വംശനാശം വന്ന സസ്യത്തെ ശാസ്ത്രജ്ഞര്‍ വീണ്ടെടുത്ത കഥ

2010 ജനുവരി അവസാനം ഒരു ശനിയാഴ്ച. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പ്രെസിഡോ എന്ന സ്ഥലത്ത്, വാഹനങ്ങള്‍ ചീറി പാഞ്ഞു പോകുമായിരുന്ന ഹൈവേ 1 അന്ന്...

വംശനാശം വന്ന സസ്യത്തെ ശാസ്ത്രജ്ഞര്‍ വീണ്ടെടുത്ത കഥ

2010 ജനുവരി അവസാനം ഒരു ശനിയാഴ്ച. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പ്രെസിഡോ എന്ന സ്ഥലത്ത്, വാഹനങ്ങള്‍ ചീറി പാഞ്ഞു പോകുമായിരുന്ന ഹൈവേ 1 അന്ന് നിശ്ചലമായിരുന്നു, ടയറുകള്‍ ഉരഞ്ഞു ചൂട് പിടിക്കാറുള്ള റോഡ് ആ ദിവസം തണുത്തുറഞ്ഞു കിടന്നു. ഒരു സുപ്രധാന ജോലിക്കായി അന്ന് തിരക്കേറിയ ആ ഹൈവേ അടച്ചിട്ടതായിരുന്നു. ആ രാജപാതക്ക് നടുവില്‍ തുള്ളിയുടെ ആകൃതിയില്‍ ഏതാനും മീറ്ററുകള്‍ മാത്രം വിസ്താരമുള്ള കൊച്ചു ട്രാഫിക് ഐലന്‍ഡ്, അതില്‍ വളരുന്ന ഒരു കുറ്റിച്ചെടി. മാസങ്ങളായി കുറെ മനുഷ്യര്‍ നടത്തിവന്ന കഠിനധ്വാനം ഫലം കണ്ടത് അന്നാണ്. ആ കുറ്റിച്ചെടിയെ മണ്ണോടെ പിഴുത് മാറ്റിനടുകയാണ്. ഭൂമിയിലെ അവസാനത്തെ വന്യസസ്യമായ ഫ്രാന്‍സിസ്‌കണ്‍ മന്‍സാനിറ്റ (Arctostaphylos franciscana) ആണ് ആ ചെടി. കഴിഞ്ഞ അറുപത് വര്‍ഷമായി വംശ നാശം സംഭവിച്ചു എന്ന് കരുതി പോന്ന സസ്യം.

ഒരു കാലത്തു സാന്‍ ഫ്രാന്‍സിസ്‌കോ വന്യതയില്‍ സുലഭമായിരുന്ന ഒരു തനത് സസ്യ വര്‍ഗ്ഗമാണ് മന്‍സാനിറ്റ. ഒത്തിരി വ്യത്യസ്ത സ്പീഷീസുകളും ഉപ ഇനങ്ങളും ഉള്ള സസ്യം. ലോക ജൈവ വൈവിധ്യ ഹോട്ട് സ്‌പോട്ടില്‍ ഉള്‍പെട്ടിട്ടുള്ള ഒരു സുപ്രധാന മേഖലയാണ് സാന്‍ ഫ്രാന്‍സിസ്‌കോ ബേ. ഈ മേഖലയിലെ സസ്യ ശാസ്ത്ര വിശാരദ ആയിരുന്ന ആലീസ് ഈസ്റ്റ് വുഡ് തന്റെ വിഖ്യാത സസ്യശാസ്ത്ര സപര്യയില്‍ ഒത്തിരി തനത് സസ്യ ഇനങ്ങളെ ഈ മേഘലയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതില്‍ വളരെ സുപ്രധാനമായ ഒരെണ്ണം ആയിരുന്നു 1895-ല്‍ കണ്ടെത്തിയ ഫ്രാന്‍സിസ്‌കന്‍ മന്‍സാനിറ്റ. ഇതിനു ശേഷം മറ്റു രണ്ടു സ്ഥലങ്ങളില്‍ നിന്നു കൂടെ ഈ തനത് സസ്യം കണ്ടെത്തുകയുണ്ടായി. എന്നാല്‍ 1930-കളില്‍ ഈ മേഘലയില്‍ ഉണ്ടായ ദ്രുത റിയല്‍ എസ്റ്റേറ്റ് മാറ്റങ്ങള്‍ മന്‍സാനിറ്റകള്‍ വളരുന്ന സ്വാഭാവിക പരിസ്ഥിതി പാടെ തകര്‍ത്തു കളഞ്ഞു. ഇതിനിടയില്‍ മന്‍സാനിറ്റകള്‍ക്കും മറ്റു സസ്യങ്ങള്‍ക്കും നടക്കുന്ന വ്യാപക വംശ നാശത്തില്‍ ആശങ്കാകുലയായ ഈസ്റ്റ് വുഡും സംഘവും ഇവയുടെ വിത്തുകളും കമ്പുകളും ശേഖരിച്ച് പ്രദേശത്തെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വളര്‍ത്താന്‍ ഉള്ള നടപടികള്‍ കൈക്കൊള്ളുകയുണ്ടായി. എന്നാല്‍ ഇതിന് ശേഷം പിന്നീട് വന്യതയില്‍ നിന്നും ഒരൊറ്റ ഫ്രാന്‍സിസ്‌കന്‍ മന്‍സാനിറ്റ പോലും ആരും കാണുകയുണ്ടായില്ല. IUCN (International Union for Conservation of Nature) ന്റെ വംശനാശ ഭീഷണി നിലയായ വന്യതയില്‍ നാമാവശേഷമായി (Extinct in the Wild) എന്നതില്‍ ഈ സസ്യം ഉള്‍പ്പെട്ടു.

