കൂടുമാറുമോ നെയ്മര്‍..

മാഡ്രിഡ്: കൗമാര കാലത്ത് ഉറ്റ സുഹൃത്തിനോട് നെയ്മര്‍ പറഞ്ഞത്രേ ഭാവിയില്‍ താന്‍ എല്ലാ ജി 14(യൂറോപ്പിലെ മികച്ച 14 ക്ലബുകള്‍)ടീമുകളിലും കളിക്കുമെന്ന്....

കൂടുമാറുമോ നെയ്മര്‍..

മാഡ്രിഡ്: കൗമാര കാലത്ത് ഉറ്റ സുഹൃത്തിനോട് നെയ്മര്‍ പറഞ്ഞത്രേ ഭാവിയില്‍ താന്‍ എല്ലാ ജി 14(യൂറോപ്പിലെ മികച്ച 14 ക്ലബുകള്‍)ടീമുകളിലും കളിക്കുമെന്ന്. 2009ല്‍ ബ്രസീലിയന്‍ ക്ലബ് സാന്റോസില്‍ കരിയര്‍ ആരംഭിച്ച്, 2013ല്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയില്‍ മിന്നും മികവില്‍ കാറ്റലോണിയയ്ക്കു വേണ്ടി പന്തുതട്ടുന്നതിനിടെ അപ്രതീക്ഷിതമായി കഴിഞ്ഞ വര്‍ഷം സ്പെയിനില്‍ നിന്ന് പറന്ന് ഫ്രാന്‍സിലെ പാരിസ് സെയിന്റ് ജെര്‍മ്മനിലേക്ക്. റെക്കോഡ് തുകയായ 3,000 കോടിയോളം രൂപ മുടക്കി അഞ്ച് വര്‍ഷത്തേക്ക് പാരീസില്‍ തമ്പടിച്ച നെയ്മര്‍ സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ ഫെബ്രുവരി അവസാനം കളിക്കിടെ ഗുരുതര പരിക്കേറ്റ് പുറത്തായ താരം ഈ സീസണില്‍ ഇതു വരെ കളിച്ചിട്ടില്ല. സഹതാരം എഡിസണ്‍ കവാനിയുമായുള്ള തര്‍ക്കങ്ങളും ഫ്രഞ്ചിലെ അന്തരീക്ഷങ്ങളും നെയ്മറെ പി.എസ്.ജി വിടാന്‍ പ്രേരിപ്പിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിനു ശേഷം താരം വീണ്ടും ബാഴ്സലോണയിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹം ഏറേയായിരുന്നു. സമൂഹമാധ്യമത്തില്‍ മെസ്സിയോടൊപ്പമുള്ള ചിത്രം സഹിതം ഏവരെയും അദ്ഭുതപ്പെടുത്തുന്ന വാര്‍ത്തകള്‍ ഉടനെന്ന് താരം പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ബാഴ്സ ആരാധകരുടെ നെഞ്ച് പിളര്‍ക്കുന്നതാണ്. ബന്ധവൈരികളായ റയല്‍ മാഡ്രിഡിലേക്ക് നെയ്മര്‍ ചേക്കേറുന്നു എന്നാണ് താരവുമായും റയലുമായും ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


