ശബരിമല വിധിയും പത്മകുമാറിന്റെ തിരുത്തൽവാദവും

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രിം കോടതി വിധി വന്നതോടെ ആകെ കുഴഞ്ഞിരിക്കുകയാണ് പത്മകുമാർ. കോടതി വിധി വിശ്വാസികളെ വേദനിപ്പിക്കുമെന്നായിരുന്നു പത്മകുമാറിന്റെ ആദ്യപ്രതികരണം. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വിധിയെ സ്വാഗതം ചെയ്തപ്പോൾ വിധി നടപ്പാക്കാൻ ബാദ്ധ്യതയുണ്ടെന്നായി പത്മകുമാർ.എന്നാൽ വിശ്വാസികളുടെ സമ്മർദ്ദം താങ്ങാനുള്ള കരുത്ത് പത്മഹൃദയത്തിനില്ലായിരുന്നു.

ശബരിമല വിധിയും   പത്മകുമാറിന്റെ തിരുത്തൽവാദവും

ചെകുത്താനും നടുക്കടലിനും ഇടയിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. ശബരിമലയാണോ അതോ എ.കെ.ജി സെന്ററാണോ പ്രഥമപരിഗണനയിൽ എന്നു ചോദിച്ചാൽ പത്മകുമാർ കുഴങ്ങും. വിശ്വാസികൾക്കൊപ്പമാണോ അതോ സർക്കാരിനൊപ്പമാണോ എന്നു ചോദിച്ചാലും സ്ഥിതി തഥൈവ. താൻ ഉത്തമകമ്മ്യൂണിസ്റ്റാണെന്ന് ആവർത്തിക്കുമ്പോഴും അയ്യപ്പന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പത്മകുമാറിന്റെ മനസ്സനുവദിക്കുന്നില്ല.

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രിം കോടതി വിധി വന്നതോടെ ആകെ കുഴഞ്ഞിരിക്കുകയാണ് പത്മകുമാർ. കോടതി വിധി വിശ്വാസികളെ വേദനിപ്പിക്കുമെന്നായിരുന്നു പത്മകുമാറിന്റെ ആദ്യപ്രതികരണം. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വിധിയെ സ്വാഗതം ചെയ്തപ്പോൾ വിധി നടപ്പാക്കാൻ ബാദ്ധ്യതയുണ്ടെന്നായി പത്മകുമാർ.എന്നാൽ വിശ്വാസികളുടെ സമ്മർദ്ദം താങ്ങാനുള്ള കരുത്ത് പത്മഹൃദയത്തിനില്ലായിരുന്നു. വിശ്വാസികൾക്കൊപ്പം നിൽക്കുമെന്നും വിധി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും പിന്നീട് സ്വന്തം നിലപാട് തിരുത്തി. ഇതിനിടയിൽ നടന്ന മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയോടെ പത്മകുമാറിന്റെ നിലയും നിലപാടും മാറിമറിഞ്ഞു. തലേദിവസം യുവതീപ്രവേശം അപ്രായോഗികമെന്നു പ്രസ്താവിച്ച പത്മകുമാർ മുഖ്യമന്ത്രിയെ കണ്ടശേഷം കോടതി വിധി അംഗീകരിക്കാൻ ബോർഡിന് ബാദ്ധ്യതയുണ്ടെന്നു വീണ്ടും തിരുത്തി. പിന്നീടിങ്ങോട്ട് സ്ഥിരം തിരുത്തൽവാദിയായി അദ്ദേഹം.

സർവകക്ഷിയോഗത്തിനു ശേഷം മുഖ്യമന്ത്രിയും പന്തളം കൊട്ടാര പ്രതിനിധിയും തന്ത്രി കുടുംബവുമായുള്ള കൂടിക്കാഴ്ചയിൽ സാവകാശ ഹർജി നൽകാനുള്ള നിർദ്ദേശം മുന്നോട്ടുവെച്ചത് പന്തളം കൊട്ടാരം പ്രതിനിധിയാണ്. അംഗീകരിച്ചത് മുഖ്യമന്ത്രിയും. എന്നാൽ അതിന്റെ പേരിലും പഴി പത്മകുമാറിന്. ബോർഡ് തീരുമാനപ്രകാരം കോടതിയെ സമീപിക്കാനുള്ള നീക്കം സി.പി.എമ്മിനുള്ളിൽ കടുത്ത വിമർശനത്തിനിടയാക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി പത്മകുമാറിനെ നേരിട്ട് വിളിച്ചു അതൃപ്തി അറിയിച്ചു.

