ഈ വിജയം സുവർണ്ണ ചരിത്രം: ഇന്ത്യ അർജന്റീനയെ തോൽപിച്ചു

മാഡ്രിഡ്: ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിലേക്ക് സുവർണ വിജയം എഴുതിച്ചേർത്ത് ഇന്ത്യയുടെ ചുണക്കുട്ടികൾ. ആറു തവണ അണ്ടർ 20 വിശ്വകിരീടം ചൂടിയ അർജന്റീനയെ...

ഈ വിജയം സുവർണ്ണ ചരിത്രം: ഇന്ത്യ അർജന്റീനയെ തോൽപിച്ചു

മാഡ്രിഡ്: ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിലേക്ക് സുവർണ വിജയം എഴുതിച്ചേർത്ത് ഇന്ത്യയുടെ ചുണക്കുട്ടികൾ. ആറു തവണ അണ്ടർ 20 വിശ്വകിരീടം ചൂടിയ അർജന്റീനയെ കോട്ടിഫ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻനിര പുതു ചരിത്രം തീർത്തത്. കാൽപ്പന്ത് പാരമ്പര്യത്തിൽ ഏറെയൊന്നും അവകാശപ്പെടാനില്ലാത്ത ഇന്ത്യൻനിര രണ്ടാം പകുതിയിൽ 10 പേരായി ചുരുങ്ങിയ ശേഷമായിരുന്നു വിജയത്തിലേക്ക് പന്ത് പായിച്ചത്.

ഫ്‌ളോയിഡ് പിന്റോ പരിശീലകനായുള്ള ഇന്ത്യൻ നിര മൽസരത്തിന്റെ ആദ്യ മിനുട്ടുകളിൽ തന്നെ അർജന്റീനയുടെ ചങ്കിലേക്ക് ആദ്യ വെടിയുതിർത്തു. നാലാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിലാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. നിൻതോയി മീത്തേയിയുടെ കോർണർ കിക്കിൽ ബോക്‌സിലേക്കെത്തിയ പന്തിനെ തകർപ്പൻ ഹെഡ്ഡറിലൂടെ ദീപക് താംഗ്രി വലയിലെത്തിക്കുകയായിരുന്നു. ലീഡെടുത്തതോടെ ഉണർന്ന് കളിച്ച ഇന്ത്യൻ നിര അർജന്റീനൻ ഗോൾമുഖത്ത് നിരന്തരം അപകടം സൃഷ്ടിച്ചു. മധ്യനിരയിൽ സുരേഷ് സിങ്ങും ബോറിസ് സിങ്ങും മത്സരിച്ച് കളിച്ചതോടെ മുന്നേറ്റ നിരയിലേക്ക് അനായാസം പന്തെത്തിയെങ്കിലും അർജന്റീനയുടെ യുവനിരയുടെ പ്രതിരോധം വെല്ലുവിളി ഉയർത്തി.

ലഭിച്ച അവസരങ്ങളിൽ കൗണ്ടർ അറ്റാക്കുകൾ അർജന്റീന നടത്തിയെങ്കിലും അൻവർ അലിയും ജിതേന്ദ്ര സിങ്ങും ആശിഷ് റായിയുമെല്ലാം അണിനിരക്കുന്ന പ്രതിരോധം കോട്ട ഭദ്രമായി കാത്തു. ആദ്യ പകുതിക്ക് വിസിൽ ഉയർന്നപ്പോൾ ഒരു ഗോളിന്റെ ലീഡ് നിലനിർത്തിയാണ് ഇന്ത്യൻനിര കളം പിരിഞ്ഞത്. അമ്പതാം മിനിറ്റില്‍ അങ്കിത് ജാവേദ് ചുവപ്പ് കണ്ട് പുറത്തായെങ്കിലും അറുപത്തിയെട്ടാം മിനിറ്റില്‍ അന്‍വര്‍ അലി ലീഡുയര്‍ത്തി. ഇന്ത്യയുടെ മുന്നേറ്റനിര താരം റഹിം അലിയെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്കിനെ വലയിലെത്തിച്ചാണ് അൻവർ അലി ഇന്ത്യക്ക് രണ്ടാം ഗോൾ സമ്മാനിച്ചത്. എഴുപത്തിരണ്ടാം മിനിറ്റില്‍ അര്‍ജന്റീന ഒരു ഗോള്‍ മടക്കിയെങ്കിലും ഇന്ത്യയുടെ ഒപ്പമെത്താനായില്ല.

ജയിച്ചെങ്കിലും നാല് മൽസരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള ഇന്ത്യ ഗ്രൂപ്പ് എയിൽ അവസാന സ്ഥാനത്താണ്. നാല് മൽസരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു തോൽവിയുമായി അർജന്റീന തന്നെയാണ് ഗ്രൂപ്പിൽ തലപ്പത്ത്. ടൂർണമെന്റിലെ ആദ്യ രണ്ട് മൽസരങ്ങളും തോറ്റ ഇന്ത്യ മൂന്നാം മൽസരത്തിൽ വെനസ്വേലയെ ഗോൾരഹിത സമനിലയിലും തളച്ചിരുന്നു.

Story by
Next Story
Read More >>