ക്രൊയേഷ്യന്‍ വീരഗാഥ

മോസ്‌കോ: കൂട്ടായ്മയുടെ,കഠിനാധ്വാനത്തിന്റെ,ആത്മസമര്‍പ്പണത്തിന്റെ കളിയില്‍ ആരെയും കീഴ്പ്പെടുത്താമെന്ന് ക്രൊയേഷ്യ തെളിയിച്ചു. മാന്‍ഡുസുക്കിച്ചിന്റെ അധിക...

ക്രൊയേഷ്യന്‍ വീരഗാഥ

മോസ്‌കോ: കൂട്ടായ്മയുടെ,കഠിനാധ്വാനത്തിന്റെ,ആത്മസമര്‍പ്പണത്തിന്റെ കളിയില്‍ ആരെയും കീഴ്പ്പെടുത്താമെന്ന് ക്രൊയേഷ്യ തെളിയിച്ചു. മാന്‍ഡുസുക്കിച്ചിന്റെ അധിക സമയത്തെ ഗോള്‍ ചരിത്രം കുറിച്ചപ്പോള്‍ വമ്പന്‍ നിരയുമായി വന്ന ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ക്രൊയേഷ്യ അവരുടെ ആദ്യ ലോകകപ്പ് ഫൈനലില്‍ ഇടം പിടിച്ചു. ജൂലൈ പതിനഞ്ചിന് ഫ്രാന്‍സാണ് ലൂക്കാ മോഡ്രിച്ചിന്റയും സംഘത്തിന്റെയും ആദ്യ ലോകകപ്പ് കലാശ പോരാട്ടത്തിലെ എതിരാളികള്‍.

ഒത്തു പിടിച്ചാല്‍ മലയും പോരും എന്ന ചൊല്ല് അന്വര്‍ത്ഥ്വമാക്കിയാണ് ക്രൊയേഷ്യ ലുഷ്നിക്കിയില്‍ ജയിച്ചു കയറിയത്. 4-5-1 ശൈലിയിലാണ് സ്ലാട്ട്കോ ഡാലിച്ച് ടീമിനെ വിന്യസിച്ചത് മറുഭാഗത്ത് ഈ ലോകകപ്പിലെ സ്ഥിരം ശൈലിയായ 3-5-2ല്‍ ഗാരത് സൗത്ത്ഗെയിറ്റും. കളി തുടങ്ങിയപ്പോള്‍ തന്നെ ഇംഗ്ലിഷ് പടയുടെ മുന്നേറ്റമായിരുന്നു. ആത്മവിശ്വാസത്തോടെ പന്തു തട്ടിയ സിംഹപട ഏതു നിമിഷവും ഗോള്‍ നേടുമെന്ന് തോന്നിച്ചു. അഞ്ചാം മിനുട്ടില്‍ തന്നെ പ്രതീക്ഷിച്ചത് സംഭവിച്ചു. കെയ്റന്‍ ട്രിപ്പിയറെടുത്ത ഫ്രീകിക്ക് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ സുബാസിച്ചിനെ കാഴ്ച്ചക്കാരനാക്കി വലയിലെത്തി.

ഇംഗ്ലണ്ടിന്റെ വിജയതേരോട്ടം കാണാനെത്തിയ പതിനായിരകണക്കിന് ആരാധകര്‍ ആര്‍ത്തുല്ലസിച്ചു. മൈതാനം ത്രസിച്ചു. കളി തുടര്‍ന്നു കൊണ്ടെയിരുന്നു. ക്രൊയേഷ്യന്‍ താരങ്ങള്‍ പന്തു കിട്ടാതെ,കിട്ടിയ പന്തുകള്‍ കളഞ്ഞുകുളിച്ച് യാതൊരു ലക്ഷ്യ ബോധവുമില്ലാതെ കളിച്ചു. മധ്യനിരയില്‍ ട്രിപ്പിയറും ഇടതുവിംഗില്‍ ആഷ്ലി യംഗും ആധിപത്യം പുലര്‍ത്തിയതോടേ പന്ത് പൂര്‍ണ്ണമായും ക്രൊയേഷ്യന്‍ ബോക്സിലായി. ഇംഗ്ലണ്ട് മുന്നേറ്റത്തില്‍ റഹീം സ്റ്റെര്‍ലിംഗായിരുന്നു ഏറ്റവും അപകടകാരി. നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ് കെയ്നും ടീമും ആദ്യ പകുതിയില്‍ രണ്ടാം ഗോള്‍ നേടാതെ പോയത്.

