കോസ്റ്റാറിക്കയെ തകർത്ത് ബ്രസീൽ; വലകുലുക്കി നെയ്മറും കുടീഞ്ഞോയും

Published On: 2018-06-22 14:15:00.0
കോസ്റ്റാറിക്കയെ തകർത്ത് ബ്രസീൽ; വലകുലുക്കി നെയ്മറും കുടീഞ്ഞോയും

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ലോകകപ്പ് ഫുട്ബോളിൽ കോസ്റ്ററിക്കയെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് ബ്രസീൽ. 91-ാം മിനിറ്റിൽ കുടീഞ്ഞോ നേടിയ ഗോളിലാണ് ബ്രസീൽ മേൽക്കൈ നേടിയത്. 97-ാം മിനിറ്റിൽ നെയ്മർ നേടിയ ​ഗോൾ ​വിമർശനങ്ങൾക്ക് മറുപടി പറയുന്നതായിരുന്നു. കോസ്റ്ററിക്കയുടെ പാർക്കിങ് തന്ത്രത്തിനു മുന്നിൽ പരുങ്ങിനിന്ന ബ്രസീൽ അവസാന നിമിഷങ്ങളിൽ ആഞ്ഞടിച്ചാണ് വിജയം പിടിച്ചെടുത്തത്.

റഷ്യൻ ലോകകപ്പിൽ ബ്രസീലിന്റെ ആദ്യ ജയമാണിത്. ആദ്യ മൽസരത്തിൽ മഞ്ഞപ്പട സ്വിറ്റ്സർലൻഡുമായി സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ രണ്ടു മൽസരങ്ങളിൽനിന്ന് നാലു പോയിന്റുമായി ബ്രസീൽ ഗ്രൂപ്പിൽ മുന്നിലെത്തി. തുടർച്ചയായ രണ്ടാം തോൽവിയോടെ കോസ്റ്ററിക്ക പുറത്തേക്കും. രണ്ടാം പകുതിയിൽ തുടർച്ചയായ ആക്രമണമാണ് കാനറികൾ അഴിച്ചുവിട്ടത്. കോസ്റ്റാറിക്കയ്ക്ക് പലപ്പോഴും രക്ഷകനായത് ഗോൾകീപ്പർ കെയ്‌ലര്‍ നവാസാണ്.

ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾനേടാനായിരുന്നില്ല. പരുക്ക് മാറി ആദ്യ ഇലവനില്‍ കളിക്കുന്ന നെയ്മര്‍ ഈ മല്‍സരത്തിലും തുടര്‍ച്ചയായി ഫൗള്‍ ചെയ്യപ്പെട്ടു. ബ്രസീലിന്റെ പല മുന്നേറ്റങ്ങളും കോസ്റ്റാറിക്കൻ പ്രതിരോധത്തിൽ തട്ടി അവസാനിക്കുന്ന കാഴ്ചയായിരുന്നു ആദ്യ പകുതിയിൽ. തിയാഗോ സില്‍വയായിരുന്നു ഇന്ന് ബ്രസീൽ നായകൻ.

Top Stories
Share it
Top