മണ്ഡല-മകരവിളക്ക് തീർത്ഥാടനം പത്മകുമാറിനു വെല്ലുവിളിയായിരുന്നു. രണ്ടു സ്ത്രീകൾ മലചവുട്ടിയതോടെ ആർക്കൊപ്പം നിൽക്കണം എന്ന ആശയക്കുഴപ്പം അദ്ദേഹത്തെ അടിമുടി ഉലച്ചു. പാർട്ടി നേതൃത്വത്തെ ഭയന്നാവണം യുവതീപ്രവേശത്തെ ന്യായീകരിച്ചോ അപലപിച്ചോ ദേവസ്വം ബോർഡ് പ്രസിഡന്റ് മുന്നോട്ടുവന്നില്ല. ശുദ്ധികലശമുൾപ്പെടെയുള്ള വിഷയങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റുമായി ആലോചിച്ചാണ് തന്ത്രി നടപ്പിലാക്കിയതെന്നുവരെ പ്രചാരണമുണ്ടായി. അത്തരം സാഹചര്യങ്ങളിൽ മൗനം വിദ്വാനു ഭൂഷണമാക്കി പത്മകുമാർ.

ഏറ്റവും ഒടുവിൽ പുനഃപരിശോധനാ ഹർജി പരിഗണിച്ച ദിവസം ദേവസ്വം ബോർഡ് സുപ്രിം കോടതിയിലെടുത്ത നിലപാടു മാറ്റം പത്മകുമാറിനെ ആകെ ഉലച്ചു. സാവകാശ ഹർജി നൽകിയ ദേവസ്വം ബോർഡുതന്നെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നു വ്യക്തമാക്കിയതോടെ പത്മകുമാറിന് പുറത്തിറങ്ങാൻ പറ്റാതായി. വിശ്വാസികളുടെ വികാരത്തിനൊപ്പം നിൽക്കുമെന്നു ആവർത്തിച്ചു പറഞ്ഞ ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയാതെയാണ് നിലപാടിൽ മാറ്റം വരുത്തിയായത്. തനിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന അണിയറ നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായാണ് പത്മകുമാർ സുപ്രിം കോടതിയിലെ നിലപാടു മാറ്റത്തെ കാണുന്നത്. ആ നീക്കത്തിന് പിന്നിൽ പാർട്ടി, ഭരണ നേതൃത്വം ഉണ്ടാകാം എന്നും അദ്ദേഹത്തിനറിയാം. ഒരേസമയം കമ്മ്യൂണിസ്റ്റു നേതാവായും ദേവസ്വം ബോർഡു പ്രസിഡന്റായും പ്രവർത്തിക്കേണ്ടി വരുന്ന ഒരാളുടെ ആത്മസംഘർഷങ്ങൾ എന്താണെന്നു പത്മകുമാറിന്റെ ശരീരഭാഷ ബോദ്ധ്യപ്പെടുത്തുന്നുണ്ട്.

വിവാദം വിട്ടൊഴിയാത്ത ഹാരിസൺ

ഹാരിസൺ ഭൂമി വിവാദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പശ്ചിമഘട്ട മലനിരകളിൽ ഹാരിസൺ മലയാളം പ്ലാന്റേഷൻ ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമിയുമായി ബന്ധപ്പെട്ടു മാറിവരുന്ന സർക്കാരുകളുടെ നടപടി വിവാദം വിതയ്ക്കാറാണ് പതിവ്. ഏകദേശം 78,000 ഏക്കർ ഭൂമിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹാരിസൺ പാട്ടക്കരാറിലൂടെ കൈവശപ്പെടുത്തിയത്. ഇതു നിയമവിരുദ്ധമാണെന്നും ഭൂപരിഷ്ക്കരണ നിയമത്തെ വെല്ലുവിളിച്ചു കൊണ്ടാണെന്നുമുള്ള ആക്ഷേപങ്ങളും നിയമപോരാട്ടങ്ങളും തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം കോടതികളിൽ നിന്നു കോടതികളിലേക്കു മാറിയതല്ലാതെ ഹാരിസൺ വിഷയത്തിൽ ശാശ്വത പരിഹാരം കാണാൻ നാളിതുവരെ സാധിച്ചില്ല.

2006ൽ അധികാരത്തിലെത്തിയ വി.എസ് അച്യുതാനന്ദൻ സർക്കാർ ഹാരിസൺ ഭൂമിക്കെതിരെ പരസ്യമായ യുദ്ധപ്രഖ്യാപനം നടത്തി. ഏതുവിധേനയും ഭൂമി സർക്കാരിന്റെ കൈവശം എത്തിക്കുക എന്ന നിലപാടുമായി വി.എസ് ബഹുദൂരം മുന്നോട്ടുപോയെങ്കിലും പാർട്ടിയും മുന്നണിയും കൂച്ചുവിലങ്ങിട്ടു.

