുക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ അന്തിമ വിജ്ഞാപനം വന്നുകഴിഞ്ഞു. നഷ്ടപരിഹാരം നല്‍കാന്‍ നടത്തുന്ന പരാതി പരിഹാരത്തിനായി രേഖകളുമായി ചെല്ലാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് ദേശീയപാത 17 വികസിപ്പിക്കാനൊരുങ്ങുകയാണ്. ജനുവരി 11 മുതല്‍ നടക്കുന്ന രേഖകളുടെ പരിശോധനകള്‍ക്കു ശേഷം ഉടമകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം നല്‍കും.

കീഴാറ്റൂരില്‍ വയലുകള്‍ നശിപ്പിച്ച് ദേശീയപാത വികസിപ്പിക്കുന്നതിന് എതിരെ വയല്‍ക്കിളികള്‍ എന്ന പേരില്‍ ആദ്യം സമരത്തിനിറങ്ങിയത് സി.പി.എമ്മുകാരാണ്. എന്നാല്‍ സി.പി.എം സമരക്കാരെ കൈവിട്ടപ്പോള്‍ ബി.ജെ.പി ഏറ്റെടുത്തു. ബി.ജെ.പി സമരക്കാര്‍ക്കൊപ്പം കൂടി എന്ന കുറ്റത്തിന് സ്വന്തം പാര്‍ട്ടിക്കാരെ സി.പി.എമ്മുകാര്‍ തന്നെ സംഘപരിവാര്‍ മുദ്രകുത്തി. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി തീരുമാനം പിന്‍വലിപ്പിക്കാം എന്ന ഉറപ്പിലാണ് വയല്‍ക്കിളികള്‍ ബി.ജെ.പിക്കൊപ്പം നിന്നത്. എന്നാല്‍ അന്തിമ വിജ്ഞാപനം വന്നതോടെ ആ ഉറപ്പൊക്കെ പാഴ് വാക്കായി. പരിസ്ഥിതി ആഘാത റിപ്പോര്‍ട്ട് ഉള്‍പ്പെടെ അവഗണിച്ചിട്ടാണ് കേന്ദ്രം സ്ഥലമെടുപ്പുമായി മുന്നോട്ടു പോകുന്നത്.

കീഴാറ്റൂരില്‍ 73 ഭൂവുടമകളില്‍നിന്നായി 12.2246 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതില്‍ ഒമ്പത് ഹെക്ടറോളമാണ് വയല്‍. കണ്ണൂര്‍ ബൈപ്പാസിന്റെ ഭാഗമായ പാപ്പിനിശ്ശേരിയിലെ തുരുത്തി പട്ടികജാതി കോളനിയുമായി ബന്ധപ്പെട്ട ഒരു ഭാഗവും എതിര്‍പ്പവഗണിച്ച് ഏറ്റെടുക്കാന്‍ മൂന്ന് ജി വിജ്ഞാപനമായിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ആകെ 53.5482 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിനാണ് വിജ്ഞാപനം. കരിവെള്ളൂര്‍ മുതല്‍ പാപ്പിനിശ്ശേരി വില്ലേജ് അതിര്‍ത്തിയില്‍ വളപട്ടണം പുഴക്കരവരെയുള്ള ഭാഗത്തെ സ്ഥലം ദേശീയപാതക്ക് പോകും. പ്രതിഷേധങ്ങളെ തല്ലിയും തലോടിയുമാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിട്ടത്. യു.ഡി.എഫ് നേതാക്കള്‍ സമരഭൂമി സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതല്ലാതെ തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. വികസന സങ്കല്‍പങ്ങളിലെ അശാസ്ത്രീയതയാണ് കീഴാറ്റൂരില്‍ മുഴച്ചു നില്‍ക്കുന്നത്. ഇത്രയും കൃഷിഭൂമി നശിപ്പിക്കാതെ തന്നെ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നിരിക്കെ അതൊന്നും ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. നിലവിലുള്ള ഹൈവെ വികസിപ്പിച്ചാല്‍ കടകമ്പോളങ്ങളും മറ്റും നഷ്ടപ്പെടുമെന്ന കാരണം പറഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്തു. വയല്‍ നഷ്ടപ്പെട്ടാലും കടകള്‍ പോകാന്‍ പാടില്ല. വയലിലെ കിളികള്‍ ചത്താലും വികസനം വന്നേ പറ്റൂ. പൂക്കോത്ത് തെരുവടക്കം ഉള്‍പ്പെടുന്ന കുപ്പം-കൂവോട്-കുറ്റിക്കോല്‍ ബൈപ്പാസുണ്ടാക്കാനുള്ള ബദല്‍ നിര്‍ദ്ദേശവും അവഗണിക്കപ്പെട്ടു. നൂറു വീടുകള്‍ പൊളിക്കേണ്ടി വരും എന്നതായിരുന്നു കാരണം. വയല്‍ പോയാലും വീടു പോകാന്‍ പാടില്ല. 30ല്‍ താഴെ വീട്ടുകാരെ മാത്രം ഒഴിപ്പിക്കേണ്ട കീഴാറ്റൂരിലെ പുതിയ അലൈന്‍മെന്റ് നിര്‍ദ്ദേശവും അവഗണിക്കപ്പെട്ടു. വയല്‍ പോയാലും വീടു പോകരുതെന്ന നിര്‍ബന്ധത്തില്‍ കണ്‍സള്‍ട്ടന്‍സി ഉറച്ചുനിന്നു.

