പ്രാര്‍ത്ഥനയുമായി ഫുട്‌ബോള്‍ ലോകം; ഫെര്‍ഗൂസന്‍ സുഖം പ്രാപിക്കുന്നു

ലണ്ടന്‍: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ പരിശീലകന്‍ സര്‍ അലക്സ് ഫെര്‍ഗൂസന്‍ സുഖം...

പ്രാര്‍ത്ഥനയുമായി ഫുട്‌ബോള്‍ ലോകം; ഫെര്‍ഗൂസന്‍ സുഖം പ്രാപിക്കുന്നു

ലണ്ടന്‍: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ പരിശീലകന്‍ സര്‍ അലക്സ് ഫെര്‍ഗൂസന്‍ സുഖം പ്രാപിക്കുന്നു. സാല്‍ഫോര്‍ഡ് റോയല്‍ ആശുപത്രിയിലെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫെര്‍ഗൂസനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അറിയിച്ചു. ആരോഗ്യം പൂര്‍വ്വസ്ഥിതിയിലാകും വരെ എഴുപത്താറുകാരന്‍ ആശുപത്രിയില്‍ തുടരും.

2013 സീസണ്‍ അവസാനം പരിശീലനവേഷം അഴിച്ച ഫെര്‍ഗൂസന്‍ ഇരുപത്തിയാറ് വര്‍ഷത്തെ കാലയളവില്‍ 38 ട്രോഫികള്‍ യുണൈറ്റഡിന് നേടികൊടുത്തിട്ടുണ്ട്. എല്ലാ പിന്തുണകള്‍ക്കും കുടുംബം നന്ദി പറയുന്നുവെന്നും അസുഖം പൂര്‍ണ്ണമായി ഭേദമാകാന്‍ ഇനിയും സമയമെടുക്കുമെന്നും യുണൈറ്റഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഗുരുതരാവസ്ഥയില്‍ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫെര്‍ഗൂസനു വേണ്ടി പ്രാര്‍ത്ഥനയിലായിരുന്നു ഫുട്‌ബോള്‍ ലോകം. ക്രിസ്റ്റ്യാനോ റോണാള്‍ഡോ അടക്കമുള്ളവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രിയപ്പെട്ട കോച്ചിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ആഴ്സണലില്‍ നിന്ന് പടിയിറങ്ങുന്ന ആഴ്സന്‍ വെംഗര്‍ക്ക് പുരസ്‌കാരം നല്‍കാനായി കഴിഞ്ഞ മാസം ഓള്‍ഡ് ട്രാഫോഡിലാണ് ഫെര്‍ഗൂസന്‍ അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ഫെര്‍ഗൂസന്‍ ആരോഗ്യത്തോടെ ഉടന്‍ തിരിച്ചെത്തുമെന്ന് വെംഗര്‍ പ്രതികരിച്ചു. ഫെര്‍ഗൂസന്റെ കുടുംബത്തോടോപ്പം എന്നുമുണ്ടാകും എന്നായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളുടെ പ്രതികരണം.

Story by
Next Story
Read More >>