കണ്ണടയ്ക്കേണ്ട കാഴ്ചകള്‍

ഒന്നാം ദിനം വനിതകളുടെ വന്‍മതില്‍. രണ്ടാം ദിനം രണ്ടു യുവതികളുടെ മലകയറ്റം. മൂന്നാം നാള്‍ നാടിനെ ബന്ദിയാക്കിയ ഹര്‍ത്താലും അക്രമപരമ്പരകളും. 2019ന്റെ...

കണ്ണടയ്ക്കേണ്ട കാഴ്ചകള്‍

ഒന്നാം ദിനം വനിതകളുടെ വന്‍മതില്‍. രണ്ടാം ദിനം രണ്ടു യുവതികളുടെ മലകയറ്റം. മൂന്നാം നാള്‍ നാടിനെ ബന്ദിയാക്കിയ ഹര്‍ത്താലും അക്രമപരമ്പരകളും. 2019ന്റെ വരവേതായാലും 'മോശമാക്കിയില്ല'. പ്രതീക്ഷകളേറെയായിരുന്നു. സാമൂഹികമായും സാമ്പത്തികമായും കരുത്താര്‍ജ്ജിക്കാതെ വയ്യ എന്ന ബോദ്ധ്യം എല്ലാതലത്തിലുമുള്ള ആളുകളില്‍ ശക്തിപ്പെട്ടുവന്ന സാഹചര്യമായിരുന്നു പോയവര്‍ഷത്തിന്റെ അവസാനഭാഗം. പ്രളയം നക്കിത്തുടച്ച പാതികേരളം വീണ്ടെടുപ്പിനായുള്ള കാത്തിരിപ്പിലാണ്. പ്രാണന്‍ മുങ്ങിത്താഴുമ്പോള്‍ കൈനീട്ടിയ, ചവുട്ടിക്കയറാന്‍ മുതുകു കാട്ടിയ മലയാളിയുടെ കൂട്ടായ്മക്കരുത്ത് പുനര്‍നിര്‍മ്മാണത്തിലും ആശയറ്റവരുടെ പുനഃരധിവാസത്തിലും കാണുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. പുതിയ വര്‍ഷത്തില്‍ ആ വിധമുള്ള മുന്നേറ്റത്തിലൂടെ ഒന്നിച്ചുനീങ്ങി കേരളത്തെ കരകയറ്റുമെന്നു സ്വപ്നം കണ്ടവരുടെ മുന്നിലാണ് തെരുവില്‍ യുവത ഏറ്റുമുട്ടിയത്. കണ്ണില്‍ കണ്ടതെല്ലാം അടിച്ചുടച്ച്, കൊലവിളി നടത്തി അക്രമിസംഘം മുന്നേറിയപ്പോള്‍ കേരളത്തിന്റെ പൊതുമനസ്സ് ഭീതിയിലാണ്ടു. അക്രമിസംഘങ്ങളെ തെരുവില്‍ നേരിടാന്‍ എതിരാളികളും രംഗത്തിറങ്ങിയതോടെ അക്ഷരാര്‍ത്ഥത്തില്‍ യുദ്ധസമാനമായി വ്യാഴാഴ്ച. നിയമവും ക്രമസമാധാനവും സംരക്ഷിക്കാന്‍ ബാദ്ധ്യതപ്പെട്ട പൊലീസുകാരെ പോലും പരസ്യമായി തല്ലിയോടിക്കുന്ന കാഴ്ച ദൃശ്യമാദ്ധ്യമങ്ങളിലൂടെ ലോകം കണ്ടു.

രണ്ടു യുവതികള്‍ അയ്യപ്പന്റെ സന്നിധാനത്ത് എത്തിയതിലുള്ള പ്രതിഷേധമാണ് തച്ചുതകര്‍ക്കലിലേക്കു കാര്യങ്ങള്‍ എത്തിച്ചത്. ഹര്‍ത്താല്‍ ദിനത്തില്‍ ഒരു കുടുംബത്തിന്റെ അത്താണിയെ രാഷ്ട്രീയ എതിരാളികള്‍ കല്ലെറിഞ്ഞു കൊന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ ഒടുവിലത്തെ ഔദ്യോഗിക കണക്കനുസരിച്ച് 278 പേര്‍ക്കാണ് ഹര്‍ത്താല്‍ അനുബന്ധ അക്രമങ്ങളില്‍ പരുക്കേറ്റത്. ഇതില്‍ 135 പേര്‍ പൊലീസുകാരാണ്. ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും കല്ലും കുറുവടിയും വടിവാളുമായി പരസ്പരം അക്രമിക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി.