ലാ ലീഗാ സീസണില്‍ അവസാനമെത്തുമ്പോള്‍ കിതച്ചു പോയ റയലിന് മുന്നേറ്റത്തില്‍ റോണാള്‍ഡോയ്ക്ക് കൂട്ടായി ഒരു താരം വേണം. ബാഴ്സയുടെ എല്ലാ വിജയങ്ങള്‍ക്കും പിറകില്‍ മെസ്സി, സുവാരസ്, നെയ്മര്‍ സഖ്യമായിരുന്നു. നെയ്മര്‍ക്ക് പകരം ഡിംബാലെ വന്നെങ്കിലും ബാഴ്സ വിജയകുതിപ്പ് തുടര്‍ന്നു. റോണാള്‍ഡോയുടെ കൂട്ടാളികളായ ബെയ്ല്‍, കരീം ബെന്‍സേമ എന്നിവര്‍ സ്ഥിരത പുലര്‍ത്താത്തതാണ് പല കളികളിലും റയലിന് തിരിച്ചടിയായത്. ഇതിനായാണ് മുന്നേറ്റ നിരയില്‍ വമ്പന്‍ താരത്തെ തന്നെ എത്തിക്കാന്‍ റയല്‍ വലയെറിഞ്ഞ് തുടങ്ങിയത്. ലിവര്‍പൂളിന്റെ മിന്നും താരവും സീസണില്‍ മെസ്സിയേക്കാളും റോണോള്‍ഡോയെക്കാളും ഗോളടിച്ചു കൂട്ടിയ ഈജിപ്ത്യന്‍ പുത്തന്‍ താരോദയം മുഹമ്മദ് സലാഹയെ മാഡ്രിഡിലെത്തിക്കാനുള്ള നീക്കം നടത്തിയെങ്കിലും സലാഹ റയലിന്റെ ഓഫറില്‍ താല്‍പര്യം കാട്ടിയില്ല. അന്റോണിയോ ഗ്രീസ്മാനെ ബാഴ്സ ഏറേക്കുറേ സ്വന്തമാക്കുമെന്ന് ഉറപ്പിച്ചതും റയലിന് തലവേദനയായി. നെയ്മറിനെ സ്വന്തമാക്കി ബാഴ്സയുടെ മേല്‍ മാനസികമായ ആധിപത്യം കാട്ടുക എന്നതും റയലിന്റെ നെയ്മര്‍ വലവിരിക്കല്‍ ലക്ഷ്യത്തിലുണ്ട്.


മുഹമ്മദ് സലാഹ റയലിന്റെ വമ്പന്‍ ഓഫര്‍ നിരസിച്ചതിന്റെ പ്രധാന കാരണം പ്രതിഭാ സമ്പന്നരാല്‍ നിറഞ്ഞ റയലില്‍ പകരക്കാരന്റെ ബെഞ്ചിലാകുമോ സ്ഥാനം എന്ന ആശങ്കയിലാണ്. വര്‍ഷങ്ങളായി റയലിന്റെ കളി റോണാള്‍ഡോ എന്ന താരത്തെ കേന്ദ്രീകരിച്ചാണ്. ഈ ശൈലി ആയതിനാലാണ് റയലില്‍ മറ്റുള്ളവര്‍ക്ക് തിളങ്ങാന്‍ കഴിയാത്തതെന്ന വിമര്‍ശനം പലകോണില്‍ നിന്നുയര്‍ന്നിരുന്നു. നെയ്മര്‍ റയലിലെത്തിയാല്‍ താരത്തിന് എത്രത്തോളം സ്വന്തലിദ്ദമായ ശൈലിയില്‍ കളിക്കാനാകം എന്നത് കണ്ടറിയേണം. ബാഴ്സയും റയലും തമ്മിലുള്ള പ്രധാന വ്യത്യാസം ഈ ശൈലിയാണ്. ബാഴ്സ മുന്നേറ്റ നിരയില്‍ ഒരുപോലെ കളിക്കാരെ വിന്യസിക്കുമ്പോളും പന്ത് നല്‍കമ്പോളും റയലിതിന് വിപരീതമായ ശൈലിയാണ് പിന്തുടരുന്നത്. നെയ്മറിന് ഇതിനെ മറികടക്കാനാകുമോ എന്നതും സിനദിന്‍ സിദാന്‍ എന്ന വിജയ പരിശീലകന്‍ നെയ്മറിനായി എന്താണ് കാത്തുവച്ചിരിക്കുന്നതെന്നും നമുക്ക് കാത്തിരുന്നു കാണാം.

Story by
Next Story
Read More >>