ഒരു ഫ്‌ളാഷ്ബാക്ക്

ഈ അപൂര്‍വ്വ സസ്യം എങ്ങിനെ ഹൈവേ ട്രാഫിക് ഐലന്‍ഡില്‍ എത്തി? അതിന് മുമ്പ് ഒരു ചെറിയ ഫ്‌ളാഷ് ബാക്ക്, 2009 അവസാനം ഡോയല്‍ ഡ്രൈവ് എന്ന ചെറുപാത നവീകരിച്ച് ഹൈവേ ആക്കുന്നതിനായി ഒരു മെഗാ മില്യണ്‍ ഡോളര്‍ പ്രോജക്ട് ആരംഭിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഡോയല്‍ ഡ്രൈവിനു ഇരുവശവും ഉള്ള കുറ്റിച്ചെടികളും മരങ്ങളും നീക്കം ചെയ്യുക എന്നതായിരുന്നു ആദ്യ പടി. വലിയ വുഡ് ചിപ്പറുകള്‍ എത്തിച്ചു മരങ്ങളെയും കുറ്റിച്ചെടികളെയും ചെറു കഷ്ണങ്ങളാക്കി വശങ്ങളിലേക്ക് തെറിപ്പിച്ചു വിടുന്ന പ്രവൃത്തി നടക്കുന്നു. ആ മേഖലയിലെ ചെറു കുറ്റിച്ചെടികള്‍ മുഴുവന്‍ മരപ്പൊടി ചിതറി അതിനടിയില്‍ കിടന്നു നശിക്കുന്നു. അതിനിടയില്‍ പണി വീക്ഷിക്കാന്‍ എത്തിയ ഒരു ഹൈവേ പട്രോള്‍ ഓഫീസറുടെ വാഹനം സൈഡില്‍ നിര്‍ത്തി ഇട്ടിരുന്നു. ഓഫീസറുടെ അപ്രീതിക്കു കാരണമാവണ്ട എന്നു കരുതി വുഡ് ചിപ്പര്‍ ഓപ്പറേറ്റര്‍ അവിടെ മര പൊടി തെറിക്കുന്നത് മറ്റൊരു ദിശയിലേക്ക് മാറ്റി. കഴിഞ്ഞ 6 പതിറ്റാണ്ടുകളായി വന്യതയില്‍ അപ്രത്യക്ഷമായ ഒരു സസ്യം ആ വാഹനത്തിനു മറവില്‍ ഉണ്ടായിരുന്നു എന്നത് ആ ഓപ്പറേറ്റര്‍ അറിഞ്ഞില്ല. അതെ, ഫ്രാന്‍സിസ്‌കന്‍ മന്‍സാനിറ്റയുടെ ഒരു ചെടി ആ വാഹനത്തിനു മറവില്‍ നിന്നിരുന്നു. ഡോയല്‍ ഡ്രൈവ് ആയിരക്കണക്കിന് വാഹനങ്ങള്‍ ദിനംപ്രതി കടന്നു പോകുന്ന ഹൈവേ ആയപ്പോഴും ഈ കുറ്റിച്ചെടി ഒരു കുഞ്ഞു ട്രാഫിക് ഐലന്‍ഡ് ആയി മാറി.