5000 കോടിയുടെ നഷ്ടമാണ് പുതുവര്‍ഷത്തെ ആദ്യ ഹര്‍ത്താല്‍ കേരളത്തിനു മേല്‍ അടിച്ചേല്‍പ്പിച്ചത്. തച്ചുകര്‍ത്തതും തീയിട്ടതും കൂടാതെ അന്നേ ദിവസത്തെ തൊഴില്‍, വ്യാപാര, വ്യവസായ, സേവന മേഖലയിലെ നഷ്ടം കൂടി ചേര്‍ത്തുള്ള ഏകദേശ കണക്കാണിത്. ഹര്‍ത്താല്‍ ദിനത്തില്‍ കടതുറന്നു പുതിയ മുന്നേറ്റത്തിന് വ്യാപാരി സമൂഹം മുന്നോട്ടുവന്നെങ്കിലും സംഘടിതമായ ആക്രമണങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ അവര്‍ക്കും താഴിടേണ്ടി വന്നു. ആവശ്യമായ സുരക്ഷ നല്‍കിയാല്‍ കടകള്‍ തുറക്കുമെന്ന നിലപാടാണ് വിവിധ വ്യാപാരി സംഘടനകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഒരിടത്തും പൊലീസിന് വേണ്ടത്ര സംരക്ഷണം നല്‍കാന്‍ കഴിഞ്ഞില്ല. പൊതു സമൂഹത്തിന്റെ മനസ്സുള്‍ക്കൊണ്ട്, വലിയ മാറ്റത്തിനുള്ള തുടക്കമായിരുന്നു വ്യാപാരി സമൂഹം നടത്തിയത്.

മതിലുകെട്ടലും മലകയറ്റവും

സ്ത്രീകളുടെ അഭിമാനമതില്‍ ചരിത്രത്താളുകളില്‍ ഇടം നേടി. ആരാണ് സംഘാടകര്‍, എന്താണ് ലക്ഷ്യം ഇത്യാദി കാര്യങ്ങളില്‍ മതില്‍ കെട്ടിയുയര്‍ത്തിയിട്ടും ആശയവ്യക്തത നേടാനായോ? ഇല്ലെന്നതാണ് വസ്തുത. സര്‍ക്കാരാണോ, സര്‍ക്കാര്‍ പിന്തുണയില്‍ നവോത്ഥാന മുല്ല്യങ്ങളില്‍ വിശ്വസിക്കുന്ന സംഘടനകളാണോ, ഇടതുമുന്നണിയാണോ ആരാണ് മതില്‍ പണിതത്? മുഖ്യമന്ത്രിയടക്കം ഇതിനുള്ള ഉത്തരം തരംപോലെ മാറ്റി പറഞ്ഞിട്ടുമുണ്ട്. തുടക്കത്തില്‍ സര്‍ക്കാര്‍ പരിപാടിയെന്നായിരുന്നു വിശദീകരണം. അങ്ങനെ ഉത്തരവും ഇറക്കി. അധികം വൈകാതെ അതു തിരുത്തി. എന്നാല്‍, അത് വീണ്ടും വന്നു. പണം ചെലവഴിക്കുന്നതിലെ തര്‍ക്കം ഹൈക്കോടതി വരെയെത്തിയതാണ്. എന്തായാലും വിവാദങ്ങള്‍ വനിതകളുടെ ഒഴുക്കിനെ തടഞ്ഞില്ല. കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത സ്ത്രീ പങ്കാളിത്തതോടെ വനിതാ മതില്‍ അഭിമാനമതിലായി.

മതില്‍ കെട്ടിയുയര്‍ത്തിയ ആവേശവും ആത്മവിശ്വാസവും സര്‍ക്കാരിനെയും പ്രത്യേകിച്ച് മുഖ്യമന്ത്രിയേയും കൂടുതല്‍ കരുത്തരാക്കി. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനുള്ള ഹിതപരിശോധനയായി വനിതാ മതിലിനെ ഇടതുമുന്നണി വിശേഷിപ്പിച്ചു. വനിതാമതില്‍ പകര്‍ന്നു തന്ന കരുത്താണ് പിറ്റേന്നു പുലര്‍ച്ചെ രണ്ടു യുവതികളെ മലകയറ്റിക്കുവാന്‍ സര്‍ക്കാരിന് പ്രേരണയായത്.