കുറച്ചാളുകളുടെ ഭൂമി നഷ്ടപ്പെടുന്നു എന്നതല്ല വയല്‍ക്കിളികളുടെ പ്രശ്‌നം. ഒരു പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകരുന്നു എന്നതാണ്. പാടവും തണ്ണീര്‍ത്തടവും ഇല്ലാതായാല്‍ വെള്ളവും വറ്റും ഇല്ലാതാകുമെന്ന പ്രാഥമിക ബോധം ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇല്ലാതെ പോയി. വയല്‍ക്കിളികളെ അറസ്റ്റ് ചെയ്തും അവരുടെ സമരപ്പന്തല്‍ കത്തിച്ചും മുഖ്യധാരാ രാഷ്ട്രീയം ഒരു ജനകീയ സമരത്തെ ഇഞ്ചിഞ്ചായി വധിക്കാന്‍ കൂട്ടുനിന്നു. അടിസ്ഥാന ജനതക്കൊപ്പം നില്‍ക്കേണ്ട സി.പി.എം തുടക്കത്തിലേ സമരക്കാരെ കൈവിട്ടു. വികസനത്തെ എതിര്‍ക്കരുതെന്നും നഷ്ടപരിഹാരം കിട്ടിയില്ലെങ്കില്‍ മാത്രം സമരം ചെയ്താല്‍ മതിയെന്നുമുള്ള പാര്‍ട്ടി തിട്ടൂരം വീടുകളില്‍ വിതരണം ചെയ്തു. 11 അംഗങ്ങള്‍ സമരത്തില്‍ ഉറച്ചുനിന്നപ്പോള്‍ അവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ഇതോടെ മണ്ണിനും വരുംതലമുറക്കും വേണ്ടിയുള്ള സമരം പാര്‍ട്ടിക്കും സര്‍ക്കാറിനുമെതിരെ എന്നു വ്യാഖ്യാനിക്കപ്പെട്ടു. പ്രദേശത്തെ ഏറ്റവും താഴ്ന്ന സ്ഥലമാണ് കീഴാറ്റൂര്‍. ഇക്കഴിഞ്ഞ പ്രളയകാലത്ത് ഇവിടം വെള്ളം മൂടിക്കിടന്നിരുന്നു. ദേശീയപാത വരണമെങ്കില്‍ ആയിരക്കണക്കിന് ലോഡ് മണ്ണും കല്ലും പാടത്തേക്ക് തട്ടേണ്ടി വരും. ജലസസ്യങ്ങളും ജലജീവികളുമുള്ള ഈ ആവാസവ്യവസ്ഥ ആകെ താറുമാറാകും. കീഴാറ്റൂരിന്റെ ജല കലണ്ടര്‍ തന്നെ താളം തെറ്റുകയും പ്രദേശം സമ്പൂര്‍ണ്ണ വരള്‍ച്ചയിലേക്ക് പോവുകയും ചെയ്യും. മേല്‍പ്പാലമുണ്ടാക്കിയും നിലവിലുള്ള പാത മെച്ചപ്പെടുത്തിയും പരിഹാരങ്ങള്‍ ഏറെയുണ്ടായിട്ടും വയല്‍ നികത്തിയേ അടങ്ങൂ എന്ന വാശി ആരും ഉപേക്ഷിച്ചില്ല. ജനങ്ങള്‍ക്കു വേണ്ടി നില്‍ക്കേണ്ട രാഷ്ട്രീയ പാര്‍ട്ടികളെല്ലാം നിശ്ശബ്ദം ഈ അനീതി കണ്ടുനിന്നു.

ഉപരിവര്‍ഗ്ഗ ആഢംബരങ്ങളുടെയും മദ്ധ്യവര്‍ഗ്ഗ പൊങ്ങച്ചങ്ങളുടെയും ഭൂമികയില്‍ ജലത്തിലും ഭൂമിക്കും ഇടമില്ലാതായിരിക്കുന്നു എന്നതിന്റെ തെളിവാണ് കീഴാറ്റൂര്‍. മുതലാളിത്തമാണ് മെച്ചമെന്ന പുതിയ സിദ്ധാന്തത്തിലേക്ക് കൂപ്പുകുത്തിയ നവ ലിബറലിസം കമ്യൂണിസത്തെയും സാരമായി ബാധിച്ചിരിക്കുന്നു എന്നതിന്റെ കൃത്യമായ സന്ദേശമാണ് കീഴാറ്റൂര്‍. അധികാരികള്‍ക്കും മാടമ്പിമാര്‍ക്കും മുന്നില്‍ പട്ടും വളയും പ്രതീക്ഷിച്ച് ഓച്ഛാനിച്ചു നില്‍ക്കുന്ന സാംസ്‌ക്കാരിക നായകന്മാരും ആ വഴി അധികം പോയിട്ടില്ല. എന്തിനധികം, കീഴാറ്റൂരില്‍ സ്ഥലം ഏറ്റെടുപ്പിനുള്ള അന്തിമ വിജ്ഞാപനം വന്നത് മലയാളത്തിലെ പ്രമുഖ മാദ്ധ്യമങ്ങള്‍ക്ക് വാര്‍ത്തയോ വിശകലന വിഷയമോ അല്ല. ലാഭമില്ലാത്ത ഒരിടത്തേക്കും തിരിഞ്ഞുനോക്കാന്‍ ആര്‍ക്കും സൗകര്യമില്ല എന്നാണ് കീഴാറ്റൂര്‍ തെളിയിക്കുന്ന ചിത്രം. വിത്ത് കുത്തി തിന്നാല്‍ വിശപ്പുമാറും. പക്ഷെ, വിതയ്ക്കാന്‍ ഒന്നുമുണ്ടാകില്ല എന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

Read More >>