55 വര്‍ഷത്തിന് ശേഷം ഏഷ്യന്‍കപ്പില്‍ വിജയത്തിനായി ഇന്ത്യ ഇന്നിറങ്ങും

അബുദാബി: എ.എഫ്.സി ഏഷ്യന്‍കപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം ഇന്ന്. അബുദാബിയിലെ അല്‍- നഹ്യാന്‍ മൈതാനത്ത് നടക്കുന്ന പോരാട്ടത്തില്‍ തായലാന്റാണ്...

55 വര്‍ഷത്തിന് ശേഷം ഏഷ്യന്‍കപ്പില്‍ വിജയത്തിനായി ഇന്ത്യ ഇന്നിറങ്ങും

അബുദാബി: എ.എഫ്.സി ഏഷ്യന്‍കപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം ഇന്ന്. അബുദാബിയിലെ അല്‍- നഹ്യാന്‍ മൈതാനത്ത് നടക്കുന്ന പോരാട്ടത്തില്‍ തായലാന്റാണ് ഇന്ത്യയുടെ എതിരാളി. രാത്രി 7 മണിക്ക് നടക്കുന്ന മത്സരം സ്റ്റാര്‍സ്‌പോര്‍ട്‌സില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

രണ്ടാം സ്ഥാനം നേടിയ 1964 ലെ ടൂര്‍ണമെന്റിന് ശേഷം ഇന്ത്യയ്ക്ക് ഏഷ്യന്‍ കപ്പില്‍ ഒരു വിജയം നേടാനായിട്ടില്ല. 1984 ലെ ടൂര്‍ണമെന്റില്‍ ഒരു സമനില നേടിയതൊഴിച്ചാല്‍ മറ്റൊല്ലാ മത്സരങ്ങളിലും തോല്‍വിയായിരുന്നു ഫലം. 2011ല്‍ മൂന്ന് തോല്‍വിയുമായാണ് ഇന്ത്യ മടങ്ങിയത്. എന്നാല്‍ പഴയ ഇന്ത്യയല്ല ഇന്ന്.

യുവത്വവും പരിചയ സമ്പന്നരും ഒരുമിക്കുന്ന ടീമാണ് യു.എ.ഇയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ മത്സര ഫലങ്ങളും ഇന്ത്യയ്ക്ക് ടൂര്‍ണമെന്റില്‍ പ്രതീക്ഷ നല്‍കുന്നു. ഗോള്‍ വഴങ്ങാത്ത പ്രതിരോധമാണ് ഇന്ത്യയ്ക്ക എടുത്തു കാണിക്കാവുന്ന ശക്തി. ഒപ്പം ചോരാത്ത കൈകളുമായി ഗുര്‍പ്രീത് സിങ് സന്ധുവും. സൗഹൃദ മത്സരത്തില്‍ ശക്തരായ ചൈനയെ ഗോള്‍ രഹിത സമനിലയില്‍ തളയ്ക്കാന്‍ ഇന്ത്യയ്ക്കായി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒമാനെയും ഇന്ത്യന്‍ പ്രതിരോധം ഗോളടിക്കാന്‍ അനുവദിച്ചില്ല. ജിംഗാനും അനസിനുമൊപ്പം വലതുവിങില്‍ പ്രിതംകോട്ടാലും ഇടത് സുഭാഷിശ് ബോസിനുമാണ് സാദ്ധ്യത. യുവത്വവും വേഗതയമുള്ള മദ്ധ്യനിരയാണ് ഇന്ത്യയുടെ ശക്തി. ആഷിക് കരുണിയന്‍, അനിരുദ് ഥാപ, ഉദാന്ത സിങ്, ഹോളിചരന്‍ നസ്രി, ജാക്കിചാന്ദ് സിങ് തുടങ്ങിയ യുവനിരയാണ് മദ്ധ്യനിരയില്‍. മുന്നേറ്റത്തില്‍ ജെജെ തിളങ്ങിയാല്‍ ഇന്ത്യയ്ക്ക് പേടിക്കാനില്ല. ഐ.എസ്.എല്ലില്‍ ചെന്നൈയന്‍ താരമായ ജെജെയ്ക്ക് ഒരു ഗോള്‍ പോലും നേടാനായിട്ടില്ല. ജെജെയ്‌ക്കൊപ്പം മുന്നേറ്റത്തില്‍ ഛേത്രിയുമുണ്ടാകും.


റാങ്കിഗില്‍ ഇന്ത്യയെക്കാള്‍ പിന്നിലുള്ള തായലാന്റിന്റെ മുന്നേറ്റത്തെയാണ് ഇന്ത്യ പേടിക്കേണ്ടത്. തായലാന്റ് ലീഗിലും ജപ്പാന്‍ ജെ ലീഗിലും കളിക്കുന്ന താരങ്ങളാണ് തായാലാന്റിന്റെ മുന്നേറ്റത്തില്‍. എ.എഫ്.എഫ് കപ്പില്‍ സെമിയില്‍ തോറ്റ തായ് ടീമിന്റെ അദിസാക് ക്രൈസ്രോണായിരുന്നു ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. താരത്തെ മുന്‍നിര്‍ത്തിയാകും തായ്‌ലാന്റ് ആക്രമണം. ജെ ലീഗിലെ താരങ്ങളായ ടെറാസില്‍ ദംഗ്ദ, ചനാതിപ് സോങ്‌റിസണ്‍ എന്നിവരും ചേരുന്നതോടെ ശക്തിയേറിയ മുന്നേറ്റമാകും തായലാന്റിന്റേത്. തായലാന്റ് മുന്നേറ്റത്തെ പ്രതിരോധിച്ചാല്‍ ഇന്ത്യയ്ക്ക് ഗ്രൂപ്പില്‍ നിന്നുള്ള മുന്നേറ്റം സ്വപ്‌നം കാണാം.

സൗഹൃദ മത്സരത്തില്‍ ഒമാനോട് തോറ്റാണ് തായലാന്റ് വരുന്നത്. ഇന്ത്യയാവട്ടെ അവസാന മത്സരത്തില്‍ ഒമാനെ സമനിലയില്‍ തളയ്ക്കുകയും ചെയ്തിരുന്നു. ഇതും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

12000 പേര്‍ക്കിരിക്കാവുന്ന അബുദാബിയിലെ അല്‍- നഹ്യാന്‍ മൈതാനത്താണ് മത്സരം. ഗ്യാലറിയില്‍ പ്രവാസി ഇന്ത്യക്കാരുടെ ശക്തി ഇന്ത്യയ്ക്ക് പിന്തുണയാകുമെന്നാണ് പ്രതീക്ഷ.