നേരത്തെ മലകയറാനെത്തി പ്രതിഷേധത്തെ തുടര്‍ന്നു മടങ്ങിപ്പോകേണ്ടി വന്ന ബിന്ദു, കനക ദുര്‍ഗ്ഗ എന്നിവരാണ് ജനുവരി 2ന് പുലര്‍ച്ചെ അതീവരഹസ്യമായി സന്നിധാനത്തെത്തിയത്. ഇവരുടെ വരവും പോക്കും സന്നിധാനത്തെയോ പമ്പയിലെയോ പൊലീസ് അധികാരികള്‍ പോലും അറിഞ്ഞിരുന്നില്ല. കോട്ടയം എസ്.പി എസ് ഹരിശങ്കറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പൊലീസ് ഈ 'ഓപ്പറേഷന്‍' നടത്തിയത്. ഇതിനു പിന്നാലെ ഒരു ശ്രീലങ്കന്‍ യുവതിയും മലകയറിയതായി റിപ്പോര്‍ട്ട് വന്നു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതോടെ, ജനുവരി 22ന് സുപ്രിം കോടതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ വിധി നടപ്പാക്കിയില്ലെന്ന വാദമുയര്‍ത്താനോ അതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനോ ആര്‍ക്കും സാധിക്കില്ല.

തന്ത്രിയോ മന്ത്രിയോ

യുവതികള്‍ ശബരിമല സന്നിധാനത്തു കയറിയതിനെ തുടര്‍ന്നു ശുദ്ധികലശ ക്രിയകള്‍ക്കായി തന്ത്രി നട അടച്ചു. നട അടച്ചത് ശരിയല്ലെന്നും സുപ്രീം കോടതി വിധി അനുസരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ തന്ത്രി സ്വയം ഒഴിഞ്ഞു പോകണമെന്നും മുഖ്യമന്ത്രി. തന്ത്രിയുടെ കാര്യം മുഖ്യമന്ത്രി നോക്കേണ്ടെന്നു പ്രതിപക്ഷ നേതാവ്. കോടതി വിധിയോട് യോജിക്കാതിരിക്കാന്‍ തന്ത്രിക്ക് വ്യക്തിപരമായി അവകാശമുണ്ടെങ്കിലും ശബരിമല തന്ത്രി എന്ന നിലയ്ക്കു സുപ്രിം കോടതി ഉത്തരവ് അനുസരിക്കാനാകില്ലെങ്കില്‍ ആ സ്ഥാനത്തു തുടരരുത് എന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.

ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ തന്ത്രിക്കും മന്ത്രിക്കും ഒപ്പമെന്ന പഴയ നിലപാട് അതേ പടി തുടര്‍ന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിലപാട് കടുത്തതോടെ ഒടുവില്‍ ബോര്‍ഡ് തന്ത്രിയില്‍ നിന്നു വിശദീകരണം ചോദിച്ചിരിക്കുകയാണ്. ആചാരപരമായ കാര്യങ്ങളില്‍ അന്തിമതീര്‍പ്പ് തന്ത്രിയുടേതാണ്. എന്നാല്‍ സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി അനുസരിക്കാതിരിക്കാന്‍ ആ പദവി ഒരൊഴിവുമല്ല. ധൃതിപ്പെട്ട് തന്ത്രിക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജികളില്‍ വാദം കേള്‍ക്കാനില്ലെന്നു പരമോന്നത കോടതി വ്യക്തമാക്കിയിട്ടുണ്ട്.പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ജനുവരി 22ന് തന്നെ തന്ത്രിക്കെതിരായ ഹര്‍ജികളും കോടതിയുടെ മുന്നിലെത്തും.

മുത്തലാഖിലെ പ്രതിഷേധം

മുത്തലാഖ് വിഷയം ചര്‍ച്ച ചെയ്ത ദിവസം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മലപ്പുറം ലോക്സഭാംഗവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സഭയിലെ അസാന്നിദ്ധ്യം ദേശീയതലത്തില്‍ വരെ പോയവാരം സജീവ ചര്‍ച്ചാ വിഷയമായി. കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് വലിയ വീഴ്ചയായെന്ന് എതിരാളികള്‍ മാത്രമല്ല, പാര്‍ട്ടിക്കുള്ളിലെ പരമോന്നത നേതാക്കള്‍ വരെ പരസ്യമായി പറഞ്ഞു. ആ വീഴ്ചയില്‍ അസ്വാഭാവികതയൊട്ടുമില്ലെന്നും തികച്ചും യാദൃശ്ചികമെന്നും കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചെങ്കിലും പാര്‍ട്ടി അണികളിലടക്കം പ്രതിഷേധം അണപൊട്ടി. സാമൂഹ്യദ്ധ്യമങ്ങളിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും നടത്തിയ വിമര്‍ശനം അതാണ് ബോദ്ധ്യപ്പെടുത്തുന്നത്.

