'ഇരയായ പെണ്‍കുട്ടിക്കായി മാത്രമല്ല ഡബ്ല്യൂ.സി.സി '

" പുറമെ നിന്നും ഡബ്ല്യൂ.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമായിരുന്നു. കസബ സിനിമാ പരാമര്‍ശവുമായി പാര്‍വ്വതി വേട്ടയാടപ്പെട്ട സമയത്താണ് സഹോദരിയായ പാര്‍വ്വതിയുടെ ഫേസ്ബുക്ക് പേജിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. അവളാണ് ഉത്തരവാദിത്വം ഏല്‍ക്കാമോ എന്ന് ആവശ്യപ്പെട്ടത്. പേജിലെ അശ്ലീല കമന്റുകള്‍ ഒഴിവാക്കാനാണ് ആദ്യം ശ്രമിച്ചത്. പാര്‍വ്വതി വഴിയാണ് സംഘടനയിലെത്തുന്നത്. അഡ്മിന്‍ ഞാനാണെങ്കിലും ഓരോ കുറിപ്പുകള്‍ പോലും അംഗങ്ങളുടെ കൂട്ടായ തീരുമാനശേഷമാണ് പ്രസിദ്ധീകരിക്കാറ്. " ഡബ്ല്യൂ.സി.സി ഫേസ്ബുക്ക് പേജ് അഡ്മിനും നടി പാര്‍വ്വതിയുടെ സഹോദരിയുമായ സംഗീതയുമായി അഭിമുഖം

ഇരയായ പെണ്‍കുട്ടിക്കായി മാത്രമല്ല ഡബ്ല്യൂ.സി.സി സംഗീത ജനചന്ദ്രന്‍

കൊച്ചി : സമൂഹമാദ്ധ്യമങ്ങളുടെ വെര്‍ബല്‍ റേപ്പിനിരയായെന്നു വെളിപ്പെടുത്തിയയാളാണ് ഡബ്ല്യൂ.സി.സി ഫേസ്ബുക്ക് പേജ് അഡ്മിനും നടി പാര്‍വ്വതിയുടെ സഹോദരിയുമായ സംഗീത ജനചന്ദ്രന്‍. ദുബൈയിലെ ജോലിക്കു വിശ്രമം നല്‍കി കേരളത്തിലെത്തിയ സംഗീതക്കു നേരിടേണ്ടി വന്നത് ഓണ്‍ലൈന്‍ അക്രമണമാണ്. സംഗീത തല്‍സമയത്തോട് മനസ്സു തുറന്നപ്പോള്‍.


*വിമന്‍സ് കളക്ടീവ് ഇന്‍ സിനിമ (ഡബ്ല്യൂ.സി.സി.)യിലേക്കെത്തുന്നത്

ഡബ്ല്യൂ.സി.സിയിലേക്കെത്തുന്നത് വളരെ അവിചാരിതമായാണ്. 8 വര്‍ഷമായി ബ്രാന്‍ഡ് കമ്മ്യൂണിക്കേഷന്‍ രംഗത്ത് ദുബൈയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പി.എച്ച്.ഡി സംബന്ധമായാണ് കേരളത്തിലെത്തുന്നത്. പുറമെ നിന്നും ഡബ്ല്യൂ.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമായിരുന്നു. കസബ സിനിമാ പരാമര്‍ശവുമായി പാര്‍വ്വതി വേട്ടയാടപ്പെട്ട സമയത്താണ് സഹോദരിയായ പാര്‍വ്വതിയുടെ ഫേസ്ബുക്ക് പേജിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. അവളാണ് ഉത്തരവാദിത്വം ഏല്‍ക്കാമോ എന്ന് ആവശ്യപ്പെട്ടത്. പേജിലെ അശ്ലീല കമന്റുകള്‍ ഒഴിവാക്കാനാണ് ആദ്യം ശ്രമിച്ചത്. പാര്‍വ്വതി വഴിയാണ് സംഘടനയിലെത്തുന്നത്. അഡ്മിന്‍ ഞാനാണെങ്കിലും ഓരോ കുറിപ്പുകള്‍ പോലും അംഗങ്ങളുടെ കൂട്ടായ തീരുമാനശേഷമാണ് പ്രസിദ്ധീകരിക്കാറ്.

