ചങ്കാണ് മെസി, ചങ്കിടിപ്പാണ് നെയ്മർ, മുത്താണ്  ക്രിസ്റ്റ്യാനോ; അവർ കളിക്കട്ടെ നമുക്ക് കയ്യടിക്കാം

Published On: 2018-06-13 04:30:00.0
 ചങ്കാണ് മെസി, ചങ്കിടിപ്പാണ് നെയ്മർ, മുത്താണ്  ക്രിസ്റ്റ്യാനോ; അവർ കളിക്കട്ടെ നമുക്ക് കയ്യടിക്കാം

ഹൃദയത്തിൽ കാൽപന്ത് കളിയുടെ ചടുലതയെ കുടിയിരുത്തിയവർക്ക്, കാൽപന്തുകളിയാണ് തങ്ങളുടെ മതമെന്ന് പ്രഖ്യാപിച്ചവർക്ക് ആവേശത്തിൻെറയും ആർപ്പുവിളികളുടെയും രാവുകൾ. ഇനി ലോകത്തിൻെറ കണ്ണും കാതും റഷ്യയിലെ പുൽമൈതാനങ്ങളിൽ. അതെ , കാത്തിരിപ്പിന് വിരാമം. ലോക ഫുട്ബോൾ മാമാങ്കത്തിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകളുടെ ദൂരം മാത്രം. ഫുട്ബോൾ ലോകകപ്പിന്‍റെ 21 -ാം പതിപ്പിന് നാളെ റഷ്യയിൽ വിസിൽ മുഴങ്ങുമ്പോൾ ആദ്യം പോരടിക്കുന്നത് ആതിഥേയരായ റഷ്യയും സൗദി അറേബ്യയും, ഇനി മരണമില്ലാത്ത യുദ്ധങ്ങൾ.

കഴിഞ്ഞതെല്ലാം ചരിത്രം. രചിക്കാനിരിക്കുന്നത് പുതു ചരിത്രം. ചങ്കാണ് മെസി, ചങ്കിടിപ്പാണ് നെയ്മർ, മുത്താണ് ക്രിസ്റ്റ്യാനോ അവർ കളിക്കട്ടെ ആവേശത്തോടെ അർപ്പുവിളികളോടെ നമുക്ക് കയ്യടിക്കാം. അവർ പന്തുതട്ടട്ടെ. കാലിൽ നിന്നും തീതുപ്പുന്ന വെടിയുണ്ടകളുതിർക്കട്ടെ. കൗശലത്തോടെ എതിരാളികളുടെ കണ്ണുവെട്ടിച്ച് വലകുലുക്കട്ടെ. നമുക്ക് കാത്തിരിക്കാം. വെറും മണിക്കൂറുകളുടെ കാത്തിരിപ്പ്. ലോകഫുട്ബോളിൻെറ പുതിയ രാജാക്കന്മാർ അരെന്നറിയാൻ ഉറക്കമില്ലാത്ത 31 ദിനരാത്രങ്ങളുടെ ദൂരം മാത്രം .

ഉറുഗ്വേയിൽ 88 വർഷം മുമ്പ് തുടങ്ങിയ ഈ മാമാങ്കത്തിന് നാലുകൊല്ലത്തിലൊരിക്കൽ അരങ്ങുണരുമ്പോൾ ലോകം ഇവിടേക്ക് മാത്രമായി ചുരുങ്ങുന്നു. പ്രതീക്ഷയും പ്രസരിപ്പുമായി 32 ടീമുകളാണ് 64 മത്സരങ്ങൾക്കായി ബൂട്ടുകെട്ടുന്നത്.

കിരീട പ്രതീക്ഷയുമായെത്തി മാറ്റുരയ്ക്കാനെത്തുന്നവരിൽ ജർമനിയും ബ്രസീലും അർജൻറീനയും സ്പെയിനും എല്ലാമുണ്ട്. കണക്കുകൾ കടലാസിലിരിക്കട്ടെ. കളിമികവിൻെറയും ഒത്തിണക്കത്തിൻെറയും 90 മിനുട്ടുകൾക്കപ്പുറം ഭാഗ്യ നിർഭാഗ്യങ്ങളുടെ കളി കൂടിയായ ഫുട്ബോളിൽ കാത്തിരുന്നു കാണാം ആരാവും വിജയികൾ ആരാവും കറുത്ത കുതിരകൾ. ഒടുവിൽ ജൂലൈ 15ന് ലുഷ്നികി സ്റ്റേഡിയത്തിലെ ആർത്തലയ്ക്കുന്ന ആരാധക കടലിനുമുന്നിലെ മൈതാനത്തിൽ അവസാന വിസിൽ മുഴങ്ങുമ്പോൾ അങ്കം ജയിച്ച് കിരീടവുമായി നിൽക്കുന്ന പടത്തലവൻ ആരാകും.

Top Stories
Share it
Top