യുവതാരങ്ങള്‍ക്കായി വലവിരിച്ച് ബാഴ്‌സലോണ

ബാഴ്‌സലോണ: അടുത്ത സീസണിലേക്ക് പുതിയ താരങ്ങളേ കൂടാരത്തിലെത്തിക്കാന്‍ ബാഴ്സലോണ നീക്കങ്ങള്‍ ആരംഭിച്ചു. ഈ സീസണില്‍ വിവിധ ക്ലബ്ബുകള്‍ക്കായി തകര്‍പ്പന്‍...

യുവതാരങ്ങള്‍ക്കായി വലവിരിച്ച് ബാഴ്‌സലോണ

ബാഴ്‌സലോണ: അടുത്ത സീസണിലേക്ക് പുതിയ താരങ്ങളേ കൂടാരത്തിലെത്തിക്കാന്‍ ബാഴ്സലോണ നീക്കങ്ങള്‍ ആരംഭിച്ചു. ഈ സീസണില്‍ വിവിധ ക്ലബ്ബുകള്‍ക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച യുവതാരങ്ങള്‍ക്ക് പിന്നാലെയാണ് കാറ്റലന്‍ പട. സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ കുറച്ച് നാളുകളായി ടീമിന്റെ കളി. എത്ര കാലം മെസ്സിയെ ആശ്രയിച്ച് മുന്നേറാനാവും എന്നതിനാല്‍ താരത്തിനെ പോലെ കളി മെനയുന്ന മുന്നേറ്റ താരങ്ങളെയും ബാഴ്സ നോട്ടമിടുന്നുണ്ട്.

മൈതാനത്തില്‍ മെസ്സിയുടെ ഉത്തരവാദിത്തം കുറയ്ക്കുക എന്നതും ടീം ലക്ഷ്യമിടുന്നുണ്ട്. വരും സീസണില്‍ ബാഴ്സലോണ നോട്ടമിട്ട പ്രധാനപ്പെട്ട അഞ്ച് താരങ്ങള്‍.

1. ആന്റോണിയോ ഗ്രീസ്മാന്‍- ബാഴ്സ ഏറ്റവും കൂടുതല്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന മുന്നേറ്റ താരമാണ് ആന്റോണിയോ ഗ്രീസ്മാന്‍. ഫ്രഞ്ച് താരം കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറാനൊരുങ്ങിയപ്പോള്‍ തടസ്സമായത് അത്ലറ്റിക്കോ മാഡ്രിഡിന്റെ താരകൈമാറ്റ വിലക്കായിരുന്നു. ഈ സീസണില്‍ 24 ഗോളുകളും 13 ഗോളവസരങ്ങളും താരം അത്ലറ്റിക്കോയ്ക്കായി ഒരുക്കി. എല്ലാം തികഞ്ഞ ഒരു സ്ട്രൈക്കറെയാണ് ബാഴ്സ ആഗ്രഹിക്കുന്നത്. മുന്നേറ്റത്തില്‍ ഗ്രീസ്മാനെ പോലൊരു താരം വന്നാല്‍ മെസ്സിക്ക് കൂടുതല്‍ സ്വാതന്ത്ര്യം കളത്തില്‍ ലഭിക്കും. ഇത് കാറ്റലന്‍ പടയെ കൂടുതല്‍ അപകടകാരികളാക്കും. ബാഴ്സലോണ ലക്ഷ്യം വയ്ക്കുന്നതും ഇതാണ്.

2. ക്ലെമെന്റ് ലെന്‍ഗ്ലട്ട്- ലാ ലീഗ ഈ സീസണില്‍ കണ്ട ഏറ്റവും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരു പേരാണ് ക്ലെമെന്റ് ലെന്‍ഗ്ലട്ട്. 22കാരനായ ഫ്രഞ്ച് താരം സെവ്വിയ്യയുടെ സെന്റര്‍ ബാക്കാണ്. എതിര്‍താരങ്ങളുടെ മുന്നേറ്റത്തിന്റെ മുനയൊടിക്കുന്ന ടാക്ലിങുകളാല്‍ ഏറെ കൈയടി നേടിയിട്ടുണ്ട് താരം. ബാഴ്സ താരത്തിന്റെ ഏജന്റുമായി ബന്ധപ്പെട്ടു കഴിഞ്ഞു. പിക്വെയ്ക്കൊപ്പം കാറ്റലോണിയന്‍ മതില്‍ കാക്കാനുള്ള ദൗത്യം താരത്തിന് ലഭിച്ചേക്കാമെന്നാണ് സൂചന.

3. ഹെക്ടര്‍ ബെല്ലെറിന്‍- ബാഴ്സയുടെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്ന താരമാണ് ബെല്ലറിന്‍. ഇംഗ്ലീഷ് ക്ലബ് ആഴ്സണലിന്റെ പ്രധിരോധ താരത്തിലൂടെ വലത് വിംഗിലെ പോരായ്മകള്‍ പരിഹരിക്കുക എന്നതാണ് ബാഴ്സ ലക്ഷ്യമിടുന്നത്. സെര്‍ജിയോ റോബോര്‍ട്ടോയും നെല്‍സണ്‍ സെമെടോയും പ്രതീക്ഷിച്ച മികവ് പുലര്‍ത്താത്തത് കൂടിയാണ് ബാഴ്സ ബെല്ലറിനില്‍ നോട്ടമിടാന്‍ കാരണം. മാഞ്ചസ്റ്റര്‍ യുണൈറ്റഡും യുവന്റസും താരത്തിനെ സ്വന്തമാക്കുന്നതിനായി പിറകേയുണ്ട്.

4. മാര്‍കിഞ്ഞോസ്- ഫ്രഞ്ച് ലീഗിലെ മികച്ച പ്രതിരോധ താരമാണ് മാര്‍കിഞ്ഞോസ്. 23കാരനായ പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം സീസണില്‍ 33 മത്സരങ്ങളില്‍ പി.എസ്.ജിക്കായി ബൂട്ട് കെട്ടി. എതിര്‍ താരങ്ങളുടെ കാലുകളില്‍ നിന്ന് പന്ത് റാഞ്ചിയെടുക്കുന്നതിലെ മികവ് താരത്തിനെ ശ്രദ്ധേയനാക്കി. സാമുവല്‍ ഉംട്ടിട്ടിക്ക് പകരക്കാരനായാണ് ബാഴ്സ താരത്തെ കാണുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബ്രസീലിയന് പിറകേയുണ്ട്.

5. മാക്സ് മെയെര്‍- ജര്‍മന്‍ ക്ലബായ ഷാല്‍ക്കെയുടെ മധ്യനിര താരമാണ് ഈ 22കാരന്‍. പന്തടക്കത്തിലും പാസ്സിങിലുമുള്ള മികവ് ജര്‍മന്‍ താരത്തെ വന്‍ ക്ലബുകളുടെ ആരാധനാപാത്രമാക്കി. ഷാല്‍ക്കെയുമായുള്ള താരത്തിന്റെ കരാര്‍ ഈ സീസണോടെ അവസാനിക്കും. എന്ത് വില നല്‍കിയും ബാഴ്സ താരത്തെ സ്വന്തമാക്കുമെന്നാണ് റിപ്പോട്ടുകള്‍.


Story by
Next Story
Read More >>