പാര്‍ട്ടി മുഖപത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടിയാണ് വിട്ടു നിന്നതെന്ന വിശദീകരണമാണ് കുഞ്ഞാലിക്കുട്ടി നല്‍കിയത്. പാര്‍ലമെന്റംഗം എന്ന നിലയില്‍ ലോക്സഭയിലെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും ഇടപെടലും വേണ്ടവിധം സജീവമല്ലെന്ന പരാതി ഇതിനകം ഉയര്‍ന്നിട്ടുണ്ട്. വളരെ നിര്‍ണ്ണായകമായ ഒരു വിഷയം പരിഗണിക്കുമ്പോള്‍ ലോക്സഭയില്‍ ഹാജരാകാതിരുന്നത് എതിരാളികള്‍ക്കു രാഷ്ട്രീയ ആയുധമാക്കാനുള്ള വഴിതുറന്നതിലുമുള്ള അമര്‍ഷമാണ് പാര്‍ട്ടി അണികള്‍ക്കുള്ളത്. പ്രത്യേകിച്ചും ബന്ധു നിയമന വിവാദത്തില്‍ തീര്‍ത്തും പ്രതിരോധത്തിലായ മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പെടെ വീണുകിട്ടിയ അവസരം സമര്‍ത്ഥമായി ഉപയോഗിച്ചു എന്ന പരിഭവം ലീഗ് അണികള്‍ക്കുണ്ട്. ആ രാഷ്ട്രീയബോദ്ധ്യം ഉള്ളതിനാലാവണം മലപ്പുറം ജില്ലാ പ്രസിഡന്റു കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കടുത്ത ഭാഷയില്‍ കുഞ്ഞാലിക്കുട്ടിയുടെ നടപടിയെ വിമര്‍ശിച്ചത്.

വിഴിഞ്ഞം വഴി

ഉമ്മന്‍ചാണ്ടിക്കു ആശ്വാസം

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയതില്‍ ആരും അഴിമതി നടത്തിയിട്ടില്ലെന്ന ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ കണ്ടെത്തലില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു ആശ്വാസം. അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയ നടപടിയില്‍ ക്രമക്കേടു നടന്നതായുള്ള കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണമുയര്‍ന്നത്. പ്രതിപക്ഷവും വിശിഷ്യാ ഇന്നത്ത മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി വ്യക്തിപരമായി അഴിമതി നടത്തി എന്നരോപിച്ചു. 6000 കോടിയുടെ അഴിമതി വിഴിഞ്ഞം പദ്ധതിയിലൂടെ നടന്നുവെന്ന പിണറായി വിജയന്റെ ആരോപണം 2016ലെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. എന്നാല്‍ കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നതായുള്ള സി.എ.ജി റിപ്പോര്‍ട്ട് ജുഡീഷ്യല്‍ കമ്മിഷന്‍ തള്ളി. ആരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നും ടെണ്ടര്‍ നടപടിയില്‍ പങ്കെടുത്ത ഏക കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നു എന്നും കമ്മിഷന്‍ വ്യക്തമാക്കി.

സോളാര്‍ ആരോപണങ്ങളും ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായയെ ചെറിയ തോതിലെങ്കിലും ബാധിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനം മോശമായതോടെ യു.ഡി.എഫ് തലപ്പത്തുനിന്നും പ്രതിപക്ഷ നേതാവു പദവിയില്‍ നിന്നും മാറിനില്‍ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.

രണ്ടു വര്‍ഷത്തെ മാറിനടത്തത്തിനൊടുവിലാണ് അദ്ദേഹം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദിവിയിലേക്കുയര്‍ന്നത്. സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായതും.

അതിനിടെ സരിതാ നായരുടെ ലൈംഗികാതിക്രമ ആരോപണവും കേസ് നടപടികളും ഉമ്മന്‍ചാണ്ടിയെ വീണ്ടും പ്രതിരോധത്തിലാക്കിയെങ്കിലും ഹൈക്കോടതിയുടെ ആശ്വാസവിധിയിലൂടെ അതിനെ അതിജീവിച്ച അദ്ദേഹം ഇപ്പോള്‍ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ നിന്നും മോചിതനായി.

Read More >>