ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം വെസ്‌ലി സ്‌നൈഡര്‍ വിരമിച്ചു

ഫുട്‌ബോള്‍ ലോകത്തെ മികച്ച മദ്ധ്യനിര താരങ്ങളിലൊരാളായാണ് സ്‌നൈഡര്‍ വിലയിരുത്തപ്പെടുന്നത്. അയാക്‌സ് യൂത്ത് അക്കാദമിയിലൂടെയാണ് വെസ്‌ലി സ്‌നൈഡര്‍ വളര്‍ന്നത്.

ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം വെസ്‌ലി സ്‌നൈഡര്‍ വിരമിച്ചു

ആംസ്റ്റര്‍ഡാം: ഹോളണ്ടിന്റെ ഇതിഹാസ താരങ്ങളിലൊരാളായ വെസ്‌ലി സ്‌നൈഡര്‍ സജീവ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. റയല്‍ മാഡ്രിഡ്, ഇന്‍റര്‍ മിലാന്‍ തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള 35കാരനായ സ്‌നൈഡര്‍ ഖത്തര്‍ ക്ലബ് അല്‍ ഗരാഫക്കായാണ് അവസാനം കളിച്ചത്. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിരമിച്ച താരം ക്ലബ് കരിയറില്‍ തുടരുകയായിരുന്നു.

അല്‍ ഗരാഫക്കായുമായുള്ള കരാർ ഇക്കഴിഞ്ഞ ജൂലൈയില്‍ അവസാനിച്ചിരുന്നു. പിന്നീട് മറ്റൊരു ടീമുമായി കരാറിലെത്തിയിരുന്നില്ല. ഫുട്‌ബോള്‍ ലോകത്തെ മികച്ച മദ്ധ്യനിര താരങ്ങളിലൊരാളായാണ് സ്‌നൈഡര്‍ വിലയിരുത്തപ്പെടുന്നത്. അയാക്‌സ് യൂത്ത് അക്കാദമിയിലൂടെയാണ് വെസ്‌ലി സ്‌നൈഡര്‍ വളര്‍ന്നത്. സീനിയര്‍ ക്ലബ് കരിയറിന് 2002ല്‍ തുടക്കമിട്ടതും അയാക്‌സില്‍. കരിയറിലുടനീളം പ്ലേമേക്കറായി പേരെടുത്ത താരം ലോകകപ്പ് റണ്ണേഴ്‌സ് അപ്പ്, ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ, സീരി എ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ക്ലബ് കരിയറില്‍ 405 മത്സരങ്ങളില്‍ നിന്ന് 117 ഗോള്‍ നേടി.


2010ല്‍ ഹോളണ്ടിനെ ലോകകപ്പ് ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. ഫൈനലില്‍ സ്‌പെയിനിനോട് പരാജയപ്പെട്ടെങ്കിലും ടൂര്‍ണമെന്റിലെ മികച്ച രണ്ടാമത്തെ താരത്തിനുള്ള സില്‍വര്‍ ബോള്‍ സ്വന്തമാക്കിയത് ഈ 35കാരനായിരുന്നു. ഹോളണ്ടിനായി 2003 മുതല്‍ 2018 വരെ കളത്തിലിറങ്ങിയ സ്‌നൈഡര്‍ 134 മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. 31 ഗോളുകള്‍ നേടി.

2010ല്‍ ബാല്ലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള മൂന്നംഗ അന്തിമ പട്ടികയില്‍ ഒരാള്‍ സ്‌നൈഡറായിരുന്നു. ആ വര്‍ഷം താരത്തിന് പുരസ്‌കാരം ലഭിക്കുമെന്ന സാധ്യതകളുണ്ടായിരുന്നെങ്കിലും നേരിയ വ്യത്യാസത്തിലാണ് പുരസ്‌കാരം നഷ്ടമായത്. എന്നാൽ ഈവർഷം ലോകത്തെ ഏറ്റവും മികച്ച മൂന്ന് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായി സ്‌നൈഡറെ ഫിഫ തെരഞ്ഞെടുത്തു. നെതര്‍ലന്‍ഡ്‌സിനായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിച്ച താരമെന്ന റെക്കോര്‍ഡ് സ്‌നൈഡര്‍ക്ക് സ്വന്തമാണ്.

Read More >>