വേഗത്തെ സ്നേഹിച്ചവളുടെ കഥ

ചരിത്രം തിരുത്തി സൗദിയില്‍ നിന്നൊരു വനിതാ കാര്‍ റേസര്‍

വേഗത്തെ സ്നേഹിച്ചവളുടെ കഥ

ജിദ്ദ: വളഞ്ഞു പുളഞ്ഞു കിടക്കുന്ന ട്രാക്കില്‍ കാറുകള്‍ ചീറിപ്പായുമ്പോള്‍ ചങ്കിടിപ്പോടെയല്ലാതെ കാണാനാവില്ല. വേഗം വിധിയെഴുതുന്ന മത്സരത്തില്‍ ആവേശത്തോടൊപ്പം അപകട സാദ്ധ്യതയും കൂടുതലാണ്. പൊതുവേ സ്ത്രീ പങ്കാളിത്തം കുറവായ കാര്‍ റേസില്‍ ചരിത്രം സൃഷ്ടിക്കുകയാണ് റീമ അല്‍ ജുഫാലിയെന്ന 26കാരി. നേരത്തെയും സ്ത്രീകള്‍ കാര്‍ റേസിങ്ങിനിറങ്ങിയിട്ടുണ്ടെങ്കിലും സൗദി അറേബ്യപോലൊരു രാജ്യത്തുനിന്ന് റേസറായി മത്സരിക്കുന്നുവെന്നതാണ് ജുഫാലിയയുടെ വ്യത്യസ്തത. അടിച്ചമര്‍ത്തപ്പെടുന്ന സമൂഹത്തില്‍നിന്ന് അരങ്ങത്തേക്ക് കുതിച്ചുപായാന്‍ മോഹിക്കുന്നവര്‍ക്ക് പ്രചോദനമാണ് ജുഫാലിയയുടെ ജീവിതം.

2018 ജൂലൈയിലാണ് ആദ്യമായി സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചത്. സ്ത്രീകളുടെ മുന്നേറ്റത്തിനായുള്ള ചരിത്ര തീരുമാനം വന്നതോടെ ഉള്ളില്‍ അടക്കിപ്പിടിച്ചിരുന്ന ആഗ്രഹത്തിന്റെ കെട്ടുപൊട്ടിച്ച് ജുഫാലി മുന്നോട്ട് പാഞ്ഞു. ഒക്ടോബറില്‍ ലൈസന്‍സെടുത്ത് മത്സരിക്കാന്‍ ട്രാക്കിലേക്കിറങ്ങിയതോടെ സൗദിയിലെ ആദ്യ വനിതാ റേസറെന്ന ബഹുമതി ജുഫാലിക്കായി. ഇപ്പോള്‍ എം.ആര്‍.എഫ് ചലഞ്ച് റേസില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ജിദ്ദയില്‍ ജനിച്ചു വളര്‍ന്ന ജുഫാലി വിദേശത്താണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

'' റേസിങ്ങിലേക്കുള്ള വരവ് രസകരമാണ്. റേസറാകണമെന്ന ആഗ്രഹം വളരെ വൈകിയാണ് എനിക്ക് തോന്നിയത്. പഠനത്തിനു ശേഷം ജോലി ചെയ്യുമ്പോള്‍ റേസര്‍ ആകണമെന്ന ആഗ്രഹം ഉറക്കംകെടുത്തി. റേസിങ് ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണെന്ന് മനസ്സിലാക്കി. ജോലി ഉപേക്ഷിച്ച് വീട്ടില്‍ മടങ്ങിയെത്തി അവസരത്തിനായി കാത്തിരുന്നു. ഒടുവില്‍ ഒക്ടോബറില്‍ ആഗ്രഹം സഫലമായി. അബൂദബിയില്‍ നടന്ന ജി.ടി 86 കാര്‍ റേസിലാണ് ആദ്യമായി മത്സരിച്ചത്. മത്സരത്തിലെ പ്രകടനം സന്തോഷം നല്‍കി. ഡിസംബറില്‍ ആദ്യമായി വിജയിയായി. മികച്ച എതിരാളികളോടൊപ്പം മത്സരിച്ച് വിജയിച്ചത് മറക്കാനാവാത്ത അനുഭവമാണ്'' ജുഫാലി പറഞ്ഞു.

തന്റേത് സൗദിയിലെ സ്ത്രീകള്‍ക്ക് പ്രചോദനമാകുന്ന വലിയ ചുവടാണ്. എല്ലാവരെയും പോലെ എനിക്ക് സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമുണ്ട്. ലോകത്തിലെ മികച്ച റേസര്‍ ആവുകയെന്നതാണ് ആഗ്രഹം. റേസിങ്ങിലേക്കുള്ള എന്റെ വരവ് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നുവെന്നത് സന്തോഷകരമാണ്. അതാണ് എനിക്ക് മുന്നേറാന്‍ ഊര്‍ജ്ജം നല്‍കുന്നതെന്ന് ജുഫാലി പറഞ്ഞു.

Read More >>