അതിജീവിക്കുമോ ജര്‍മ്മനി?

സോച്ചി: നിലനില്‍പ്പിന്റെ പോരാട്ടത്തിന് ജര്‍മ്മനി ഒരുങ്ങി. ലോകകപ്പ് ഗ്രൂപ്പ് എഫില്‍ രണ്ടാം മത്സരത്തില്‍ ലോകചാമ്പ്യന്മാര്‍ക്ക് എതിരാളികള്‍ സ്വീഡന്‍....

അതിജീവിക്കുമോ ജര്‍മ്മനി?

സോച്ചി: നിലനില്‍പ്പിന്റെ പോരാട്ടത്തിന് ജര്‍മ്മനി ഒരുങ്ങി. ലോകകപ്പ് ഗ്രൂപ്പ് എഫില്‍ രണ്ടാം മത്സരത്തില്‍ ലോകചാമ്പ്യന്മാര്‍ക്ക് എതിരാളികള്‍ സ്വീഡന്‍. ആദ്യ കളിയില്‍ മെക്സിക്കോയോട് ഒരു ഗോളിന്റെ ഞെട്ടിക്കുന്ന ഗോള്‍ തോല്‍വിയില്‍ നിന്ന് ന്യൂയറും സംഘവും എന്തെല്ലാം പാഠം പഠിച്ചെന്ന് സോച്ചിയിലെ ഫിഷ്തി സ്റ്റേഡിയത്തില്‍ രാത്രി 11.30 മുതലറിയാം.

തോല്‍വിയോ സമനിലയോ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്നതിനാല്‍ ജയം മാത്രമാണ് ജര്‍മനിയുടെ ലക്ഷ്യം.ജര്‍മന്‍ താരങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നാണ് പരിശീലകന്‍ ജോക്കിം ലോ അവസാനമായി മാധ്യമങ്ങളോട് പറഞ്ഞത്. ബ്രസീല്‍ ലോകകപ്പില്‍ ഫൈനലില്‍ കളിച്ച ആറു താരങ്ങള്‍ മെക്സിക്കോയ്ക്കെതിരെ ബൂട്ട് കെട്ടിയിട്ടും ടീം പരാജയപ്പെട്ടതിനെ ചൊല്ലി ജര്‍മനിയില്‍ മാധ്യമങ്ങളും ആരാധകരും മുതിര്‍ന്ന താരങ്ങളും വന്‍ വിമര്‍ശനമാണ് ടീമിനേതിരേ നടത്തിയത്. പ്രതേകിച്ച് മധ്യനിരാ താരങ്ങളായ മെസ്യൂട്ട് ഓസിലിനെതിരെയും സാമി ഖദീരയ്ക്കെതിരെയും.

ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് ടീം ഗ്രൂപ്പില്‍ ഒന്നാമതുള്ള സ്വീഡനെതിരെ ഇറങ്ങുന്നത്. 'വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്,എന്നാല്‍ നാല് വര്‍ഷത്തോളം ഒന്നിച്ച് കളിച്ച് വിജയിച്ച സംഘത്തെ കേവലം ഒരു മത്സരത്തിലെ ഫലം കൊണ്ട് വിലയിരുത്തരുത്'' ലോ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഇതേ മൈതാനത്ത് നടന്ന മൂന്ന്‌ മത്സരങ്ങളും ജര്‍മ്മനി വിജയിച്ചിട്ടുണ്ട്. 1954ല്‍ കിരീടം നേടിയ ടീം പിന്നീടുള്ള ലോകകപ്പുകളിലെല്ലാം ക്വാര്‍ട്ടറില്‍ കടന്ന അപൂര്‍വ്വം റെക്കോഡുള്ള നിരയാണ്.

ഇറ്റലിക്കെതിരെ നടന്ന ലോകകപ്പ് പ്ലേ ഓഫില്‍ ചരിത്ര ജയം നേടി റഷ്യന്‍ ടിക്കറ്റു നേടിയ സ്വീഡന്‍ ഗ്രൂപ്പ് എഫില്‍ ഒന്നാമതാണ്. ദക്ഷിണ കൊറിയയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്വീഡന്റെ വരവ്. ആദ്യ മത്സരത്തിലെ വിജയം ടീമിന് മാനസികമായി മുന്‍തൂക്കം നല്‍കുന്നു. ജര്‍മ്മനിക്കെതിരെ സമനില നേടിയാല്‍ പോലും ടീമിനത് നേട്ടമാണ്.

ദഹനസംമ്പന്ധമായ ആരോഗ്യകാരണങ്ങളാല്‍ മൂന്ന് താരങ്ങള്‍ സോച്ചിയിലെത്തിയിട്ടില്ല. ജര്‍മ്മനി വലിയ ടീമാണ്,സമ്മര്‍ദത്തിലുള്ള ടീമിനെ തോല്‍പ്പിക്കാന്‍ തന്നെയാണ് കളത്തിലിറങ്ങുന്നതെന്ന് സ്വീഡിഷ് നായകന്‍ ആന്ദ്രിയാസ് ഗ്രാന്‍ക്വിസ്റ്റ് പറഞ്ഞു.അതിജീവനത്തിനായുള്ള കളിയില്‍ ജര്‍മ്മനി വിജയിക്കുമോ പരാജയപ്പെടുമോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ഇനി അകലെ.


Story by
Next Story
Read More >>