ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് പോരാട്ടങ്ങൾക്ക് നിമിഷങ്ങൾ ബാക്കി

Published On: 2018-06-25 13:00:00.0
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് പോരാട്ടങ്ങൾക്ക് നിമിഷങ്ങൾ ബാക്കി

സമാറ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് പോരാട്ടങ്ങൾ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി. എ, ബി ഗ്രൂപ്പുകളിലെ കളികൾ ഇന്നു നടക്കും. ഒത്തുകളിയും കണക്കിലെ കളിയും ഒഴിവാക്കാൻ, ഗ്രൂപ്പിലെ രണ്ടു മൽസരങ്ങളും ഒരേസമയത്താണു നടക്കുക.

ലോകകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് എയിൽ നിന്ന് പ്രീക്വാർട്ടർ ഉറപ്പിച്ചുകഴിഞ്ഞവരാണ് ആതിഥേയരായ റഷ്യയും പ്രഥമ ചാമ്പ്യന്മാരായ യുറഗ്വായും. ഗ്രൂപ്പിലെ അവസാന മത്സരം പക്ഷേ, മറ്റൊരു കാര്യത്തിൽ നിർണായകമായിരിക്കുകയാണ് ഇരുവർക്കും. ഗ്രൂപ്പ് ചാമ്പ്യന്മാരാവുകയാണ് ഇരുവരുടെയും ലക്ഷ്യം.

കളിച്ച രണ്ടു കളികളും ജയിച്ച ഇവർക്ക് ആറ് പോയിന്റ് വീതമുണ്ട്. ഒരു സമനില മതി റഷ്യയ്ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാവൻ. രണ്ട് കളികളിൽ എട്ട് ഗോളടിച്ച ആതിഥേയർ ഒരൊറ്റ ഗോൾ മാത്രമാണ് തിരിച്ചുവാങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളുടെയും കടമ്പ കടന്നെങ്കിലും രണ്ട് ഗോൾ മാത്രമാണ് ഇവർക്ക് അടിക്കാനായത്. ഒന്നും തിരിച്ചുവാങ്ങിയില്ലെന്ന് ആശ്വാസമുണ്ട്. ഇന്നത്തെ മത്സരം സമനിലയിലായാൽ മികച്ച ഗോൾശരാശരിയുടെ ബലത്തിൽ റഷ്യ ഗ്രൂപ്പ് ജേതാക്കളാവും.

ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാലും രണ്ടാം സ്ഥാനക്കാരായാലും പ്രീക്വാർട്ടറിൽ ഇവരെ കാത്തരിക്കുന്നത് ശക്തരായ എതിരാളികൾ തന്നെയാണ്. ഗ്രൂപ്പ് എയിലെ ജേതാക്കൾക്ക് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് എതിരാളികൾ. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാർക്ക് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരും.

ഗ്രൂപ്പ് ബിയിൽ ഇനിയും തീരുമാനമായിട്ടില്ല. സ്പെയിനും പോർച്ചുഗലും ഇറാനും തമ്മിലാണ് മത്സരം. സ്പെയിനിനെയും പോർച്ചുഗലിനെയും ഒഴിവാക്കാൻ റഷ്യയും യുറഗ്വായും ആഗ്രഹിക്കുന്നത് സ്വാഭാവികം.

സൗദിക്കും ഈജിപ്തിനുമെതിരേ ഗോൾ വർഷം നടത്തിയ റഷ്യയ്ക്കു തന്നെയാണ് മേൽക്കൈ. ഫിനിഷിങ്ങളിലെ മികവ് അവർക്കൊരു മുതൽക്കൂട്ടാണ്. അലക്സാണ്ടർ ഗോളോവിൻ, ഡെന്നിസ് ചെറിഷേവ് എന്നിവരുടെ അപാര ഫോം തന്നെയാണ് അവരുടെ മുതൽക്കൂട്ട്.

Top Stories
Share it
Top