*നിരവധി വിമര്‍ശനങ്ങളാണ് നാള്‍ക്കുനാള്‍ ഡബ്ല്യൂ.സി.സി പേജിലെത്തുന്നത്. പലപ്പോഴും ഇതില്‍ അശ്ലീലമുള്‍പ്പടെ കലരുന്നുണ്ടെല്ലാ ?

എന്തെങ്കിലും പറയണമെല്ലാ എന്നു കരുതിമാത്രമാണ് ആളുകള്‍ വിമര്‍ശിക്കുന്നതെന്നു തോന്നാറുണ്ട്. സത്യസന്ധമായ വിമര്‍ശനങ്ങളല്ല അവയൊന്നും. ആധികാരികമായ കമന്റുകള്‍ സംഘടനാ നേതൃത്വത്തിലെത്തിക്കാന്‍ ശ്രമിക്കാറുണ്ട്. പേജില്‍ പല അശ്ലീല വാക്കുകളും ഫില്‍ട്ടര്‍ ചെയ്തിട്ടുണ്ട്. മോശമായ പദപ്രയോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനാലാണ് ഇങ്ങനെ ചെയ്തത്. ആളുകളുടെ ഭാഗത്തു നിന്നുമുള്ള ഇത്തരത്തിലുള്ള മോശം പെരുമാറ്റം മൂലം ജോലി സമയത്തില്‍ പാതിയും ഇതിനുവേണ്ടി ഉപയോഗിക്കേണ്ടി വരുന്നു. വളരെ നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കേണ്ട സമയമാണ് ഇത്തരത്തില്‍ നശിച്ചു പോകുന്നത് എന്നോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. ജോലി ഇതായതിനാല്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പഠനങ്ങള്‍ നടത്തുന്നയാളാണ് ഞാന്‍. ആളുകള്‍ വൈകാരികമായാണ് സംസാരിക്കുന്നത്. ഓരോ ആളുകളും വ്യക്തികളാണ്. അത് പലപ്പോഴും ആളുകള്‍ മനസ്സിലാക്കുന്നില്ല. വ്യക്തമായി അറിയുക പോലുമില്ലാത്ത കാര്യത്തെപ്പറ്റി ആളുകള്‍ കുറ്റം പറയുന്നു. ആളുകളുടെ നിരാശയും പിന്നോക്ക മനസ്ഥിതിയും പങ്കുവെക്കാനുള്ള വേദിയായി സമൂഹമാദ്ധ്യമങ്ങള്‍ മാറുന്നു. സ്ത്രീകളെ ആരാധിക്കുന്ന രാജ്യത്ത് അവരെ അപമാനിക്കാനുള്ളൊരു വേദിയായി സമൂഹമാദ്ധ്യമങ്ങള്‍ മാറുന്നത് വളരയേറെ ദുഃഖിപ്പിക്കുന്നു. വാക്കുകളിലൂടെയാണെങ്കിലും, ശാരീരികമാണെങ്കിലും, മാനസ്സികമാണെങ്കിലും ചൂഷണം ഒരുപോലെയാണ്.

*സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ സിനിമാ താരങ്ങള്‍ ?

സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഏതെങ്കിലും നടന്മാരുണ്ടെന്നു കരുതുന്നില്ല. പീഡനത്തിനിരയായ പെണ്‍കുട്ടിക്കു വേണ്ടി പിറന്ന സംഘടനയാണിത്. എന്നാല്‍ അതിനു വേണ്ടിമാത്രമല്ല സംഘടന നിലകൊള്ളുന്നത്. മറിച്ച് സിനിമാ മേഖലയില്‍ സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങളാണ് സംഘടന മുന്നോട്ടു വെക്കുന്നത്. വലിയ താരങ്ങള്‍ക്കായിരിക്കും കാരവാന്‍ പോലുള്ള സൗകര്യങ്ങളുണ്ടാവുക. ബാക്കിയുള്ള ആളുകള്‍ക്കും ആവശ്യങ്ങളുണ്ടെന്നു ആരും മനസ്സിലാക്കുന്നില്ല. പ്രതിഫലത്തില്‍ പോലും വൈരുദ്ധ്യമാണ്. സ്ത്രീകള്‍ക്ക് ഒരു പ്രശ്‌നമുണ്ടെങ്കില്‍ പരാതിപ്പെടാനുള്ള അവസ്ഥ പോലും നിലനില്‍ക്കുന്നില്ല. ഇരയാക്കപ്പെട്ടയാള്‍ക്കു വേണ്ടി മാത്രമല്ല സംഘടന.


