ഇന്ത്യ തോറ്റു; ഏകദിന പരമ്പര ഇം​ഗ്ലണ്ടിന്

Published On: 2018-07-18 03:00:00.0
ഇന്ത്യ തോറ്റു; ഏകദിന പരമ്പര ഇം​ഗ്ലണ്ടിന്

ലീഡ്​സ്​: ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് വിജയം. ഇന്ത്യ ഉയർത്തിയ 257 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 44.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സെഞ്ച്വറി നേടിയ ജോ റൂട്ടി​​ന്റേയും(100) അർധസെഞ്ച്വറി നേടിയ ക്യാപ്​റ്റൻ ഒയിൻ മോർഗ​​ൻെറയും(88) തകർപ്പൻ കൂട്ടുകെട്ടാണ്​ ഇംഗ്ലണ്ടിന്​ അനായാസ ജയം ഒരുക്കിയത്​. 186 റൺസ് നേടിയ സഖ്യം പുറത്താകാതെ നിന്നു.

അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. കോഹ്‍ലി 72 പന്തിൽ എട്ടു ബൗണ്ടറി ഉൾപ്പെടെ 71 റൺസെടുത്തു. 49 പന്തിൽ ഏഴു ബൗണ്ടറികൾ ഉൾപ്പെടെ നേടിയ 44 റൺസ് നേടിയ ധവാനും 66 പന്തിൽ നാലു ബൗണ്ടറികളോടെ 42 റൺസെടുത്ത ധോണിയുമാണ് ഇന്ത്യൻ ടോട്ടലിലേക്ക് മറ്റ് പ്രധാന സംഭവാന നൽകിയത്. അവസാന ഓവറുകളിൽ ഭുവനേശ്വർ കുമാറും (35 പന്തിൽ ഒരു ബൗണ്ടറിയോടെ 21) ഷാർദുൽ താക്കൂറും (13 പന്തിൽ രണ്ടു സിക്സ് സഹിതം പുറത്താകാതെ 22) നടത്തിയ പ്രകടനമാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്.

ജെയിംസ്​ വിൻസ്​(27), ജോണിബെയർസ്​റ്റോ(30) എന്നിവരുടെ വിക്കറ്റാണ്​ ഇംഗ്ലണ്ടിന്​ നഷ്​ടമായത്​. 10 ഓവറിൽ 49 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ആദിൽ റഷീദും ഒൻപത് ഓവറിൽ 40 റൺ മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത ഡേവിഡ് വില്ലിയുമാണ് പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ തകർക്കുന്നതിൽ നിർണായകമായത്. മൂന്നു മൽസരങ്ങളടങ്ങിയ ഏകദിന പരമ്പര രണ്ടാം ജയത്തോടെ ഇംഗ്ലണ്ട് സ്വന്തമാക്കി. ആദ്യ മൽസരം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചപ്പോൾ രണ്ടാം മൽസരം ഇംഗ്ലണ്ട് 86 റൺസിന് സ്വന്തമാക്കിയിരുന്നു.

Top Stories
Share it
Top