കോപ്പിയടി തടയാന്‍  നെറ്റ് കട്ടാക്കി  അള്‍ജീരിയ 

Published On: 2018-06-21 14:15:00.0
കോപ്പിയടി തടയാന്‍  നെറ്റ് കട്ടാക്കി  അള്‍ജീരിയ 

അള്‍ജിയേര്‍സ്: പരീക്ഷാ കാലത്ത് രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വെച്ച് അള്‍ജീരിയ. വിദ്യാര്‍ത്ഥികള്‍ തിരിമറികള്‍ നടത്താതിരിക്കാനാണ് ജൂണ്‍ 25 വരെ ഇന്റര്‍നെറ്റ് നിരോധനം. ഇതു പ്രകാരം പരീക്ഷാ സമയത്ത് മൊബൈലിലൂടെയോ മറ്റു സാങ്കേതിക ഉപകരണങ്ങളിലൂടെയോ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാവില്ല.

2016ല്‍ പരീക്ഷാ നടത്തിപ്പില്‍ വന്‍ ക്രമക്കേടുകൾ നടന്നിരുന്നു. ചോദ്യ പേപ്പര്‍ പരീക്ഷയ്ക്കു മുമ്പ് പുറത്തായതോടെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സാമൂഹിക മാദ്ധ്യമ സേവന ദാതാക്കളുടെ സഹായം തേടിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. ഇത്തവണ ഫേസ്ബുക്ക് പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പരീക്ഷാ സമയത്ത് പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി നൂരിയാ ബെന്‍ഹ്രാബ്രിറ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .

ഫേസ്ബുക്കിന് ജൂണ്‍ 20 മുതല്‍ 25 വരെയാണ് നിരോധനം. ഇതിനു പുറമേ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ 2000ത്തോളം പരീക്ഷാ ഹാളിനുള്ളില്‍ പ്രവേശിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വിലക്കുണ്ട്. ഇതിനായി മെറ്റല്‍ ഡിക്ടറ്ററുകളും സുരക്ഷാ ക്യാമറകളും മറ്റും കവാടങ്ങളില്‍ സ്ഥാപിച്ചു കഴിഞ്ഞു.

Top Stories
Share it
Top