2026 ഫിഫ ലോകകപ്പ് അമേരിക്കയില്‍ 

Published On: 2018-06-13 12:00:00.0
2026 ഫിഫ  ലോകകപ്പ് അമേരിക്കയില്‍ 

സൂറിച്ച്: 2026ലെ ഫിഫ ലോകകപ്പിനുളള വേദി പ്രഖ്യാപിച്ചു. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നി രാജ്യങ്ങള്‍ സംയുക്തമായി ലോകകപ്പിന് ആതിഥ്യമരുളും. വേദി തീരുമാനിക്കുന്നതിനുള്ള വോട്ടെടുപ്പിൽ മൊറോക്കോയെ പിന്തള്ളിയാണ് വടക്കേ അമേരിക്ക ഫിഫ ലോകകപ്പിന് വേദിയാകുന്നത്. ഫ‌ിഫ വാർഷിക കോൺ​ഗ്രസിൽ നടത്തിയ വോട്ടെടുപ്പിലാണ് വേദി തീരുമാനിച്ചത്. വടക്കേ അമേരിക്കയ്ക്ക് വോട്ടെടുപ്പിൽ 134 വോട്ട് ലഭിച്ചപ്പോള്‍ മൊറോക്കോയ്ക്ക് 64 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ഫിഫയുടെ ചരിത്രത്തിലാദ്യമായാണ് മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍ ലോകകപ്പിലെ ഭൂരിപക്ഷം മത്സരങ്ങളും നടക്കുക അമേരിക്കയിലായിരിക്കും. ആകെയുള്ള 80 മത്സരങ്ങളില്‍ 60-ഉം അമേരിക്കയില്‍ നടക്കുമ്പോള്‍ 10 മത്സരങ്ങൾ വീതം കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കും.

കാനഡ ആദ്യമായാണ് ലോകകപ്പിന് വേദിയാകുന്നത്. മെക്സിക്കോ ഇത് മൂന്നാം തവണയാണ് ഫിഫ ലോകകപ്പിന് വേദിയാകുന്നത്. നേരത്തെ 1986, 1970 എന്നീ വർഷങ്ങളിലും ഫിഫ ലോകകപ്പിന് വേദിയായത് മെക്സിക്കോയാണ്. അമേരിക്കയ്ക്ക് ഇത് രണ്ടാം തവണയാണ് ലോകകപ്പിന് വേദിയാകുന്നത്. 1994ലെ ലോകകപ്പിനും അമേരിക്ക‌യാണ് ആതിഥേയത്വം വഹിച്ചത്. 2022ലെ ലോകകപ്പ് ഖത്തറിലാണ് നടക്കുന്നത്.

Top Stories
Share it
Top