'രാഷ്ട്രീയ രാമന്‍' മോദിയെ രക്ഷിക്കുമോ?

സുപ്രിം കോടതി വിധി പറയാന്‍ മാറ്റിവെച്ച കേസിലാണ് സംഘപരിവാര്‍ ശക്തികള്‍ തെരുവില്‍ വിധി പറയുന്നത്. ഇത് ഭരണഘടനയോടും ജുഡീഷ്യറിയോടുമുളള വെല്ലുവിളിയാണ്.

രാഷ്ട്രീയ രാമന്‍ മോദിയെ രക്ഷിക്കുമോ?

പള്ളിയും അമ്പലവുമെല്ലാം മനുഷ്യമനസ്സിന് സമാധാനമടയാനുള്ള ശാന്തിയുടെ ഗേഹങ്ങളാണ്. പക്ഷേ, ഇവയെച്ചൊല്ലിയാണിവിടെ അസമാധാനത്തിന്റെയും കാലുഷ്യത്തിന്റെയും വിഷബീജങ്ങള്‍ വളരുന്നത്. ഇതില്‍പ്പരം മതവിരുദ്ധമായി മറ്റെന്തുണ്ട്? രാമക്ഷേത്രത്തിന്റെ പേരു പറഞ്ഞ് വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ പുതിയൊരു ഘോഷയാത്രയ്ക്കു കളമൊരുക്കുകയാണ് സംഘപരിവാര്‍. രാഷ്ട്രപിതാവ് മഹാത്മജിയുടെ വധത്തിനു ശേഷം മതനിരപേക്ഷ ഇന്ത്യ ഏറ്റവുമേറെ ദുഃഖിച്ചതും ലോകത്തിനു മുമ്പില്‍ ഏറെ പരിഹാസ്യമായതുമായ സംഭവമാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ച. നാലു നൂറ്റാണ്ടിലേറെക്കാലം മുസ് ലിംകള്‍ ആരാധന നിര്‍വ്വഹിച്ച ബാബരി മസ്ജിദ് നിയമ നീതിന്യായ സംവിധാനങ്ങളെയെല്ലാം നോക്കുകുത്തിയാക്കി 1992 ഡിസംബര്‍ ആറിന് സംഘപരിവാര്‍ കര്‍സേവകരാല്‍ തകര്‍ക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും അപലപനീയമായ രാഷ്ട്രീയ ഉപജാപമാണ് അയോദ്ധ്യയില്‍ വീണ്ടും അരങ്ങേറാന്‍ ചിലര്‍ കോപ്പു കൂട്ടുന്നത്.

ബാബരിമസ്ജിദ് നിലകൊണ്ട ഉത്തര്‍ പ്രദേശ് സംസ്ഥാനം മാത്രമാണ് അന്നു ബി .ജെ.പി ഭരിച്ചതെങ്കില്‍ ഇന്ന് ഇന്ദ്രപ്രസ്ഥവും ഭൂരിപക്ഷം സംസ്ഥാനങ്ങളും അവരുടെ കൈപ്പിടിയിലാണെന്ന വ്യത്യാസമുണ്ട്. ഇത്രയുമെല്ലാം നേടിയെടുക്കാനുള്ള മുന്നേറ്റത്തിനു അവര്‍ തുടക്കമിട്ടത് അയോ?ദ്ധ്യയെച്ചൊല്ലി സൃഷ്ടിച്ച വര്‍ഗ്ഗീയ ധ്രൂവീകരണത്തിലൂടെയാണ്. ഇന്നു രാജ്യം ഒരു പൊതു തെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍, തോറ്റുപോയേക്കുമോ എന്ന തങ്ങളുടെ ഉള്‍ഭയത്തെ മറികടക്കാന്‍ ഒരു വഴിയേ ഉള്ളൂ. ഒരിക്കല്‍ക്കൂടി വര്‍ഗ്ഗീയ ധ്രുവീകരണം ആളിക്കത്തിക്കുക. ഒപ്പം, കോടിക്കണക്കിനു ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ജീവല്‍ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ വഴിതിരിച്ചുവിടുകയും ചെയ്യാം.

പള്ളി പൊളിച്ചവര്‍ക്കു ശിക്ഷയോ പ്രശ്‌നപരിഹാരത്തിന് അന്തിമ കോടതി വിധിയോ ഉണ്ടായില്ലെങ്കിലും രാജ്യത്തെ സമാധാനവും മതമൈത്രിയും മതനിരപേക്ഷതയും തച്ചുടക്കുമാറ് ജുഡീഷ്യറിയെ പോലും വെല്ലുവിളിച്ച് കുത്സിത ചിന്തകള്‍ക്ക് വിത്തിറക്കുകയാണ് ഇവര്‍. ഇതുണ്ടാക്കുന്ന അസ്വാസ്ഥ്യം 1992 ഡിസംബര്‍ ആറിന്റെ ആവര്‍ത്തനത്തിലാണ് രാജ്യത്തെ കൊണ്ടുചെന്നെത്തിക്കുക. അതൊരു മഹാദുരന്തവും മറ്റൊരു ദേശീയ അപമാനവുമാകില്ലെന്ന് ആരു കണ്ടു? അന്ന് നരസിംഹ റാവു സര്‍ക്കാരിന്റ ഒത്താശയിലാണ് സംഘപരിവാര്‍ രാഷ്ട്രത്തിന്റെ ആത്മാവിന് തീ കൊളുത്തിയതെങ്കില്‍ ഇന്ന് പ്രധാനമന്ത്രിയും ഭരണകൂടവും അതിനു പച്ചയായി പച്ചക്കൊടി കാട്ടുകയാണ്. ഈ ഗൂഢാലോചന തിരിച്ചറിയാനും വിവേകത്തോടും നീതിബോധത്തോടെയും കൂടി സമീപിക്കാനും ബന്ധപ്പെട്ടവര്‍ക്കെല്ലാം കഴിയേണ്ടതുണ്ട്.

