ഗോപിചന്ദിന്റെ മകൾക്കായി ടീമിൽ നിന്ന് ഒഴിവാക്കി; മലയാളി താരം അപർണ ഹൈക്കോടതിയിൽ

Published On: 2018-07-02 11:30:00.0
ഗോപിചന്ദിന്റെ മകൾക്കായി ടീമിൽ നിന്ന് ഒഴിവാക്കി; മലയാളി താരം അപർണ ഹൈക്കോടതിയിൽ

കൊച്ചി: മതിയായ യോഗ്യതയുണ്ടായിരുന്നിട്ടും ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ബാഡ്മിന്റൻ താരം അപർണ ബാലൻ ഹൈക്കോടതിയെ സമീപിച്ചു. ഇന്ത്യൻ ബാഡ്മിന്റൻ ടീം പരിശീലകനും സിലക്‌ഷൻ കമ്മിറ്റി അംഗവുമായ പുല്ലേല ഗോപീചന്ദിന്റെ മകൾ ഗായത്രിക്ക് വേണ്ടിയാണ് തന്നെ തഴഞ്ഞതെന്നാണ് അപർണയുടെ പരാതി.

പരാതി ഫയലിൽ സ്വീകരിച്ച കോടതി ബാഡ്മിന്റൻ അസോസിയേഷനും ഗോപിചന്ദും ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടിസ് അയച്ചു. കോടതി തിങ്കളാഴ്ച പരാതി പരിഗണിക്കും. നേരത്തേ പ്രധാനമന്ത്രിക്കും ദേശീയ കായിക മന്ത്രിക്കും അപർണ ട്വിറ്ററിലൂടെയും പരാതി നൽകിയിരുന്നു. ഏഷ്യൻ ഗെയിംസിനായുള്ള ട്രയൽസിൽ അപർണ യോഗ്യത നേടിയിരുന്നു. ഇതിനു പിന്നാലെയാണു ചട്ടങ്ങൾ മറികടന്ന് ചിലരെ ടീമിൽ ഉൾപ്പെടുത്തിയത്.

ഇത് മൂന്നാം തവണയാണ് പ്രധാനപ്പെട്ട രാജ്യാന്തര ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിൽ നിന്ന് അപർണ ഒഴിവാക്കുന്നത്. മുൻപ് കോമൺവെൽത്ത് ഗെയിംസിൽ നിന്നും ഏഷ്യൻ ഗെയിംസ് ടീമിൽ നിന്നും അവസാന നിമിഷം അപർണയെ ഒഴിവാക്കിയിരുന്നു. അതേസമയം 2012 മുതൽ 2016 വരെ ദേശീയ ചാംപ്യനായിരുന്ന അപർണയെ ടീമിൽ നിന്ന് ഒഴിവാക്കാൻ വിചിത്രമായ വാദങ്ങളാണ് ബാഡ്മിന്റൻ അസോസിയേഷൻ നിരത്തുന്നത്. ജൂനിയർ തലത്തിൽ സിംഗിൾസ് കളിക്കുന്ന താരമാണ് ഗായത്രി. ജ്വാല ഗുട്ട ഉൾപ്പെടെയുള്ള താരങ്ങൾ അപർണയ്ക്കു പിന്തുണയറിയിച്ചിട്ടുണ്ട്.

Top Stories
Share it
Top