രണ്ടാം പകുതിയില്‍ കളി മാറി. അര്‍ജന്റീനയ്ക്കെതിരെ,റഷ്യയ്ക്കെതിരെ കളിച്ച ലൂക്കാ മോഡ്രിച്ചിനെയും സംഘത്തയും പിന്നീട് കളിയില്‍ കണ്ടു. പന്തിന്‍ മേല്‍ ക്രൊയേഷ്യന്‍ താരങ്ങള്‍ നിയന്ത്രണം ഏറ്റെയുത്തതോടേ ഇംഗ്ലീഷ് ഗോളി പിക്ഫോര്‍ഡിന് പിടിപ്പത് പണിയായി. ആന്മവിശ്വാസം വീണ്ടെടുത്ത നിരയില്‍ റാക്കിട്ടിച്ച്,മോഡ്രിച്ച്,പെരിസിച്ച്,മാന്‍ഡുസുകിച്ച് എന്നിവര്‍ ഉണര്‍ന്നതോടേ സമനില ഗോളും പിറന്നു. വലതുവിംഗില്‍ നിന്ന് വ്രാസാല്‍ജോക് നല്‍കിയ സുന്ദര ക്രോസില്‍ കാലു വച്ച് പെരിസിച്ച് ഇംഗ്ലണ്ടിന്റെ വല കുലുക്കി. കളി സമനിലയായതോടേ ഇരു ടീമുകളും അക്രമണം തുടര്‍ന്നു. അധികസമയം വരെയൊ ഷൂട്ടൗട്ട് വരെയോ കളി നീണ്ടുപോകരുതെന്ന തീരുമാനത്തോടെ വിജയഗോളിനായി ഇരുവരും കിണഞ്ഞു പരിശ്രമിച്ചു.

പെരിസിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റില്‍ കൊണ്ട് മടങ്ങിയത് അവിശ്വസിനീയതോടേ ക്രൊയേഷ്യന്‍ ആരാധകര്‍ നോക്കിനിന്നു. കോര്‍ണറില്‍ നിന്ന് സ്റ്റോണ്‍സെടുത്ത ഹെഡ്ഡര്‍ കൃത്യമായ പൊസിഷനില്‍ സ്ഥാനുമറപ്പിച്ച വ്രാസല്‍ജാക് തല കൊണ്ടു തടുത്തിട്ടത് ഇംഗ്ലണ്ടിനും വിനയായി. പിക്ഫോര്‍ഡ് രണ്ടു സേവുകളും നടത്തിയതോടെ കളി അധികസമയത്തേക്ക് കടന്നു. ഇംഗ്ലണ്ട് രണ്ടാമതാണ് അധികസമയത്ത് റഷ്യയില്‍ കളിക്കുന്നത്. ക്രൊയേഷ്യ മൂന്നാമതും. ഇത് കളിയില്‍ നിഴലിച്ചു. ഇംഗ്ലീഷ് താരങ്ങളേക്കാള്‍ മികവേടെ പന്തു തട്ടിയത് ക്രൊയേഷ്യയാണ്.

കളിയുടെ 109ാം മിനുട്ടില്‍ ഇംഗ്ലീഷ് പ്രതിരോധത്തിന്റെ പിഴവ് മുതലാക്കി യുവന്റസ് താരം മാന്‍ഡുസുക്കിച്ച് ക്രൊയേഷ്യയുടെ ചരിത്ര ഗോള്‍ നേടി. മാന്‍ഡുസുകിച്ച് ചരിത്ര നായകനുമായി. ലോകകപ്പില്‍ അരങ്ങേറിയ ഇരുപതാം വര്‍ഷത്തില്‍ ടീം ഫൈനലിലെത്തി. അവസാന വിസില്‍ മുഴങ്ങിയതോടേ ക്രൊയേഷ്യന്‍ ടീം ആഹ്ലാദം തുടങ്ങി കഴിഞ്ഞു. ഏവരുടെയും പ്രവചനങ്ങളെ കാറ്റില്‍ പറത്തിയാണ് സാധാരണ ടീമുമായി വന്നെത്തിയ കുഞ്ഞു രാജ്യം ലോകകപ്പ് ഫൈനലില്‍ ഇടം പിടിക്കുന്നത്. ഞായറാഴ്ച്ച ഇതേ മൈതാനത്ത് ചരിത്രം പിറക്കുമോ എന്ന് കാത്തിരിക്കാം. ഇംഗ്ലണ്ട് ശനിയാഴ്ച്ച മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ ബെല്‍ജിയത്തെ നേരിടും.

Story by
Next Story
Read More >>