2013 ഫെബ്രുവരി 28ന് ഹാരിസൺ കേസിൽ ഹൈക്കോടതിയുടെ സുപ്രധാന വിധിയുണ്ടായി. ഹാരിസൺ ലിമിറ്റഡ് കൈവശം വെച്ച ഭൂമി റവന്യൂ ഭൂമിയാണെന്നു ഉറപ്പുണ്ടെങ്കിൽ സർക്കാരിനോ സർക്കാർ നിയമിക്കുന്ന അധികാരിക്കോ ഭൂമി ഏറ്റെടുക്കാമെന്നു കോടതി ഉത്തരവു പുറപ്പെടുവിച്ചു.

ഇതിനെ തുടർന്നാണ്, ഭൂസംരക്ഷണ നിയമം ലംഘിച്ചെന്ന കാരണത്താൽ ഹാരിസൺ കൈവശപ്പെടുത്തിയ 78,000 ഏക്കർ ഭൂമി സ്‌പെഷ്യൽ ഓഫീസർ രാജമാണിക്യം ഏറ്റെടുത്തത്. ഈ നടപടിയും കോടതി കയറി. സ്‌പെഷ്യൽ ഓഫീസർക്കു ഭൂമി ഒഴിപ്പിച്ചെടുക്കാൻ അധികാരമില്ലെന്ന വാദം അംഗീകരിച്ച് ഹാരിസൺ ഭൂമി ഏറ്റെടുത്ത നടപടി 2018 ഏപ്രിൽ 11ന് ഹൈക്കോടതി റദ്ദാക്കി. സുപ്രിം കോടതിയിൽ സർക്കാർ അപ്പീൽ നൽകിയെങ്കിലും അനുകൂല വിധിയുണ്ടായില്ല.

ഹൈക്കോടതി വിധിയിൽ ഭൂമിയുടെ അവകാശം ആർക്കെന്നു വ്യക്തമാക്കിയിരുന്നില്ല. ഇതു വീണ്ടും നിയമപോരാട്ടത്തിന് കാരണമായി. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാൻ സർക്കാരിന് സിവിൽ കോടതിയെ സമീപിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കിയെങ്കിലും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് നയം സ്വീകരിച്ചു. ഇതാണിപ്പോൾ വീണ്ടും വിവാദമായത്.

ഹൈക്കോടതിയിൽ നിന്നു അനുകൂല വിധി വന്നതിനു പിന്നാലെ ഹാരിസൺ ചില സ്വകാര്യ വ്യക്തികൾക്കു സ്ഥലം മറിച്ചു വിൽക്കാൻ തുടങ്ങി. 205 ഏക്കർ ഭൂമി വാങ്ങിയ കൊല്ലം തെൻമലയിലെ റിയ എസ്‌റ്റേറ്റ്, ഭൂമിയിൽ പോക്കുവരവ് ചെയ്യണമെന്നു അപേക്ഷിച്ച് സർക്കാരിനെ സമീപിച്ചു. നിയമപ്രശ്നങ്ങളുണ്ടാകുമെന്നതിനാൽ വില്ലേജ് ഓഫീസർ, തഹസിൽദാർ, ജില്ലാ കളക്ടർ എന്നിവർ മേലോട്ടയച്ച ഫയൽ ഇപ്പോൾ മന്ത്രിസഭയുടെ പരിഗണനയിലാണ്. ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തത വരുന്നതു വരെ പോക്കുവരവ് ചെയ്യേണ്ടെന്ന നിലപാടിലാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും സി.പി.ഐയും. അതേസമയം പോക്കുവരവ് നടത്തിക്കൊടുക്കണം എന്ന നിലപാടിലാണ് റവന്യൂ സെക്രട്ടറിയും നിയമ സെക്രട്ടറിയും. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സിവിൽ കോടതി തീർപ്പിന് വിധേയമായി പോക്കുവരവ് ചെയ്യാമെന്നു റവന്യൂ വകുപ്പ് പറയുമ്പോഴും ഇത്തരം നടപടികളെല്ലാം ഹാരിസണിന് നിയമവഴിയിൽ സഹായകമായേക്കും. ഒരു തവണ പോക്കുവരവ് നേടിയാൽ അതു കീഴ്‌വഴക്കമായി മറ്റുപല നിയമവിരുദ്ധ കൈവശക്കാർക്കും സർക്കാരിനെ സമീപിക്കാനാകും.

