ഐ- ലീഗ് കിരീടം ചെന്നൈ സിറ്റിക്ക്

മിനര്‍വ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചെന്നൈ സിറ്റി കിരീടം ചൂടിയത്.

ഐ- ലീഗ് കിരീടം ചെന്നൈ സിറ്റിക്ക്

കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരെ പരാജയപ്പെടുത്തി ഐ ലീഗ് കിരീടം ചെന്നൈ സിറ്റി സ്വന്തമാക്കി. മിനര്‍വ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചെന്നൈ സിറ്റി കിരീടം ചൂടിയത്. ഗോകുലം കേരള എഫ്.സിയെ പരാജയപ്പെടുത്തി ഈസ്റ്റ് ബംഗാള്‍ രണ്ടാം സ്ഥാനക്കാരായി. ഒരു പോയിന്റ് ലീഡ് വ്യത്യാസത്തിലാണ് ചെന്നൈ ജേതാക്കളായത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം.

അവസാന മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് ചെന്നൈക്ക് 40 പോയന്റും ഈസ്റ്റ് ബംഗാളിന് 39 പോയന്റുമായിരുന്നു. ചെന്നൈ മിനര്‍വയോട് തോല്‍ക്കുകയും അതേസമയം തന്നെ എവേ ഗ്രൗണ്ടില്‍ ഗോകുലത്തെ തോല്‍പ്പിക്കുയും ചെയ്താലെ ഈസ്റ്റ് ബംഗാളിന് കിരീടസാധ്യതയുണ്ടായിരുന്നുള്ളു.

ഈസ്റ്റ് ബംഗാളിന് പ്രതീക്ഷ നല്‍കുന്നതായിരുന്നു മിനര്‍വ- ചെന്നൈ മത്സരത്തിന്റെ തുടക്കം. മൂന്നാം മിനിറ്റില്‍ തന്നെ റോളണ്ട് ബിലാലയിലൂടെ മിനര്‍വ മുന്നിലെത്തി. 56-ാം മിനിറ്റില്‍ പെഡ്രോ മാന്‍സിയിലൂടെ ചെന്നൈ ഒപ്പമെത്തി. 69-ാം മിനിറ്റില്‍ ഗൗരവ് ബോറയിലൂടെ ചെന്നൈ ലീഡുടുക്കുകയും ചെയ്തു. ഇതിനടെ ഗോകുലത്തോട് ഈസ്റ്റ് ബംഗാള്‍ ലീഡ് വഴങ്ങി. 69-ാം മിനിറ്റില്‍ ട്രിനിനാഡ് ഗോള്‍ മെഷീന്‍ മാര്‍ക്കസ് ജോസഫാണ് ഗോകുലത്തിന് ലീഡ് നല്‍കിയത്. 78-ാം മിനിറ്റില്‍ ജെയ്മി സാന്റോസിലൂടെ ഈസ്റ്റ് ബംഗാള്‍ ഒപ്പമെത്തി. ആറ് മിനിറ്റുകള്‍ക്ക് ശേഷം ലാന്‍ഡന്‍മാവിയ റാള്‍ട്ടെയിലൂടെ ഈസ്റ്റ് ബംഗാള്‍ വിജയം നേടി. ഇതിനിടെ ഇഞ്ചറി ടൈമില്‍ തന്റെ രണ്ടാം ഗോളിലൂടെ ബോറ മിനര്‍വയ്‌ക്കെതിരെ ചെന്നൈയ്ക്ക് വിജയവും ഐ- ലീഗ് കിരീടവും ഉറപ്പിച്ചു.

Read More >>