*അര്‍ച്ചന പദ്മിനിയുടെ വെളിപ്പെടുത്തല്‍ ?

അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍ അവളുടെ സ്വകാര്യമായ കാര്യമാണ്. കഴിഞ്ഞ ദിവസമാണ് ആ കുട്ടിയെ നേരിട്ടു കാണുന്നതു പോലും. പറഞ്ഞതിനു പിന്നില്‍ എന്തെങ്കിലും ഉണ്ടായിട്ടായിരിക്കണം അവള്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. മോശമായ അനുഭവം പുറത്തു പറയാന്‍ അര്‍ച്ചന കാണിച്ച ധൈര്യത്തെ വളരെയേറ അഭിനന്ദിക്കുന്നു. ഞാന്‍ പോലും പത്രസമ്മേളനത്തിലെത്തിയത് ജോലി സംബന്ധമായാണ്. എന്നാല്‍ സംഘടനാ അംഗങ്ങള്‍ എന്തൊക്കയോ മറച്ചു വെക്കുന്ന രീതിയിലാണ് പലരും പെരുമാറിയത്. എത്ര ബുദ്ധിമുട്ടിയാണ് ന്യായമായ കാര്യങ്ങള്‍ പറയുന്നതെന്നു ആരും തന്നെ മനസ്സിലാക്കുന്നില്ല. ഡബ്ല്യൂ.സി.സിയുടെ മീറ്റിങ്ങിന്റെ സ്ഥിതി വിശദീകരിക്കാനായിരുന്നു അംഗങ്ങള്‍ എത്തിയത്.

*രേവതിയുടെ വെളിപ്പെടുത്തലിനേപ്പറ്റി

രേവതി ചേച്ചിയുടെ പരാമര്‍ശം സംബന്ധിച്ചു വ്യക്തമായ മൊഴി ഔദ്യോഗിക വൃത്തങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്. പ്രസക്തിയുള്ള വളരെയേറ കാര്യങ്ങള്‍ അവിടെ സംസാരിച്ചു. എന്നാല്‍ അതൊന്നും ആരും ചര്‍ച്ച ചെയ്യുന്നില്ല. എല്ലാവരും വിവാദം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

*പാര്‍വ്വതിയുടെ അവസരങ്ങളെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ബാധിക്കുമോ?

ഞാന്‍ അവള്‍ക്കൊപ്പമാണ്. എല്ലായാളുകള്‍ക്കും അവരുടേതായ ശരികളുണ്ട്. പാര്‍വ്വതിയുടെ കഴിവില്‍ വിശ്വസിക്കുന്ന ആളുകള്‍ അനവധിയുണ്ട്. ഏതെങ്കിലും ഒരു താരം വിചാരിച്ചാല്‍ സിനിമയില്‍ നിന്നും പാര്‍വ്വതിയെ നീക്കം ചെയ്യാന്‍ സാധിക്കുമെന്നു കരുതുന്നില്ല. സഹോദരിയായതിനാല്‍

പലയാളുകളും പാര്‍വ്വതിയോട് ഇങ്ങനെയൊന്നും ചെയ്യരുതെന്ന് പറയാന്‍ ആവശ്യപ്പെടുമായിരുന്നു. സിനിമാ മേഖലയില്‍ ആരും പാര്‍വ്വതിയുടെ തീരുമാനങ്ങളില്‍ ഇടപെടാറുണ്ടോ എന്നറിയില്ല.


*ഇനിയും മീടൂ?

ചൂഷണത്തിനു ഇരയായിട്ടുള്ള പലയാളുകളേയും അടുത്തറിയാം. എന്നാല്‍ അവരെയാരേയും പുറത്തു പറയണമെന്നു നിര്‍ബന്ധിക്കാന്‍ സാദ്ധ്യമല്ല. അത് അവരുടെ സ്വാതന്ത്രമാണ്. എന്ത് പറയണമെന്നും ചെയ്യണമെന്നും അവര്‍ക്കു തന്നെ തീരുമാനിക്കാനുള്ള അവകാശമുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ മറ്റൊരാള്‍ക്കു വേണ്ടി സംസാരിക്കാന്‍ സാദ്ധ്യമല്ല. ഇനിയും മീടൂ വെളിപ്പെടുത്തലുകള്‍ ഉണ്ടാവുമോ എന്നറിയില്ല.

Sangeetha @ Punarvaayana' - One year of WCC !