ഷട്ടോറി തെറിച്ചു; കിബു വികൂന ബ്ലാസ്‌റ്റേഴ്സ് പരിശീലകന്‍

കഴിഞ്ഞ സീസണില്‍ ഷട്ടോറിക്ക് കീഴില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ് ഫിനിഷ് ചെയ്തിരുന്നത്.

ഷട്ടോറി തെറിച്ചു; കിബു വികൂന ബ്ലാസ്‌റ്റേഴ്സ് പരിശീലകന്‍

കൊച്ചി: മോഹന്‍ബഗാന്‍ പരിശീലകന്‍ കിബു വകൂന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍. എല്‍കോ ഷട്ടോരിക്ക് പകരം ആയാണ് വികൂനയുടെ നിയമനം. ബഗാന്‍-എ.ടി.കെ ലയനത്തോട് കൂടി തൊപ്പി തെറിക്കുന്ന പരിശീലകനാണ് വികൂന. പോളണ്ടിനും സ്‌പെയിനിലുമായി പല ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട് ഈ നാല്‍പ്പത്തിയേഴുകാരന്‍.

യുവേഫയുടെ പ്രോ ലൈസന്‍സുളള പരിശീലനാണ് കിബു വികൂന. ലാലീഗ ക്ലബ് ഒസാസുനയുടെ യൂത്ത് ടീമിന്റെ പരിശീലകനായിരുന്നു അദ്ദേഹം.

കഴിഞ്ഞ സീസണില്‍ ഷട്ടോറിക്ക് കീഴില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ് ഫിനിഷ് ചെയ്തിരുന്നത്.

ഇല്‍കോ ഷട്ടോരി വി ട്രസ്റ്റ് യൂ എന്ന വലിയ ബാനര്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കളിക്കു മുമ്പേ തൂക്കിയിടുന്ന ആരാധകര്‍ക്ക് കടുത്ത നിരാശയാണ് ഷട്ടോരിയുടെ മടക്കം സമ്മാനിക്കുക.

പുതിയ സീസണിനുള്ള ഒരുക്കങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. പുതിയ കോച്ചിനെയും സ്പോര്‍ട്ടിങ്ങ് ഡയറക്ടറേയും തലപ്പത്ത് കൊണ്ടുവന്ന് വന്‍ മാറ്റങ്ങളാണ് കേരളാ ബ്ലാസ്റ്റേഴ്സ് നടത്തിയിരിക്കുന്നത്. ഒബ്ഗച്ചെയേയും സെര്‍ജിയോ സിഡോഞ്ചയെയും നിലനിര്‍ത്തിയപ്പോള്‍ തന്നെ പ്രതിരോധ താരങ്ങളായ നിഷു കുമാറിനെയും തിരിയേയും ടീമിലെത്തിക്കാനും കേരളാ ബ്ലാസ്റ്റേഴ്സിനു സാധിച്ചിട്ടുണ്ട്.

അതിനിടെ ഷട്ടോരി എഫ്.സിയുടെ ഗോവയുമായി ചര്‍ച്ചകള്‍ ആരംഭിച്ചെന്ന സൂചനകളുമുണ്ട്. പരിശീലകന്‍ സെര്‍ജിയോ ലൊബേറയെ പുറത്താക്കിയതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം മിറാന്‍ഡയാണ് എഫ്.സി ഗോവയെ നയിച്ചത്. എന്നാല്‍ തുടക്കത്തില്‍ മികച്ച മുന്നേറ്റം നടത്തി ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കിയ ടീം സെമിഫൈനലില്‍ ചെന്നൈയിന്‍ എഫ്.സിയോട് തോറ്റ് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ഗോവ പുതിയ കോച്ചിനെ തേടുന്നത്.

ഇല്‍കോ ഷട്ടോരിയോട് എഫ്.സി ഗോവയ്ക്ക് താത്പര്യമുണ്ടെന്നും അദ്ദേഹവുമായി പ്രാഥമിക ചര്‍ച്ചകള്‍ക്ക് ഗോവ ഒരുങ്ങിയെന്നുമൊക്കെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഗോവയുടെ പരിശീലകനാകാനുള്ള താത്പര്യം പ്രകടിപ്പിച്ച് മുന്‍ ബ്രസീല്‍ ഇതിഹാസ പരിശീലകന്‍ ദുംഗ അടക്കമുള്ളവര്‍ രംഗത്തെത്തിയതായി വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

ഇല്‍കോ ഷട്ടോരി പരിശീലക സ്ഥാനമൊഴിഞ്ഞാല്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയില്‍ വലിയ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്. ബര്‍ത്തലോമിയോ ഒഗ്ബെചെയും റാഫേല്‍ മെസി ബൗളിയും ടീം വിട്ടേക്കാന്‍ സാദ്ധ്യതയുണ്ടെന്നുമുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

Next Story
Read More >>