ഫോര്‍മുല വണ്‍; 25 മുതല്‍ മെല്‍ബണില്‍

വേഗമത്സരത്തിന്റെ അവസാനവാക്കായ ഫോര്‍മുല വണ്‍ മത്സരങ്ങള്‍ 25ന് ആരംഭിക്കും. മെല്‍ബണില്‍ നടക്കുന്ന ഓസ്‌ട്രേലിയ ഗ്രാന്‍പ്രിയോടെയാണ് എഫ് വണ്‍ ആരംഭിക്കുക....

ഫോര്‍മുല വണ്‍; 25 മുതല്‍ മെല്‍ബണില്‍

വേഗമത്സരത്തിന്റെ അവസാനവാക്കായ ഫോര്‍മുല വണ്‍ മത്സരങ്ങള്‍ 25ന് ആരംഭിക്കും. മെല്‍ബണില്‍ നടക്കുന്ന ഓസ്‌ട്രേലിയ ഗ്രാന്‍പ്രിയോടെയാണ് എഫ് വണ്‍ ആരംഭിക്കുക. ഗ്രാന്‍പ്രി
25നാണെങ്കിലും പരിശീലന മത്സരങ്ങളും ക്വാളിഫെയറുകളും 22നു ആരംഭിക്കും. സാങ്കേതികമായി ഉയര്‍ന്നു നില്‍ക്കുന്ന കാറുകളും മികച്ച ഡ്രൈവര്‍മാരുമായി ടീമുകള്‍ ഒരുങ്ങി കഴിഞ്ഞു. മെര്‍സഡീസ്, ഫെറാറി, റെഡ് ബുള്‍ ടീമുകള്‍ മുന്‍ താരങ്ങളെ തന്നെ നിലനിര്‍ത്തിയപ്പോള്‍ ടീം വില്ല്യംസ് ഡ്രൈവറെ മാറ്റി പരീക്ഷണത്തിനിറങ്ങുകയാണ്. പത്ത് ടീമുകളാണ് മത്സരത്തിനുള്ളതങ്കിലും പ്രധാന മത്സരം മെര്‍സഡീസ്, ഫെറാറി, റെഡ് ബുള്‍ ടീമുകള്‍ തമ്മിലായിരിക്കും. നാലു തവണ ചാമ്പ്യന്‍ഷിപ്പ് നേടിയ മെഴ്സഡീസാണ് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍. ഫെരാറി 16 തവണ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയപ്പോള്‍ റെഡ്ബുള്‍ നാല് തവണ ചാമ്പ്യനായി. അവസാന നാലുവര്‍ഷം തുടര്‍ച്ചയായി കണ്‍സ്ട്രക്റ്റേര്‍സ് കിരീടം നേടിയ ആത്മവിശ്വാസത്തിലാണ് മെഴ്സഡീസ് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യനായ ലൂയിസ് ഹാമിള്‍ട്ടനും വാള്‍ട്ടേരി ബോട്ടാസുമാണ് മെഴ്സഡീസിന്റെ ഡ്രൈവര്‍മാര്‍. സെബാസ്റ്റ്യന്‍ വെറ്റലും കിമി റാക്കോണും ഫെറാറിക്കു വേണ്ടി വളയം പിടിക്കുമ്പോള്‍ ഡാനിയേല്‍ റിക്കാര്‍ഡോയും മാക്‌സ് വെസ്തപ്പനും റെഡ്ബുള്‍ കാറുമായി കുതിക്കും. നടക്കാന്‍ പോകുന്ന 'ത്രികോണമത്സര'ത്തില്‍ മെഴ്സഡീസിനാണ് മുന്‍തൂക്കം.

