അജിത്ത് ലാല്‍; കാലിക്കറ്റിന്റെ ഹൈഡ്രജന്‍ ബോയ്

പ്രൊവോളി ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് ഹീറോസ് കുതിക്കുമ്പോള്‍ താരമായി അജിത്ത് ലാല്‍

അജിത്ത് ലാല്‍; കാലിക്കറ്റിന്റെ ഹൈഡ്രജന്‍ ബോയ്

പ്രൊവോളി ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വി അറിയാതെ കാലിക്കറ്റ് ഹീറോസ് കുതിക്കുമ്പോള്‍ 64 സ്‌പൈക് പോയന്റുകളുമായി അജിത്ത് ലാല്‍ മുന്നേറുകയാണ്. ടോട്ടല്‍ പോയന്റിലും കളിച്ച കളികളിലെല്ലാം ശരാശരി ഏറ്റവും കൂടുതല്‍ പോയന്റു നേടുന്ന താരവുമെല്ലാം കാലിക്കറ്റിന്റെ ഈ ഹൈഡ്രജന്‍ ബോയാണ്.

കൂടുതല്‍ നേരം വായുവില്‍ ഉയര്‍ന്നു നിന്ന് സ്മാഷ് ചെയ്യാനുള്ള കഴിവാണ് അജിത്ത് ലാലിന് ഹ്രൈഡജന്‍ ബോയ് എന്ന വിളിപ്പേരു കിട്ടിയത്. ആരാധകര്‍ സ്‌നേഹപൂര്‍വ്വം ഹ്രൈഡ്രജന്‍ ബോയെന്ന് വിളിക്കുമ്പോള്‍ കളിക്കളത്തില്‍ അജിത്ത് അതു തെളിയിച്ചുകൊണ്ടേയിരിക്കുന്നു. കളികളത്തില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുമ്പോള്‍ അജിത്ത് ലാല്‍ തത്സമയത്തോടു സംസാരിക്കുന്നു.

കാലിക്കറ്റ് ഹീറോസ്

ഒത്തൊരുമായണ് ടീമിന്റെ ശക്തി. എല്ലാവരും നല്ല സ്പിരിറ്റിലാണ്. നന്നായി കളിക്കാന്‍ കഴിയുന്നു. കളിക്കാരന്‍ എന്ന നിലയില്‍ വലിയ സപ്പോര്‍ട്ടാണ് എല്ലാവരില്‍ നിന്നും ലഭിക്കുന്നത്. കൂടുതല്‍ അവസരങ്ങള്‍ തുറക്കപ്പെടുന്നു. കോച്ചിന്റെയും കൂട്ടുകാരുടെയും ഭാഗത്തുനിന്നും കൂടുതല്‍ ഊര്‍ജം ലഭിക്കുന്നു. അതാണ് പോയന്റ് പട്ടികയില്‍ മുന്നിലെത്താന്‍ സഹായിക്കുന്നത്. ഇന്ത്യയിലെ തന്നെ മിക്കച്ച താരങ്ങളാണ് കാലിക്കറ്റിന്റെ കരുത്ത്.

വിദേശതാരങ്ങളുടെ സാനിധ്യം

പോള്‍ ലോട്ടമാന്റെയും ഇലൗനിയും സാനിധ്യം ടീമിന് വലിയ മുതല്‍ കൂട്ടാണ്. അമേരിക്കയ്ക്ക് വേണ്ടി ഒളിമ്പിക്‌സ് മെഡല്‍ നേടിയ താരമാണ് ലോട്മാന്‍. ഇലൗനിയാണെങ്കില്‍ പ്രൊവോളി പോലുള്ള നിരവധി ലീഗുകള്‍ കളിച്ച് തഴക്കം വന്ന താരവും. ഇവരുടെ കൂടെ കളിക്കുമ്പോള്‍ ഒരുപാട് പാഠങ്ങള്‍ പഠിക്കാന്‍ കഴിയുന്നു എന്നതാണ് സത്യം. അവരുടെ എക്‌സ്പീരിയന്‍സ് അത്രയും വലുതാണ്. ചെറിയ തെറ്റുകള്‍ വരെ പറഞ്ഞു തരുന്നു. ഇത് ഭാവിയില്‍ കൂടുതല്‍ ഉപകാരപ്പെടും.
പ്രോ വോളി ചാമ്പ്യന്‍ഷിപ്പ്

ഇതുവരെ കളിച്ച കളികളില്‍ നിന്നെല്ലാം വെത്യസ്തമാണ് പ്രൊ വോളി. 15 പോയന്റിലേയ്ക്ക് കളിമാറിയതോടെ വലിയ സമ്മര്‍ദ്ധമാണ്. ഒരോ പോയന്റും വിലപ്പെട്ടതായി മാറുന്നു. വലിയ സ്പിരിറ്റാണ്. അത്രത്തോളം ടെന്‍ഷനും വര്‍ദ്ധിക്കുന്നു. ചെറിയ വിഴവുപോലും സെറ്റ് നഷ്ടപ്പെടും. ഓരോ സെറ്റും ഓരോ അനുഭവങ്ങളായിരുന്നു.

കൊച്ചിയുമായുളള മത്സരം

കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെതിരായുള്ള കളിയിലാണ് കാലിക്കറ്റ് ഹീറോസ് സര്‍വ്വാധിപത്യം പുലര്‍ത്തിയത്. കേരളത്തില്‍ നിന്നുള്ള ടീം ആയതിനാല്‍ തന്നെ എല്ലാവരും വലിയ ആവേശത്തിലായിരുന്നു. മികച്ച കളിയാണ് എല്ലാവരും പുറത്തെടുത്തത്. കടുത്ത മത്സരമായിരുന്നെങ്കിലും അവസാന വിജയങ്ങളെല്ലാം കാലിക്കറ്റിന്റെതുമാത്രമായി. ജെറോ വിനീത് ടോപ് സ്‌കോറി. പ്രൊവോളിയുടെ ചരിത്രത്തില്‍ തന്നെ കൊച്ചി കാലിക്കറ്റ് മത്സരം രേഖപ്പെടുത്തും.

പരിശീലനം

കൊച്ചിയിലെ മത്സരങ്ങള്‍ക്ക് ശേഷം ടീം ചെന്നൈയിലേക്കുള്ള യാത്രയിലാണ്. ഇനിയുള്ള കളികളും പരിശീലനവുമെല്ലാം ചെന്നൈയിലാണ്. ആദ്യ റൗണ്ടിലെ മികവ് പ്ലേ ഓഫ് മത്സരത്തിലും തുടരേണ്ടതുണ്ട്. കൂടുതല്‍ പരിശീലനത്തിലൂടെ ടീം ശക്തരാകും.

Read More >>