മനുഷ്യനെ മറന്നുള്ള  സെല്‍ഫി; യുവാവിനെതിരെ കടുത്ത പ്രതിഷേധം

Published On: 2018-06-06 06:30:00.0
മനുഷ്യനെ മറന്നുള്ള  സെല്‍ഫി; യുവാവിനെതിരെ കടുത്ത പ്രതിഷേധം

റോം: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുത്ത യുവാവിനെതിരെ പ്രതിഷേധം കനക്കുന്നു.

നോര്‍ത്ത് ഇറ്റലിയിലെ പിയാസെന്‍സ റെയില്‍വേ സ്റ്റേഷനില്‍ മേയ് 26 നാണ് മനുഷ്യ മനഃസാക്ഷിയെ മുറിവേല്‍പ്പിക്കും വിധം കുപ്രസിദ്ധ സെല്‍ഫി അരങ്ങേറിയത്.

ട്രെയിനില്‍ നിന്നും തെറ്റായ ദിശയിലേക്കിറങ്ങിയ യുവതിയെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മാരകമായി പരിക്കേറ്റ ഇവര്‍ക്ക് റെയില്‍വേ അധികൃതര്‍ പ്രാഥമിക ചികിത്സ നല്‍കുന്നതിനിടെ യുവാവ് സെല്‍ഫിയെടുക്കുകയായിരുന്നു. സെല്‍ഫിയെടുക്കുന്ന യുവാവിന്റെ ദൃശ്യം മാധ്യമ പ്രവര്‍ത്തകനായ ജോര്‍ജിയോ ലാമ്പ്രി പകര്‍ത്തി റിപ്പോര്‍ട്ടു ചെയ്യുകയും സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവാവിന്റെ പ്രവര്‍ത്തിക്കെതിരെ സോഷ്യല്‍മീഡിയകളിലടക്കം ശക്തമായ പ്രതിഷേധം അരങ്ങേറുന്നത്.

യുവാവില്‍ നിന്നും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചതായും യുവാവിനെതിരെ കേസെടുത്തിട്ടില്ലെന്നും പോലിസ് ഉദ്യോഗസ്ഥനായ ഫിലിപ്പോ സോര്‍ഡി ആര്‍ക്കെല്ലി ഫോണ്ടാന പറഞ്ഞു. അപകടത്തില്‍ പെട്ട യുവതിക്ക് ഒരുകാല്‍ നഷ്ടമായതായി വാര്‍ത്തകളുണ്ട്.


Top Stories
Share it
Top