അയോദ്ധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന അതേ സ്ഥലത്ത രാമക്ഷേത്രം ഉടനെ പണി തുടങ്ങുക എന്നതാണല്ലോ ആവശ്യം. രാമക്ഷേത്രം ഇല്ലെങ്കില്‍ സര്‍ക്കാറും വേണ്ട എന്നേടത്തോളം പോകാന്‍ ഹിന്ദുത്വ തീവ്രവാദികള്‍ തയ്യാറാണ്. ഇനി അവര്‍ ഭരണത്തിലില്ലെങ്കിലും രാമക്ഷേത്രം തങ്ങള്‍ നിര്‍മ്മിക്കുമെന്നാണ്ടണ് ഇന്നലെ, അയോദ്ധ്യയിലെ ഭക്ത് മഹണ്ടലില്‍ ചേര്‍ന്ന ധര്‍മ്മസഭയില്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ പ്രസംഗിച്ചത്.

കേസില്‍ രാമഭക്തര്‍ക്ക് അനുകൂലമായി സുപ്രിം കോടതിയുടെ ഉത്തരവ് ഉടനുണ്ടാകണമെന്നും ലക്ഷക്കണക്കിനു സന്ന്യാസിമാരെ അണിനിരത്തിയുള്ള ധര്‍മ്മസഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഉടന്‍ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ക്ഷേത്രനിര്‍മാണം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയോ നിയമനിര്‍മാണം നടത്തുകയോ വേണം. ബാബരി ഭൂമിയില്‍ നമസ്‌കാരം പാടില്ല. ഭൂമി വിഭജിക്കരുത്. 2.77 ഏക്കര്‍ പൂര്‍ണമായും ക്ഷേത്രത്തിന് വിട്ടുനല്‍കണം. രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം. പള്ളി പൊളിച്ചവര്‍ക്ക് അമ്പലം നിര്‍മിക്കാനും അറിയാം. ഇനിയും കാത്തിരിക്കാനാവില്ല. അമ്പല നിര്‍മ്മാണത്തിനായി നിയമം കൈയിലെടുക്കാനും മടിയില്ല. കോടതിയും ഭരണഘടനയുമൊന്നും രാമനെക്കാള്‍ മുകളിലല്ല. കോടതി ഭരണഘടനയുടെ സൃഷ്ടിയാണ്. രാമനാകട്ടെ അവതാര പുരുഷനാണെന്നുമാണ് ആര്‍.എസ്.എസിന്റെയും വി.എച്ച്.പിയുടെയും നേതൃത്വത്തില്‍ അവിടെ സമ്മേളിച്ച സന്ന്യാസിമാര്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സമാനമായ മഹായോഗങ്ങള്‍ സംഘടിപ്പിക്കാനും ഡിസംബര്‍ ഒമ്പതിന് സന്ന്യാസിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനും തുടര്‍ന്ന് രാജ്യവ്യാപക പ്രക്ഷോഭം ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. അയോദ്ധ്യ കൊണ്ടുമാത്രം കാര്യങ്ങള്‍ അവസാനിക്കില്ല. കാശിയിലും മഥുരയിലും അയോദ്ധ്യ ആവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ചാണവര്‍ പിരിഞ്ഞുപോയത്.

സുപ്രിം കോടതി വിധി പറയാന്‍ മാറ്റിവെച്ച കേസിലാണ് സംഘപരിവാര്‍ ശക്തികള്‍ തെരുവില്‍ വിധി പറയുന്നത്. ഇത് ഭരണഘടനയോടും ജുഡീഷ്യറിയോടുമുളള വെല്ലുവിളിയാണ്. കോടതികള്‍ നടപ്പാക്കാന്‍ കഴിയാത്ത വിധികള്‍ പുറപ്പെടുവിക്കരുതെന്നുള്ള രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അദ്ധ്യക്ഷന്റെ പ്രസ്താവനയെ ഇതോട് ചേര്‍ത്തു വായിക്കുമ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ പുര്‍ണ്ണമാവും. അയോദ്ധ്യയും രാമനുമെല്ലാം എക്കാലത്തും ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണ്. ആ സമ്മര്‍ദ്ദ രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയാണ് പുതിയ പ്രകോപനങ്ങളെല്ലാം. നോട്ട് നിരോധം, ജി.എസ്.ടി, തൊഴിലില്ലായ്മ, റഫാല്‍ കുംഭകോണം അടക്കമുള്ള ഒട്ടനവധി രാഷ്ട്രീയ വിവാദങ്ങളില്‍നിന്നും പരാജയങ്ങളില്‍നിന്നും മുഖം രക്ഷിക്കാന്‍ 'രാഷ്ട്രീയ രാമന്‍' മോദിയെ രക്ഷിക്കുമോ എന്നതും കാത്തിരുന്നു കാണാം.

Read More >>