ആദ്യ സെമിയില്‍ നീലയോ ചുവപ്പോ

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പ് ചുരുങ്ങുമ്പോള്‍ അതിന്റെ ആവേശം കൂടിവരികയാണ്. നാലില്‍ നിന്ന്് ഇനി രണ്ടിലേക്കുള്ള പോരാട്ടം. അവസാന രണ്ടില്‍...

ആദ്യ സെമിയില്‍ നീലയോ ചുവപ്പോ

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പ് ചുരുങ്ങുമ്പോള്‍ അതിന്റെ ആവേശം കൂടിവരികയാണ്. നാലില്‍ നിന്ന്് ഇനി രണ്ടിലേക്കുള്ള പോരാട്ടം. അവസാന രണ്ടില്‍ കടക്കാനുള്ള സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. കരുത്തരായ ഫ്രാന്‍സും ബെല്‍ജിയവുമാണ് ആദ്യ സെമിയില്‍ നേര്‍ക്കുനേര്‍. രാത്രി 11.30ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ കളി തുടങ്ങും.

ആദ്യ ഫൈനലിനായി ബെല്‍ജിയം,രണ്ടാം കിരീടത്തിനായി ഫ്രാന്‍സ്. ഇതാണ് കളിക്കു മുന്നേയുള്ള പോരാട്ടത്തിന്റെ ലഘുവിശേഷണം. ബ്രസീല്‍ കൂടി പുറത്തായതോടേ ഫേവറേറ്റ്സ് ടീമായി ഫ്രഞ്ച് പട മാറികഴിഞ്ഞു. മിന്നല്‍ വേഗത കൊണ്ടും കളിമികവിനാലും ബെല്‍ജിയത്തിനായി ആര്‍പ്പു വിളിക്കാനും ലോകമേമ്പാടും ആളുകളുണ്ട്. 1986 ലോകകപ്പില്‍ നാലമതെത്തിയതാണ് ബെല്‍ജിയത്തിന് ലോകകപ്പില്‍ ഓര്‍മിക്കാനുള്ളത്. ഫ്രാന്‍സിനെ മറികടന്ന് കലാശപോരാട്ടത്തില്‍ കപ്പുയര്‍ത്തുക എന്ന ഒറ്റ മന്ത്രവുമായാണ് റോബേര്‍ട്ടേ മാര്‍ട്ടിനസും സംഘവും സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മൈതാനത്ത് പന്തു തട്ടാനിറങ്ങുക.

സന്തുലിതമാണ് ദിദിയര്‍ ദെഷാംപ്സിന്റെ ബ്ലൂസ്. പ്രതിരോധ നിര, മധ്യ നിര, മുന്നേറ്റ നിര എന്നിവയിലെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച താരങ്ങളാല്‍ സമ്പന്നം. കഴിഞ്ഞ അഞ്ചു കളികളിലും എതിരാളികള്‍ക്ക് മുന്നില്‍ ഫ്രാന്‍സ് പോരാട്ട വീര്യം തെളിയിച്ചു. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയോടുള്ള മത്സരം ടീമിന്റെ കരുത്ത് കണ്ടു. ക്വാര്‍ട്ടറില്‍ ഉറുഗ്വയെ അനായാസം രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് ടീം സെമിയിലേക്ക് മാര്‍ച്ച് ചെയ്ത് വരുന്നത്. പ്രതിരോധത്തില്‍ ബാഴ്സലോണയുടെ ഉംറ്റിറ്റി, റയലിന്റെ റാഫേല്‍ വരാനെ, ബെഞ്ചമിന്‍ പവാര്‍ഡ് എന്നീ യുവതാരങ്ങള്‍, മധ്യത്തില്‍ പോള്‍ പോഗ്ബ ടീമിന്റെ കളത്തിലെ ആശാനാകും. പ്രതിരോധത്തിലൂന്നിയ മധ്യനിര താരമായി ടൂര്‍ണമെന്റ് കണ്ട മികച്ച താരങ്ങളിലൊരാളായ എന്‍ഗോള കാന്റെ കൂടി അണിചേരുമ്പോള്‍ ബെല്‍ജിയത്തിന്റെ യുവതുര്‍ക്കികള്‍ക്ക് ഏറേ വിയര്‍ക്കേണ്ടി വരും. ഏദന്‍ ഹസാര്‍ഡിനെ മെരുക്കാന്‍ കാന്റെയ്ക്കാകും ദെഷാംപ്സ് ചുമതല നല്‍കുക. കഴിഞ്ഞ കളിയില്‍ സസ്പെന്‍ഷന്‍ മൂലം പുറത്തിരിക്കേണ്ടി വന്ന പരിചയ സമ്പന്നനായ ബ്ലായിസ് മറ്റൂഡി കൂടി എത്തുന്നതോടേ ടീമിന് പുത്തനുണര്‍വാകും. മുന്നേറ്റത്തില്‍ ഗ്രീസ്മാന്‍,ജിറൂഡ്,എംബാപെ എന്നിവരും. ഇത്രയും മികച്ച ഇലവന്‍ മറ്റൊരു ടീമിനുമില്ല എന്നതാണ് വാസ്തവം. ഗോള്‍വല കാക്കാന്‍ നായകന്‍ ഹ്യൂഗോ ലോറിസ് കൂടിയാകുന്നതോടേ നീലപടയ്ക്ക് മേലേ ചുവപ്പ് പടര്‍ത്താന്‍ ബെല്‍ജിയം ജീവന്‍ മരണ പോരാട്ടം നടത്തേണമെന്നുറപ്പ്.