ഹാരിസൺ പാട്ടക്കരാർ പ്രകാരം കൈവശം വെച്ച ഭൂമി സർക്കാരിന്റെ കൈവശമെത്താനുള്ള കടമ്പകൾ ഏറെയാണ്. എന്നാൽ കോടതികളിൽ എതിർഭാഗത്തിന് അനുകൂലമായേക്കാവുന്ന നടപടികളൊന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാൻ പാടില്ല. നാളിതുവരെ ഭൂമിയുമായി ബന്ധപ്പെട്ട കേസുകളിലെ വ്യവഹാരക്രമങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഇത്തരത്തിലുള്ള പിഴവുകളും വീഴ്ചകളും ധാരാളമുണ്ടെന്നിരിക്കെ പ്രത്യേകിച്ചും.

ഭാരമാകുന്ന ഭരണപരിഷ്ക്കാര കമ്മിഷൻ

സംസ്ഥാന സർക്കാരിന്റെ ചുവപ്പുനാടയഴിക്കുകയാണ് ഭരണപരിഷ്ക്കാര കമ്മിഷന്റെ ചുമതല. കാലാകാലങ്ങളിൽ ഈ ചുമതല നിർവഹിച്ചു പോന്നത് മുഖ്യമന്ത്രിമാരാണ്. എന്നാൽ 2016ൽ സി.പി.എമ്മിലെ ആഭ്യന്തര വിഷയങ്ങളുമായി ബന്ധപ്പെട്ട സവിശേഷമായ സാഹചര്യത്തിന്റെ സമ്മർദ്ദത്തിനൊടുവിൽ, ഒത്തുതീർപ്പുകളുടെ ഭാഗമായാണ് വി.എസ് അച്യുതാനന്ദന് കാബിനറ്റ് പദവിയോടെ ഭരണപരിഷ്ക്കാര കമ്മിഷൻ ചെയർമാൻ സ്ഥാനവും ആനുകൂല്യങ്ങളും അനുവദിച്ചത്. വി.എസ് പദവിയേറ്റെടുത്തതോടെ ഭരണപരിഷ്ക്കാര മേഖലയിൽ ക്രിയാത്മകവും ജനപക്ഷപരവുമായ നടപടികൾ പൊതുസമൂഹം പ്രതീക്ഷിച്ചു. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താണെന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ടര വർഷത്തിനിടെ നിരവധി സിറ്റിങ്ങുകൾ നടത്തി കമ്മിഷൻ സുപ്രധാനമായ മൂന്നു റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചു. സർക്കാർ നടപടികൾ ലഘൂകരിക്കാനും നൂലാമാലകൾ ഇല്ലാതാക്കാനുമാണ് ഭരണപപരിഷ്ക്കാര കമ്മിഷൻ. എന്നാൽ കമ്മിഷൻ റിപ്പോർട്ട് സർക്കാർ തുറന്നുനോക്കിയതു പോലുമില്ല. മൂന്നു റിപ്പോർട്ടുകൾ തയ്യാറാക്കി സമർപ്പിക്കാൻ കമ്മിഷൻ ചെലവ് നാലര കോടിയാണ്. ഇത്രയും തുക ചെലവഴിച്ച് കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ടിൻമേലുള്ള തുടർനടപടി എന്തെന്ന നിയമസഭാംഗങ്ങളുടെ ചോദ്യത്തിനുള്ള മറുപടി 'വിവരം ശേഖരിച്ചുവരുന്നു' എന്നുമാത്രമാണ്.

മുൻ ചീഫ് സെക്രട്ടറി സി.പി.നായർ, നീലാ ഗംഗാധരൻ എന്നിവരാണ് വി.എസിനെ കൂടാതെയുള്ള കമ്മിഷനംഗങ്ങൾ. 17 ജീവനക്കാരുണ്ട് കമ്മിഷൻ ആസ്ഥാനത്ത്. ചെയർമാന്റെത് ക്യാബിനറ്റ് പദവിയായതിനാൽ 12 ജീവനക്കാർ വേറെയും. ഇത്രയും ജീവനക്കാരുടെ ശമ്പളം, മറ്റാനുകൂല്യങ്ങൾ എന്നിവ ചേർത്ത് ഭീമമായ തുകയാണ് പ്രതിമാസം സർക്കാരിന് ചെലവാകുന്നത്. 2016 ആഗസ്ത് ആറിനാണ് വി.എസ് അച്യുതാനന്ദനെ സംസ്ഥാന ഭരണപരിഷ്ക്കാര കമ്മിഷൻ ചെയർമാനായി സർക്കാർ നിയമിച്ചത്. അലവൻസുൾപ്പെടെ ഒരു ലക്ഷത്തോളമാണ് വി.എസിന് പ്രതിമാസം സർക്കാർ ഖജനാവിൽ നിന്നു നൽകുന്നത്. സി.പി നായർക്കു പ്രതിമാസം 75,000 ലഭിക്കും. നീല ഗംഗാധരന് മാസവേതനം 37,500 ആണ്. ചീഫ് സെക്രട്ടറിക്കു തുല്യമായ പദവിയാണ് ഇരുവർക്കുമെന്നതിനാൽ യാത്രാബത്ത, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പുറമെയും ലഭിക്കും.

