തന്റെ പ്രകടനത്തില്‍ ആരാധകര്‍ തൃപ്തരല്ല, ആരാധകരുടെ സമീപനത്തില്‍ വേനദയുണ്ടെന്ന് ആഴ്‌സന്‍ വെംഗര്‍

Published On: 2018-04-23 10:15:00.0
തന്റെ പ്രകടനത്തില്‍ ആരാധകര്‍ തൃപ്തരല്ല, ആരാധകരുടെ സമീപനത്തില്‍ വേനദയുണ്ടെന്ന് ആഴ്‌സന്‍ വെംഗര്‍

ലണ്ടന്‍: കഴിഞ്ഞ സീസണുകളിലായി ആരാധകരുടെ പെരുമാറ്റം ഏറേ വേദനിപ്പിച്ചെന്ന് ആഴ്‌സണല്‍ കോച്ച് ആഴ്സന്‍ വെംഗര്‍. ഞാന്‍ ഒട്ടും ക്ഷീണിതനല്ലെന്നും എന്നാല്‍ കുറച്ചു കാലമായി ആരാധകര്‍ ടീമിനൊപ്പം ഐക്യത്തോടെ നിലകൊള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 22 വര്‍ഷത്തിനു ശേഷം ആഴ്‌സണല്‍ പരിശീലക സ്ഥാനത്ത് നിന്ന് വിടവാങ്ങുമെന്ന് പ്രഖ്യാപിച്ച വെഗറുടെ ആദ്യ പ്രതികരണമാണിത്. കഴിഞ്ഞ ദിവസം വെസ്റ്റ് ഹാം യുണൈറ്റഡിനെതിരായ മത്സര ശേഷമായിരുന്നു വെംഗറുടെ പ്രതികരണം.

''ഞാന്‍ ഒട്ടും ക്ഷീണിതനല്ല,എന്നാല്‍ കുറച്ചു കാലമായി ആരാധകര്‍ ടീമിനൊപ്പം ഐക്യത്തോടെ നിലകൊള്ളുന്നില്ല. ഈ ക്ലബ് ഇംഗ്ലണ്ടിനേക്കാളേറേ ലോകത്താകമാനം ആദരവുള്ള ടീമാണ്. എന്നാലതിന് വിപരീതമായാണ് ആരാധകര്‍ പെരുമാറുന്നത്. ഇത് ക്ലബിന് ഗുണം ചെയ്യുന്നതല്ല, ഞാനാഗ്രഹിക്കുന്നത് ഇങ്ങനെയല്ല. എറ്റവും വേദനാജനകമായ ഒന്നാണിത്'' വെംഗര്‍ പറഞ്ഞു. തന്റെ പ്രകടനത്തില്‍ ആരാധകര്‍ തൃപ്തരല്ലെന്ന് തനിക്കാറിയാമെന്നും മറ്റെന്തിനെക്കാളും വലുത് ക്ലബാണെന്നും ഇരുപത്തി രണ്ട് വര്‍ഷം ഒരോ നിമിഷവും മനസ്സില്‍ ആഴ്സണല്‍ മാത്രമായിരുന്നു, ഇന്നത്തെ സാഹചര്യത്തില്‍ ക്ലബ് വിടുക എന്നതാണ് തന്നേക്കാളേറേ ക്ലബിന് ഗുണകരമാവുക എന്നും വെംഗര്‍ അഭിപ്രായപ്പെട്ടു.

മാനേജ്മെന്റ് പുറത്താക്കുമെന്ന് വന്നതോടെയാണ് ഫ്രഞ്ച് പ്രഫസര്‍ സ്വയമേവ വിടവാങ്ങല്‍ തീരുമാനം എടുത്തതെന്ന പ്രചാരം ശരിയാണെന്ന് തെളിയിക്കുന്നതാണ് വെംഗറുടെ പ്രതികരണം. വെംഗറുമായി കരാര്‍ നീട്ടിയ ക്ലബ് തീരുമാനത്തില്‍ വലിയ വിഭാഗം ആരാധകര്‍ പ്രതിഷേധിച്ചിരുന്നു. കളിയിടങ്ങളില്‍ വെംഗര്‍ ഗോ ബാക്ക് എന്നെഴുതിയ പ്ലകാര്‍ഡുമായി ആരാധകര്‍ എത്തുന്നത് പതിവാകുകയും എമിറേറ്റ്സില്‍ കളി നടക്കുമ്പോള്‍ ആരാധകര്‍ കളി ബഹിഷ്‌കരിച്ചതും വെംഗറിനെ മാറ്റാന്‍ ക്ലബ് അധികൃതരെ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് അപമാനിതനായി മടങ്ങാന്‍ നില്‍ക്കാതെ വെംഗര്‍ സ്വയം പിന്‍വലിഞ്ഞത്. ക്ലബിനൊപ്പം മൂന്ന് പ്രീമിയര്‍ ലീഗും,ഏഴ് എഫ്.എ കപ്പും നേടിയ വെംഗര്‍ കുറച്ച് കാലമായി കിരീടങ്ങളൊന്നും ടീമിനായി നേടികൊടുക്കാത്തതാണ് ആരാധകര്‍ക്കിടയില്‍ അമര്‍ഷമുണ്ടാവാന്‍ കാരണം.

വെംഗര്‍ പരിശീലകനായതിന് ശേഷം ആദ്യമായി ആഴ്സണല്‍ ഈ വര്‍ഷം പ്രീമിയര്‍ ലീഗിന് യോഗ്യത നേടാതെ പോയി. ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനും ചെല്‍സിക്കും പിറകിലായി ആറാം സ്ഥാനത്താണ് ടീം. യൂറോപ്പ ലീഗില്‍ സെമിഫൈനലിലെത്തിയ ക്ലബിന് കിരീടം നേടിയാലെ അടുത്ത ചാമ്പ്യന്‍സ് ലീഗ് കളിക്കാനാവു.

Top Stories
Share it
Top