ഫഖര്‍ സമാൻ 210*; ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ പാക് താരം

Published On: 2018-07-20 13:00:00.0
ഫഖര്‍ സമാൻ 210*; ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ പാക് താരം

ബുലാവോ: ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ പാക്കിസ്ഥാന്‍ താരമായി ഫഖര്‍ സമാന്‍. സിംബാവെയ്‌ക്കെതിരായ നാലാം ഏകദിനത്തിലാണ് ഫഖര്‍ സമാന്റെ നേട്ടം. 156 പന്തില്‍ 210 റണ്‍സെടുത്ത സമാന്‍ പുറത്താകാതെ നിന്നു.

നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ സമാന്റെ ഇരട്ട സെഞ്ചുറിയുടെയും ഇമാം ഉള്‍ ഹക്കിന്റെ സെഞ്ചുറിയുടെയും ബലത്തില്‍ 399 റണ്‍സെടുത്തു. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 304 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 42ാം ഓവറിലാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നത്.

156 പന്തില്‍ നിന്നും 24 ഫോറും അഞ്ച് സിക്‌സറും അടക്കമാണ് സമാന്‍ 210 റണ്‍സെടുത്തത്. സെയ്ദ് അന്‍വറിന്റെ 194 റണ്‍സ് പ്രകടനമാണ് ഇതിനു മുന്നേ പാക് താരത്തിന്റെ മികച്ച സ്‌കോര്‍.

ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ പാക് താരമാണ് സമാന്‍. സച്ചിന്‍ തെണ്ടുല്‍ക്കാര്‍, വീരേന്ദ്ര സെവാഗ്, രോഹിത് ശര്‍മ്മ, ക്രിസ് ഗെയില്‍, മാര്‍ട്ടിന്‍ ഗുപ്തില്‍ എന്നിവരാണ് ഇതിനു മുന്നേ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയ താരങ്ങള്‍

Top Stories
Share it
Top