ചേരമാന്‍ മസ്ജിദില്‍ അന്തിയുറങ്ങണം, ടി.എന്‍.ജോയുടെ കത്ത് വൈറലാകുന്നു!

നോക്കൂ! മൗലവീ, ജനനം 'തിരഞ്ഞെടുക്കുവാന്‍' നമുക്ക് അവസരം ലഭിക്കുന്നില്ല. മരണവും മരണാനന്തരവും നമ്മുടെ ഇഷ്ടത്തിനു നടക്കുന്നതല്ലേ ശരി? എന്റെ ഈ അത്യാഗ്രഹത്തിന് മതപരമായ ന്യായങ്ങള്‍ കണ്ടെത്തുവാന്‍ പണ്ഡിതനായ നിങ്ങള്‍ക്ക് കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. ഇങ്ങിനെ ഒരു ജോയിയുടെ സൃഷ്ടികൊണ്ട് കാരുണ്യവാനായ ദൈവം എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാവില്ലേ?

ചേരമാന്‍ മസ്ജിദില്‍ അന്തിയുറങ്ങണം, ടി.എന്‍.ജോയുടെ കത്ത് വൈറലാകുന്നു!

കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ നക്‌സല്‍ നേതാവും ദാര്‍ശനികനുമായ ടി.എന്‍ ജോയ് കൊടുങ്ങല്ലൂരിലെ മുസ്ലീം പണ്ഡിതന്‍ സുലൈമാന്‍ മൗലവിക്ക് എഴുതിയ കത്ത് സമൂഹമാദ്ധ്യങ്ങളില്‍ വൈറലാകുകയാണ്. താന്‍ വിശ്വാസിയല്ല, പക്ഷെ വിശ്വാസങ്ങളുടെ വൈവിദ്ധ്യത്തില്‍ വിശ്വാസമുണ്ട്. എനിക്ക് മരണാനന്തരം ചേരമാന്‍ മസ്ജിദില്‍ അന്തിയുറങ്ങണം. ഈ ആഗ്രഹം പ്രകടിപ്പിച്ച് 2013 ഡിസംബറിലാണ് ജോയ് കത്തയച്ചത്. അതിനുശേഷം 2015 ല്‍ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു.

കത്തിന്റെ പൂര്‍ണ്ണരൂപം:

പ്രിയപ്പെട്ട സുലൈമാന്‍ മൗലവിക്ക്,

വിചിത്രമെന്ന് തോന്നാവുന്ന ഒരു ആവശ്യമാണ് നിങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നത്. ഞാനൊരു വിശ്വാസിയൊന്നുമല്ല. വിശ്വാസങ്ങളുടെ വൈവിധ്യഭംഗിയിലാണ് ഒരുപക്ഷേ എന്റെ വിശ്വാസം. ജീവിതത്തിലുടനീളം എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ എന്നും മുസ്ലിംകളായിരുന്നു; ഇപ്പോഴും !

ഞാന്‍ മരിക്കുമ്പോള്‍ എന്നെ ചേരമാന്‍ പള്ളിയുടെ വളപ്പില്‍ സംസ്‌കരിക്കുവാന്‍ കഴിയുമോ?

നോക്കൂ! മൗലവീ, ജനനം 'തിരഞ്ഞെടുക്കുവാന്‍' നമുക്ക് അവസരം ലഭിക്കുന്നില്ല. മരണവും മരണാനന്തരവും നമ്മുടെ ഇഷ്ടത്തിനു നടക്കുന്നതല്ലേ ശരി?

എന്റെ ഈ അത്യാഗ്രഹത്തിന് മതപരമായ ന്യായങ്ങള്‍ കണ്ടെത്തുവാന്‍ പണ്ഡിതനായ നിങ്ങള്‍ക്ക് കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. ഇങ്ങിനെ ഒരു ജോയിയുടെ സൃഷ്ടികൊണ്ട് കാരുണ്യവാനായ ദൈവം എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാവില്ലേ?

ജനിച്ച ഈഴവജാതിയുടെ ജാതിബോധം തീണ്ടാതിരിക്കുവാനാണ് അച്ഛന്‍ എന്നെ മടിയില്‍ കിടത്തി അന്ന് 'ജോയ്' എന്ന് പേരിട്ടത്. ബാബരിപള്ളി തകര്‍ക്കലിനും ഗുജറാത്ത് വംശഹത്യക്കും ശേഷം എന്റെ സുഹൃത്തുക്കളുടെ സമുദായം 'മാത്രം' സഹിക്കുന്ന വിവേചനങ്ങളില്‍ ഞാന്‍ അസ്വസ്ഥനാണ്. ഇതിനെതിരായ 'മുസ്ലിം സാഹോദര്യങ്ങളുടെ' പ്രതിഷേധത്തില്‍ ഞാന്‍ അവരോടൊപ്പമാണ്.

മുസ്ലിം സമുദായത്തിലെ അനേകരോടൊപ്പം എന്റെ ഭൗതികശരീരവും മറവുചെയ്യണമെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍,

പിന്നില്‍ ആരവങ്ങളൊന്നുമില്ലാത്ത ഒരു ദുര്‍ബലന്റെ പിടച്ചിലില്‍ മൗലവി എന്നോടൊപ്പമുണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് ഏതാണ്ടുറപ്പാണ്.

നിര്‍ത്തട്ടെ,

സ്നേഹത്തോടെ,

സ്വന്തം കൈപ്പടയില്‍

ടി എന്‍ ജോയ്

മുസ്രിസ്സ്. ഡിസം. 13/ 2013

(ഒപ്പ്)

Read More >>