ആ വര്‍ഷം ഒക്ടോബര്‍ 16, ഡോയല്‍ ഡ്രൈവ് പ്രോജക്ട് നടന്നു കൊണ്ടിരിക്കുന്ന സമയം, ഉപദ്രവകാരികളായ വിദേശി സസ്യങ്ങളെ (Invasive Plant ) കണ്ടെത്തുന്ന പ്രൊജെക്ടില്‍ പ്രവൃത്തിച്ചുകൊണ്ടിരുന്ന ഡാനിയല്‍ ഗ്ലൂസെന്‍കാമ്പ് അന്നത്തെ തന്റെ യാത്ര ഡോയല്‍ ഡ്രൈവ് വഴി ആക്കി. ക്ലീന്‍ ആക്കപ്പെട്ട ഡോയല്‍ ഡ്രൈവില്‍ Invasive Plants ന്റെ സാന്നിധ്യം ഉണ്ടോ എന്നു പരിശോധിക്കുകയായിരുന്നു ലക്ഷ്യം. അതിവേഗം കാറില്‍ പോകുമ്പോള്‍ വഴിയരികില്‍ മന്‍സാനിറ്റ പോലെ തോന്നിച്ച ഒരു സസ്യം ട്രാഫിക് ഐലന്‍ഡില്‍ നില്‍ക്കുന്നത് ഗ്ലൂസെന്‍കാമ്പിന്റെ ശ്രദ്ധയില്‍ പെട്ടു. ഒറ്റ നോട്ടത്തില്‍ തന്നെ അതൊരു സാധാരണ മന്‍സാനിറ്റ അല്ലെന്ന് തോന്നിയ അദ്ദേഹം അടുത്ത ഒരു ദിവസം തന്നെ ആ സസ്യത്തെ അടുത്ത് പരിശോധിച്ചു. വന്യതയില്‍ അപ്രത്യക്ഷമായി എന്നു കരുതിയ ഫ്രാന്‍സിസ്‌കന്‍ മന്‍സാനിറ്റ തന്നെ ആണോ? സംശയം പൂണ്ട ഗ്ലൂസെന്‍കാമ്പ് ഉടനെ ഈ മേഘലയില്‍ ജോലി ചെയ്യുന്ന പ്രെസിഡിയോ ട്രസ്റ്റിലെ ലിയൂ സ്ട്രിങ്ങറെ വിളിച്ചു. താമസിയാതെ സ്ട്രിങ്ങറും ആദേഹത്തിന്റെ സഹപ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചു, ഗ്ലൂസെന്‍കാമ്പിന്റെ സംശയം അവരും പങ്കിട്ടു. ഉറപ്പിക്കാന്‍ തനത് മന്‍സാനിറ്റ സ്‌പെഷീസിലെ വിദഗ്ദ്ധര്‍ ആയ San Francisco State University യിലെ Mike Vasey യും Tom Parker നേയും വിളിച്ചു വരുത്തി. ഉടന്‍ സ്ഥലം സന്ദര്‍ശിച്ച അവരും ഉറപ്പിച്ചു, നഷ്ടപ്പെട്ടു എന്നു കരുതിയ ഫ്രാന്‍സിസ്‌കന്‍ മന്‍സാനിറ്റ തന്നെ.

ഹൈവേ പണിയുടെ കരാറുകാരന്‍ കാള്‍ട്രാന്‍സ് എന്ന കമ്പനിയിലെ എന്‍ജിനീയര്‍മാരെ സംഘം ഉടന്‍ കാര്യം അറിയിച്ചു. എന്നാല്‍ ഉടനെ പൊളിച്ചു മാറ്റാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ആണ് അതെന്നായിരുന്നു മറുപടി. എന്നാല്‍, വിഷയത്തിന്റെ വ്യാപ്തി മനസിലാക്കിയ എന്‍ജിനീയര്‍മാര്‍ അവിടത്തെ പണി തല്‍ക്കാലത്തേക്ക് നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു. ഉന്നത അധികാരികളിലേക്ക് ഉടന്‍ വിവരങ്ങള്‍ എത്തിച്ചു. സത്വര നടപടിക്കായി കാള്‍ട്രാന്‍സ് ലെയും അമേരിക്കന്‍ നാഷണല്‍ പാര്‍ക്ക് സര്‍വീസിലെയും മറ്റു ബന്ധപ്പെട്ട വകുപ്പുകളിലെയും അധികാരികളെ ഉള്‍പ്പെടുത്തി ഒരു കമ്മറ്റിയെ ചുമതലപ്പെടുത്തി. ഉണര്‍ന്നു പ്രവര്‍ത്തിച്ച പ്രസ്തുത കമ്മറ്റി ഈ മന്‍സാനിറ്റ സസ്യത്തെ സംരക്ഷിക്കാനുള്ള കര്‍മ്മ പദ്ധതി ഒരു കൂട്ടം ജീവ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ തയ്യാറാക്കി. മൂന്നു വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ ഈ ടീം മുന്നോട്ട് വെച്ചു. ഒന്ന് ആ സസ്യത്തെ അവിടെ തന്നെ പ്രത്യേക സംവിധാനങ്ങള്‍ കൊടുത്തു സംരക്ഷിച്ചു നിര്‍ത്തുക. രണ്ട് അടുത്തുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് മാറ്റുക, മൂന്ന് ഏതെങ്കിലും സംരക്ഷിത വന മേഖലയിലേക്ക് മാറ്റുക.

