പാരിസ് ചുവപ്പിച്ച് യുണൈറ്റഡ്

ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജി.യെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിൽ

പാരിസ് ചുവപ്പിച്ച് യുണൈറ്റഡ്

പാരിസ്: പാരിസിലെ പാർക്ക് ഡിസ് പ്രിൻസെസ് മൈതാനത്ത് പി.എസ്.ജിയുടെ വിജയം കാണാനെത്തിയവർക്ക് കണ്ണീർമടക്കം. സോൾഷെയറുടെ ചുവന്നപട്ടാളം പാരിസിൽ കളം വാണതോടെ രണ്ടാം പാദത്തിൽ മൂന്ന് ഗോൾ മടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിൽ. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റശേഷമാണ് യുണൈറ്റഡിന്റെ തിരിച്ചുവരവ്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ വാറിലൂടെ അനുവദിച്ചുകിട്ടിയ പെനാൽറ്റിയാണ് യുണൈറ്റഡിനെ ജയത്തിലെത്തിച്ചത്.

പരീക്ഷണത്തിന് മുതിരാതെ 4-3-3 ഫോർമേഷനിലാണ് സോൾഷെയർ യുണൈറ്റഡിനെ വിന്യസിച്ചത്. ലുക്കാക്കുവിനെയും പെരീറൈയെയും റാഷ്‌ഫോർഡിനെയും മുൻനിരയിൽ വിന്യസിച്ചപ്പോൾ പോൾ പോഗ്ബയുടെ അഭാവം ടീമിൽ നിഴലിച്ചുനിന്നു. മറുവശത്ത് 4-2-3-1 ഫോർമേഷനിലാണ് ആതിഥേയർ ഇറങ്ങിയത്. കെയ്‌ലിയൻ എംബാപ്പെയെ ഒറ്റയാനാക്കിയാണ് പി.എസ്.ജി തന്ത്രം മെനഞ്ഞത്. നെയ്മറുടെയും എഡിൻസൺ കവാനിയുടെ അഭാവം പി.എസ്.ജിക്കും തിരിച്ചടിയായി.

രണ്ടാം മിനുട്ടിൽത്തന്നെ റോമലു ലുക്കാക്കുവിലൂടെ യുണൈറ്റഡ് മുന്നിലെത്തി. ഗോളി മാത്രം മുന്നിൽനിൽക്കെ പി.എസ്.ജിയുടെ തിലോ കെഹ്‌ററുടെ മിസ്പാസിലൂടെ ലഭിച്ച പന്തിനെ മനോഹരമായി ലുക്കാക്കു പോസ്റ്റിലാക്കി. സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ പ്രഹരമേറ്റതോടെ ശക്തമായി തിരിച്ചടിച്ച ആതിഥേയർ 10 മിനുട്ടിനുള്ളിൽ ഗോൾമടക്കി. എംബാപ്പെ ഗോളിന് വഴിയൊരുക്കിയപ്പോൾ ജുവാൻ ബെർനട്ട് പന്ത് പോസ്റ്റിലാക്കി. പ്രത്യാക്രമണം ശക്തമാക്കിയ യുണൈറ്റഡിന് ഒരിക്കൽക്കൂടി ലുക്കാക്കു രക്ഷകനായി. 30ാം മിനുട്ടിൽ റാഷ്‌ഫോർഡിന്റെ അസിസ്റ്റിലാണ് ഗോൾ. 36ാം മിനുട്ടിൽ സോൾഷെയർ ടീമിൽ ആദ്യ മാറ്റം വരുത്തി. ബെയ്‌ലിയെ പിൻവലിച്ച് ഡലോട്ടിന് അവസരം നൽകി. ആദ്യ പകുതിയിൽ 73 ശതമാനം പന്തടക്കിവച്ച് എട്ട് തവണ ഗോൾശ്രമം നടത്തുകയും ചെയ്യാൻ ആതിഥേയർക്ക് സാധിച്ചെങ്കിലും പലപ്പോഴും ലക്ഷ്യം പിഴച്ചു.