സാങ്കേതികമായി വളരെ മികച്ചു നില്‍ക്കുകയാണ് മെഴ്സഡീസിന്റെ കാറുകള്‍. എഫ് വണ്ണില്‍ എറ്റവും കൂടുതല്‍ കിരീടം നേടിയ ഫെറാറിയും ഒട്ടും പിറകിലല്ല. കഴിഞ്ഞ സീസണില്‍ വളവുകളില്‍ മികച്ച പ്രകടം കാഴ്ച വെച്ച് ഫെറാറി കാറുകള്‍ മെഴ്സഡീസിനെ ഞെട്ടിച്ചു. അല്‍പം പിന്നോട്ടായെങ്കിലും മികച്ച തിരിച്ചു വരവിനാണ് റെഡ്ബുള്‍ തയ്യാറെടുക്കുന്നത്. ഫോഴ്‌സ് ഇന്ത്യ, വില്ല്യംസ്, റെനള്‍ട്ട്, ടോറോ റോസോ, ഹാസ്, മക്‌ളറാന്‍, സേബര്‍ എന്നിവയാണ് മറ്റു ടീമുകള്‍. എഫ് വണ്‍ റേസിങ്ങിന്റെ ഭരണസമിതിയായ രാജ്യാന്തര ഓട്ടമൊബീല്‍ ഫെഡറേഷന്‍ (എഫ് ഐ എ)ന്റെ ലോക മോട്ടോര്‍ സ്‌പോര്‍ട് കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരം നല്‍കിയ മത്സരകലണ്ടറില്‍ 21 മത്സരങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം 20 മത്സരങ്ങളാണ് ഉണ്ടായിരുന്നത്. മാര്‍ച്ചില്‍ ഓസ്‌ട്രേലിയന്‍ ഗ്രാന്‍പ്രിയോടെ ആരംഭിക്കുന്ന സീസണ്‍ നവംബറില്‍ അബുദാബി ഗ്രാന്‍പ്രിയോടെ അവസാനിക്കും. 2008നു ശേഷം ഇതാദ്യമായി ഫ്രഞ്ച് ഗ്രാന്‍പ്രിയും കഴിഞ്ഞ വര്‍ഷം വിട്ടുനിന്ന ശേഷം ജര്‍മന്‍ ഗ്രാന്‍പ്രിയും തിരിച്ചു വരുന്ന പ്രത്യേകതയും 2018 ലെ എഫ് വണ്ണിനുണ്ട്.


പുതിയ ലോഗോയും നിയമങ്ങളും

ബെര്‍ണി എക്‌സല്‍ നാലു പതിറ്റാണ്ട് അടക്കി വാണ എഫ് വണ്‍ പുതിയ ഉടമകളായ ലിബര്‍ട്ടി മീഡിയയുടെ കൈയിലെത്തിയതോടെ മാറ്റങ്ങള്‍ ആരംഭിച്ചു.കഴിഞ്ഞ സീസണിലെ അവസാന മത്സരത്തില്‍ പുതിയ എഫ് വണ്‍ ലോഗോ കൊണ്ടു വന്നാണ് മാറ്റത്തിന് തുടക്കം കുറിച്ചത്. 23 വര്‍ഷമായി ഉപയോഗത്തിലുണ്ടായിരുന്ന എഫ് വണ്ണിന്റെ മുഖമുദ്രയായ ലോഗോയാണ് മാറ്റിയത്. ആധുനിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് അനുയോജ്യമായ ലോഗോ എന്നു പറഞ്ഞാണ് പുതിയ ലോഗോ കൊണ്ട് വന്നിരിക്കുന്നത്. ലോഗോയുടെ മധ്യത്തില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച 'ഒന്ന്' എന്ന അക്കമായിരുന്നു പഴയ ലോഗോയുടെ പ്രത്യേകത. ഫിനിഷ് ലൈന്‍ കടക്കാനായി പരസ്പരം മത്സരിച്ചോടുന്ന രണ്ടു കാറുകളെയാണ് പുതിയ ലോഗോ പ്രതിനിധാനം ചെയ്യുന്നത്. ഫോര്‍മുല വണ്‍ ലോഗോ മാറ്റത്തിന് എഫ് ഐ എ പിന്തുണ നല്‍കിയെങ്കിലും ആരാധകര്‍ക്ക് പുതിയ ലോഗോ അത്ര പിടിച്ചിട്ടില്ല.