ഇതില്‍ ആദ്യത്തെ മാര്‍ഗ്ഗം ഉടന്‍ തന്നെ നിരാകരിക്കപ്പെട്ടു, ദിവസവും ലക്ഷ കണക്കിന് വാഹനങ്ങള്‍ ചീറി പായുന്ന ഹൈവേ 1 നു മധ്യത്തില്‍, നിലനില്‍ക്കാന്‍ പ്രത്യേക ആവാസ വ്യവസ്ഥ ആവശ്യമുള്ള മന്‍സാനിറ്റ അധിക കാലം ഉണ്ടാവില്ല. മറ്റൊരു ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് മാറ്റുക എന്ന രണ്ടാമത്തെ വഴി തിരഞ്ഞെടുത്താല്‍ ഈ മന്‍സാനിറ്റ വീണ്ടും വന്യതയില്‍ വംശനാശം വന്നു എന്ന നിലയിലേക്ക് പോകും. കാട്ടില്‍ കഴിയുന്ന കടുവയെ മൃഗശാലയില്‍ അടക്കുന്ന അവസ്ഥ. അതും ഒഴിവാക്കപ്പെട്ടു. മറ്റൊരു സംരക്ഷിത വന മേഖലയിലേക്ക് മാറ്റുക എന്ന മൂന്നാമത്തെ മാര്‍ഗം സ്വീകരിക്കപ്പെട്ടു.

പറയുന്നതുപോലെ അത്ര എളുപ്പമല്ല കാര്യങ്ങള്‍. വലിയ ഒരു കുറ്റിച്ചെടി വേരോടെ, അത് നില്‍ക്കുന്ന മണ്ണോടെ മറ്റൊരിടത്തേക്ക് പറിച്ചു നടുക. ഏറെ അധ്വാനവും വ്യക്തമായ പ്ലാനിംഗും ആവശ്യമായ പ്രവൃത്തി. ഇത്തരം ഒരു പറിച്ചു നടലിന് ശേഷം സസ്യം ജീവനോടെ ബാക്കി കാണുമോ എന്നു തന്നെ സംശയം. ദൗര്‍ഭാഗ്യവശാല്‍ അങ്ങനെ എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യതയും ചെറുതല്ല. അതിനാല്‍ തന്നെ അവസാന വന്യ മന്‍സാനിറ്റയുടെ കമ്പുകളും വിത്തുകളും വിവിധ ഗവേഷകര്‍ ശേഖരിച്ച് സംരക്ഷിക്കാന്‍ നടപടി എടുത്തു. വിത്തുകള്‍ ദീര്‍ഘ കാല ശേഖരത്തിലേക്ക് മാറ്റി. വിത്ത് വീണു കിടക്കുന്ന മേല്‍ മണ്ണ് ശേഖരിച്ചു സൂക്ഷിച്ചു.

വേരുകളില്‍ മണ്ണിലെ പൂപ്പലുകളും (Mycorhiza) മറ്റു സൂക്ഷ്മജീവികളുമായി സഹജീവനം നടത്തുന്ന മന്‍സാനിറ്റ ഈ സൂക്ഷ്മ ജീവികള്‍ ഉള്ള മണ്ണിലേ നിലനില്‍ക്കൂ. അതിനാല്‍ തന്നെ സൂക്ഷ്മ ജീവികള്‍ അടക്കം മണ്ണിനെ ശേഖരിച്ചു വേണ്ട രീതിയില്‍ സൂക്ഷിച്ചു. പറിച്ചു നടാനുള്ള സ്ഥലം എവിടെ വേണം എന്ന് വിശദമായ പഠനം നടന്നു. സാധ്യമായ സ്ഥങ്ങളില്‍ മണ്ണിന്റെ ഘടന, സൂക്ഷ്മ ജീവി സാന്നിധ്യം, സൂക്ഷ്മ കാലാവസ്ഥ എല്ലാം പഠന വിധേയമാക്കി ഏറ്റവും അനുയോജ്യസ്ഥലം കണ്ടെത്തി. പറിച്ചു നടലിന് രണ്ടാഴ്ച മുന്നേ തന്നെ അനുയോജ്യമായ വലിയ കുഴി നടീലിന് സജ്ജമാക്കി.