രണ്ടാം പകുതിയുടെ തുടക്കം ശക്തമായ പ്രതിരോധത്തിലൂന്നിയാണ് പി.എസ്.ജി കളിച്ചത്. 70ാം മിനുട്ടിൽ ടീമിൽ രണ്ട് മാറ്റം വരുത്തിയ പി.എസ്.ജി തന്ത്രം മെനഞ്ഞു. ക്വാർട്ടർ ഉറപ്പിക്കാൻ ഒരു ഗോളുകൂടി വേണമെന്നിരിക്കെ യുണൈറ്റഡ് പൊരുതിക്കളിച്ചെങ്കിലും പി.എസ്.ജി പ്രതിരോധം വെല്ലുവിളിയായി. ഇഞ്ചുറി ടൈമിൽ പെനാൽറ്റി ഭാഗ്യം യുണൈറ്റഡിനെത്തേടിയെത്തി. യുണൈറ്റഡിന്റെ ഡലോട്ട് ബോക്‌സിലേക്ക് തൊടുത്ത ഷോട്ട് പി.എസ്.ജിയുടെ കിംബാപ്പെയുടെ കൈയിൽ തട്ടി. വാറിലൂടെ റഫറി യുണൈറ്റഡിന് പെനാൽറ്റി അനുവദിച്ചപ്പോൾ കിക്കെടുത്ത റാഷ്‌ഫോർഡിന് പിഴച്ചില്ല. ഇതിഹാസ ഗോളി ജിയാൻ ലൂജി ബഫണെ മറികടന്ന് പന്ത് പോസ്റ്റിലെത്തിച്ച റാഷ്‌ഫോർഡ് യുണൈറ്റഡിന് ആവേശ ജയവും ക്വാർട്ടർ ടിക്കറ്റും സമ്മാനിച്ചപ്പോൾ നിരാശയോടെ കളം വിടാനെ ആതിഥേയർക്ക് കഴിഞ്ഞുള്ളു.

റോമയെ പുറത്താക്കി പോർട്ടോ

അവസാന സീസണിൽ ബാഴ്‌സലോണയ്ക്ക് പുറത്തേക്ക് വഴിതുറന്ന ഇറ്റാലിയൻ കരുത്തർ ഇത്തവണ പ്രീ ക്വാർട്ടറിൽ പുറത്ത്. എഫ്.സി പോർട്ടോയുടെ തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ 3-1ന് ജയിച്ച പോർട്ടോ ഇരു പാദങ്ങളിലുമായി 4-3ന്റെ ജയത്തോടെയാണ് ക്വാർട്ടർ ടിക്കറ്റെടുത്തത്. ആദ്യ പാദത്തിൽ 2-1ന് ജയിച്ച ശേഷമാണ് റോമ കളി കൈവിട്ടത്.

26ാം മിനുട്ടിൽ സോറിസിലൂടെ പോർട്ടോ ആദ്യം മുന്നിലെത്തിയപ്പോൾ 37ാം മിനുട്ടിൽ റോമ ഗോൾമടക്കി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഡാനിയെല്ലി ഡി റോസിയാണ് റോമയെ ഒപ്പമെത്തിച്ചത്. 52ാം മിനുട്ടിൽ മരീഗയിലൂടെ പോർട്ടോ വീണ്ടും വലകുലുക്കിയതോടെ മത്സരം ഇരുപാദങ്ങളിലുമായി 3-3 എന്ന നിലയിൽ. വിജയിയെ തീരുമാനിക്കാൻ അധികസമയത്തേക്ക് മത്സരം നീണ്ടു. പൊരുതിക്കളിച്ച പോർട്ടോയെത്തേടി 117ാം മിനുട്ടിൽ പെനാൽറ്റി ഭാഗ്യമെത്തി. കിക്കെടുത്ത ടെല്ലിസിന് ഉന്നം പിഴക്കാതിരുന്നതോടെ ആവേശ ജയത്തോടെ പോർട്ടോ ക്വാർട്ടർ സീറ്റുറപ്പിച്ചു.

Read More >>