ശാരീരികമായി ഏറേ കരുത്തരാണെന്നതാണ് ബെല്‍ജിയത്തിന്റെ പ്രധാന ഗുണം. ബ്രസീലിനെതിരെ ഗോളേന്നുറച്ച നാലോളം ഷോട്ടുകള്‍ തട്ടിയകറ്റിയ ഗോള്‍കീപ്പര്‍ തിബൗത്ത് കോര്‍ട്ടോയിസിനെ കീഴടക്കാന്‍ ഫ്രഞ്ച് പടയക്ക് എളുപ്പമാകില്ല. വിന്‍സന്റ് കൊംമ്പാനി നയിക്കുന്ന പ്രതിരോധത്തില്‍ ടോബി ആല്‍ഡര്‍ഫീല്‍ഡും ചേരുന്നതോടെ കരുത്താകുന്നുവെങ്കിലും ടൂര്‍ണമെന്റില്‍ ഇതേവരേ ബെല്‍ജിയം പ്രതിരോധം ഉണര്‍ന്നു കളിച്ചിട്ടില്ല. മധ്യനിരയും മുന്നേറ്റവുമാണ് ടീമിന്റെ ശക്തി. അക്സല്‍ വിറ്റല്‍,ഫെല്ലിനി എന്നിവരൊപ്പം കളി നിയന്ത്രിക്കാന്‍ ടീമിന്റെ തലച്ചോറായി കെവിന്‍ ഡീ ബ്രയിനുമുണ്ടാകും. ഇവര്‍ നല്‍കുന്ന പന്തുമയി ശരവേഗത്തില്‍ കുതിക്കാന്‍ റോമിലോ ലൂക്കാക്കുവും നായകന്‍ ഏദന്‍ ഹസാര്‍ഡും. ബെല്‍ജിയത്തിന്റെ മധ്യനിരയെ ഒതുക്കിയാല്‍ ഫ്രഞ്ച് പടയ്ക്ക് വിജയം നേടാനാകും. അതിനായില്ലെങ്കില്‍ ബ്രസീലിന്റെ വിധിയാവും ടീമിന്. ലീഗിലെ ഏറ്റവും നല്ല പ്രകടനം നടത്തിയ ടീമാണ് ബെല്‍ജിയം. അഞ്ചില്‍ അഞ്ചും ജയിച്ചു. ശക്തരായ ഇംഗ്ലണ്ടിനെയും ബ്രസീലിനെയും തോല്‍പ്പിച്ചു വരുന്ന ടീമിന് ആന്മവിശ്വാസം ഏറേയാണ്. റോബേര്‍ട്ടോ മാര്‍ട്ടിനസ് 4-4-2 എന്ന പരമ്പരാഗത ശൈലിയിലാകും ടീമിനെ വിന്യസിക്കുക. രണ്ടു മഞ്ഞ കാര്‍ഡ് കണ്ട് സെമിയില്‍ സസ്പെന്‍ഷന്‍ നേരിടുന്ന പ്രതിരോധത്തിലെ വിശ്വസ്തന്‍ തോമസ് മ്യൂയിനര്‍ കളത്തില്‍ ഇല്ലാത്തത് ചെമ്പടയാളികള്‍ക്ക് വലിയ തിരിച്ചടിയാണ്. താരത്തിന് പകരം നാസെര്‍ ചാഡ്ലി വലതു വിംഗില്‍ കളിച്ചേക്കും. യാനിക് കറാസ്‌കോ ഇടതും കളിക്കും.

ലോകകപ്പില്‍ ഇരു ടീമുകളും രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും ജയം ഫ്രാന്‍സിനൊപ്പം നിന്നു. എന്നാല്‍ ഇരു ടീമുകളും ആകെ 73 കളികളില്‍ പോരാടിയപ്പോള്‍ വിജയം കൂടുതല്‍ ബെല്‍ജിയത്തിനാണ്.


സാധ്യതാ ഇലവന്‍

ഫ്രാന്‍സ് : ഹ്യൂഗോ ലോറിസ്,ലൂക്കാസ് ഹെര്‍ണാണ്ടസ്,ഉംറ്റിറ്റി,വരാനെ,പവാര്‍ഡ്,കാന്റെ,പോഗ്ബ,മറ്റൂഡി,ഗ്രീസ്മാന്‍,എംബാപെ,ജിറൂഡ്

ബെല്‍ജിയം : കോര്‍ട്ടോയിസ്,വെര്‍ട്ടോഗെന്‍,കൊംപാനി,തോമസ് വെര്‍മാലെന്‍,ആല്‍ഡര്‍ഫീല്‍ഡ്,കറാസ്‌കോ,വിറ്റ്സല്‍,ഡീ ബ്രയിന്‍,ചാഡ്ലി,ഹസാര്‍ഡ്,ലൂക്കാക്കു.

Story by
Next Story
Read More >>