ചെടിക്ക് നാലു പാടും ആഴത്തില്‍ ചാലുകള്‍ കുഴിച്ചു,അടിയിലൂടെ സ്റ്റീല്‍ പൈപ്പുകള്‍ കയറ്റി. ഇത് വഴി ചെടിയുടെ വേരുകളും മണ്ണും തമ്മില്‍ ഉള്ള ബന്ധം ഉലയാതെ സൂക്ഷിക്കാന്‍ കഴിയും. ഒപ്പമെത്തിയ കനത്ത മഴ നേരിടാന്‍ വലിയ ഒരു ടെന്റ് ചെടിക്ക് ചുറ്റും സ്ഥാപിച്ചു. കാറ്റില്‍ ടെന്റ് പറന്നു പോകാതിരിക്കാന്‍ ഹൈവേ കൊണ്ട്രാക്ടറുടെ ഒരു ജീവനക്കാരന്‍ രാത്രി ടെന്റിനുള്ളില്‍ കാവലിരുന്നു. ചാലുകള്‍ക്കു ചുറ്റും കമ്പികള്‍ ഉപയോഗിച്ചു മണ്ണിനെ കെട്ടി വരിഞ്ഞു. ഇതിനെ വലിയ സ്റ്റീല്‍ ബാറുകളുമായി ബന്ധിപ്പിച്ചു നിര്‍ത്തി.

പിറ്റെദിനം, അതിരാവിലെ മഴ കുറഞ്ഞു. പത്തു ടണ്‍ ഭാരം വഹിക്കാന്‍ ശേഷി ഉള്ള വലിയ ട്രക്കില്‍ ക്രൈന്‍ ഉപയോഗിച്ചു മണ്ണോടെ മന്‍സാനിറ്റയെ കയറ്റി. ഹൈവേ പെട്രോള്‍ പോലീസിന്റെ അകമ്പടിയോടെ ഏകദേശം ഒരു മൈല്‍ അകലെ പ്രെസിഡോയിലെ നടീല്‍ സ്ഥാനത്ത് ട്രക്കില്‍ എത്തിച്ചു. പരിക്കുകളില്ലാതെ ലക്ഷ്യ സ്ഥാനത്ത് നടാന്‍ ഈ പരിശ്രമത്തിന് ആയി. പിന്നീട് 10 ദിവസത്തേക്ക് ദിവസവും മന്‍സാനിറ്റ സസ്യ ശാസ്ത്രജ്ഞരുടെ തീവ്ര പരിചരണത്തില്‍ ആയിരുന്നു. അത് കഴിഞ്ഞു ആഴ്ച്ചയില്‍ ഒരു പ്രാവശ്യം എന്ന നിലയില്‍ മന്‍സാനിറ്റയെ സന്ദര്‍ശിച്ചു മറ്റു ചെടികളെ നീക്കം ചെയ്യുകയും ഉണങ്ങിയ കമ്പുകള്‍ മുറിച്ചു മാറ്റി മന്‍സാനിറ്റയെ ആരോഗ്യത്തോടെ സംഘം നില നിര്‍ത്തി.

ഒട്ടേറെ പ്രകൃതി സ്‌നേഹികളുടെയും ഉദ്യോഗസ്ഥരുടെയും ശാസ്ത്രജ്ഞരുടെയും സംയോജിത പ്രവര്‍ത്തനം മൂലം ഫ്രാന്‍സിസ്‌കന്‍ മന്‍സാനിറ്റ എന്ന സസ്യം ഇന്നും വന്യതയില്‍ ജീവനോടെ നിലനിക്കുന്നു.

അവലംബം: Gluesenkamp, Daniel, Michael Chassé, Mark Frey, V. Thomas Parker, M. Vasey, and Betty Young. 'Back from the brink: A second chance at discovery and conservation of the Franciscan Manzanita.' Fremontia 38 (2011): 3-17.

Story by
Next Story
Read More >>