ആലപ്പാടിന്റെ നൂറുദിനങ്ങൾ

അതിജീവനവഴിയിൽ ആലപ്പാട് സമരം നൂറു ദിവസം പിന്നിട്ടു. ജനിച്ച മണ്ണിൽ മരിക്കണമെന്ന ന്യായമായ ആവശ്യമുന്നയിച്ച് 2018 നവംബർ ഒന്നിന് ആരംഭിച്ച ജനകീയസമരം ആവേശം ചോരാതെ മുന്നോട്ടു പോകുകയാണ്. ആലപ്പാടിന്റെ ഭൂമിശാസ്ത്രം മാറ്റിയ കരിമണൽ ഖനനം നിർത്തിവയ്ക്കുക, ഖനനം സംബന്ധിച്ച് വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തിൽ പാരിസ്ഥിതികാഘാത പഠനം നടത്തുക, ഖനനം മൂലം മാറ്റിമറിക്കപ്പെട്ട ഭൂമിയുടെ സ്വഭാവം പൂർവ്വ സ്ഥിതിയിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ചെറിയഴീക്കലിൽ നാട്ടുകാർ സമരം തുടങ്ങിയത്. ആദ്യനാളുകളിൽ ആരും തിരിഞ്ഞു നോക്കാതിരുന്ന സമരം, സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ ദേശീയ ശ്രദ്ധയിലേക്കുയർന്നു. അതുവരെ കണ്ണടച്ചിരുന്ന അധികാരികൾക്കും ആലപ്പാടേക്ക് നോക്കേണ്ടി വന്നു.

മുഖ്യമന്ത്രിയുടെയും വ്യവസായ വകുപ്പുമന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ സമരസമിതിയുമായി ചർച്ച നടന്നു. കരയില്ലാതാക്കുന്ന സീ വാഷ് താൽക്കാലികമായെങ്കിലും നിർത്തിവയ്ക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്. ജില്ലാ കളക്ടർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെട്ട സമിതി വിശദമായി പരിശോധന നടത്തി റിപ്പോർട്ടു നൽകാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാർ അനുഭാവപൂർണമായി ഇടപെടും എന്നു വ്യവസായ വകുപ്പു മന്ത്രി ഇ.പി ജയരാജൻ ആവർത്തിക്കുന്നുണ്ട്. എന്നൽ ഖനനം പൂർണ്ണമായി നിർത്തിവെയ്ക്കണം എന്ന ആവശ്യം അംഗീകരിക്കില്ലെന്നും മന്ത്രി പറയുന്നു.

ഖനനം മൂലം ആലപ്പാടിന്റെ വിസ്തൃതി നന്നേ കുറഞ്ഞുവെന്ന നാട്ടുകാരുടെ പരാതി ഭരണനേതൃത്വം തള്ളി. സുനാമി കാരണമാണ് അവിടെ കര നഷ്ടപ്പട്ടതെന്നാണ് മന്ത്രിയുടെ വാദം. സുനാമിയും, ഇടതടവില്ലാതെ യന്ത്രക്കൈകൾ തീരത്തെ മണൽ മാന്തിയെടുക്കുന്നതും നേരിൽ കാണുന്നവരുമാണ് ആലപ്പാട്ടെയും വെള്ളനാതുരുത്തിലേയും നാട്ടുകാർ. കടലെടുത്ത ഭൂമിയിൽ വർഷങ്ങൾക്കു മുമ്പ് കളിച്ചു നടന്നവരാണ് ആ നാട്ടുകാരിലേറെയും. അവരോട് ഖനനമല്ല കര നഷ്ടമാകാൻ കാരണമെന്നു പറയുന്നത് അനീതിയാണ്. വൈകിയിട്ടില്ല. സഹനസമരത്തോട് സർക്കാർ കനിവുകാട്ടണം. അവർക്കും സ്വീകാര്യമായ ഒത്തുതീർപ്പുണ്ടാക്കി ആ നാടിനെ ചേർത്തു പിടിക്കണം.

Read More >>