ഹാലോ

ഫോര്‍മുല വണ്‍ കാറുകളില്‍ എല്ലാ വര്‍ഷവും മാറ്റങ്ങള്‍ വരുത്താറുണ്ട്. എന്നാല്‍ ഇത്തവണ വരുത്തിയ മാറ്റം അല്‍പം കടന്നു പോയന്നാണ് അക്ഷേപം. എഫ് വണ്‍ കാറുകളില്‍ ഫെഡറേഷന്‍ ഓഫ് ഇന്റര്‍ നാഷണല്‍ മോട്ടര്‍ സ്‌പോര്‍ട്ട്‌സ് നിര്‍ബന്ധമാക്കിയ ഹാലോക്കെതിരെ വിമര്‍ശനങ്ങളുടെ പ്രവാഹമാണ്. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഡ്രൈവറുടെ തലക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ കാറിന്റെ മുന്‍വശത്ത് പിടിപ്പിച്ച ലോഹ കവചമാണ് ഹാലോ. ഇത് ഡ്രൈവറുടെ കാഴ്ചയെ മറക്കുമെന്നും കാറിന്റെ ഭംഗിക്കുറക്കുമെന്നും പറഞ്ഞു താരങ്ങളും ടീമുകളും ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. അപകടങ്ങളില്‍ തലക്ക് പരിക്കേറ്റ് ഡ്രൈവര്‍മാര്‍ മരിച്ചിരുന്ന സാഹചര്യത്തിലാണ് ഹാലോ കൊണ്ടു വരുന്നത്.

ടി വിന്‍ഗ്‌സും ഷാര്‍ക്ക് ഫിന്നും ഇനിയില്ല

എഫ് വണ്‍ കാറുകളുടെ എന്‍ജിന്‍ കവറിനോട് ചേര്‍ന്നു വന്നിരുന്ന ടി വിന്‍ഗ്‌സുകളും ഷാര്‍ക്ക് ഫിന്നുകളും ഈ സീസണ്‍ മുതല്‍ ഉണ്ടാകില്ല. ഇവ കാറുകളെ കൂടുതല്‍ എയറോഡൈനാമിക് ആക്കുകയും കൂടുതല്‍ ഡൗണ്‍ ഫോഴ്‌സ് നല്കുകയും ചെയ്തിരുന്നു. നിയമങ്ങളിലെ ലൂപോളുകള്‍ ഉപയോഗിച്ചാണ് ഇതുവരെ ഇവ രണ്ടും ഉപയോഗിച്ചിരുന്നത്. ഇനി മുതല്‍ ഇവ ഉപയോഗിക്കാനാവില്ല. ടിവിന്‍ഗസുകള്‍ പൂര്‍ണമായി നിരോധിക്കുമ്പോള്‍ ഷാര്‍ക്ക് ഫിന്നുകള്‍ ചെറിയ രൂപത്തില്‍ തുടരും. കോര്‍ണറുകളില്‍ സഹായകരമായിരുന്ന ട്രിക്ക് സസ്പന്‍ഷനും നിരോധിച്ചിട്ടുണ്ട്.

ഗ്രിഡ് ഗേള്‍സ്

ഫോര്‍മുല വണ്ണിലെ ചിയര്‍ഗേള്‍സായ ഗ്രിഡ് ഗേള്‍സ് ഇനിയില്ല. ഈ സീസണ്‍ മുതല്‍ ഫോര്‍മുല വണ്‍ കാറുകളുടെ ഡ്രൈവര്‍മാര്‍ക്ക് അകമ്പടി നല്‍കിയിരുന്ന സുന്ദരികളെ സ്റ്റാര്‍ട്ടിങ് ഗ്രിഡില്‍ നിന്നു പുറത്താക്കാനാണു എഫ് വണ്ണിന്റെ പുതിയ മേധാവികളുടെ തീരുമാനം.

ടി.പി. സന്ദീപ്

Story by
Next Story
Read More >>