റയൽ യൂറോപ്യൻ രാജാക്കന്മാര്‍;തുടർച്ചയായ മൂന്നാം കിരീടം

Published On: 2018-05-27 03:30:00.0
റയൽ യൂറോപ്യൻ രാജാക്കന്മാര്‍;തുടർച്ചയായ മൂന്നാം കിരീടം

കീവ്: ലിവര്‍പൂളിനെ തകര്‍ത്ത് തരിപ്പണമാക്കി റയല്‍ മാഡ്രിഡ് യൂറോപ്യന്‍ രാജാക്കന്മാര്‍. ഒന്നിനെതിരേ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ ലിവർപൂളിനെ തോൽപ്പിച്ചത്.ഗരെത് ബെയ്‌ലിന്റെ ഇരട്ട ഗോളുകളും കരീം ബെന്‍സേമയുടെ ഒരു ഗോളുമാണ് റയലിന് ത്രസിപ്പിക്കുന്ന ജയമൊരുക്കിയത്. ലിവര്‍പൂളിന്റെ ഏകഗോള്‍ സാദിയോ മാനെ നേടി.

ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ ലോറിസ് കറിയൂസിന്റെ മണ്ടത്തരമാണ് ആദ്യ ഗോളില്‍ കലാശിച്ചത്. 51ാം- മിനിറ്റില്‍ കറിയൂസ് പിടിച്ച പന്ത് സഹതാരത്തിന് നല്‍കുന്നതിനിടെ ബെന്‍സേമ കാല്‍വെച്ച് പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. എന്നാല്‍ 55ാം- മിനിറ്റില്‍ തന്നെ മാനെയിലൂടെ ലിവര്‍പൂള്‍ തിരിച്ചടി നൽകി.

64ാം- മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ബെയ്ല്‍ സമനിലക്കുരുക്ക് പൊട്ടിക്കുകയായിരുന്നു. ബൈസിക്കിള്‍ കിക്കിലൂടെയായിരുന്നു താരത്തിൻെറ ​ഗോൾ. തുടര്‍ന്ന് ജീവൻ- മരണപ്പോരാട്ടത്തിലൂടെ ലിവര്‍പൂള്‍ ഗോള്‍ മടക്കാന്‍ ശ്രമിക്കുന്നതിനിടെ 83ാം- മിനിറ്റില്‍ റയലിന്റെ മൂന്നാം ഗോളും പിറന്നു. ബെയ്‌ലിന്റെ ഒരു ലോങ് റേഞ്ച് ഷോട്ട് കരിയസ് തട്ടിയകറ്റാന്‍ ശ്രമിച്ചു എങ്കിലും കൈയില്‍ തട്ടി പന്ത് വലകുലുക്കുകയായിരുന്നു.

അഞ്ച് വര്‍ഷത്തിനിടെ റയലിൻെറ നാലാം കിരീട നേട്ടമാണത് . തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം നേടി റയൽ ചരിത്രത്തിലും ഇടം പിടിച്ചു.

Top Stories
Share it
Top