എറിഞ്ഞു വീഴ്ത്തി കുല്‍ദീപ്; അടിച്ചു പറത്തി രോഹിത്‌: ആദ്യ ഏകദിനം ഇന്ത്യയ്ക്ക്

Published On: 2018-07-12 19:45:00.0
എറിഞ്ഞു വീഴ്ത്തി കുല്‍ദീപ്; അടിച്ചു പറത്തി രോഹിത്‌: ആദ്യ ഏകദിനം ഇന്ത്യയ്ക്ക്

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് മിന്നുന്ന ജയം. 25 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത കുല്‍ദീപ് യാദവും സെഞ്ചുറിനേട്ടവുമായി രോഹിത് ശർമയും കളം നിറഞ്ഞതോടെ ഇംഗ്ലണ്ട് അടിയറവ് പറയുകയായിരുന്നു. സ്കോർ ഇംഗ്ലണ്ട് 49.5 ഓവറിൽ 268നു പുറത്ത്, ഇന്ത്യ 40.1 ഓവറിൽ 2–269.

രോഹിത് ശർമ പുറത്താകാതെ 137 റൺസ്(114 പന്ത്) നേടി. രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന രോഹിത്– കോഹ്‌ലി സഖ്യം 168 റൺസ് ചേർത്തു. വിരാട് കോഹ്‌ലി 75 റൺസ് നേടി പുറത്താവുകയായിരുന്നു. ഓപ്പണർ ശിഖർ ധവാൻ 27 പന്തിൽ 40 റൺസെടുത്തു പുറത്തായി. രാഹുൽ 9 റൺസ് നേടി പുറത്താകാതെ നിന്നു.

കുൽദീപിന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് പ്രകടനമാണിത്. ആദ്യ വിക്കറ്റില്‍ ജേസണ്‍ റോയും ജോണി ബെയര്‍സ്റ്റേവും ചേര്‍ന്നുണ്ടാക്കിയ 73 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിച്ചാണ് കുല്‍ദീപ് തുടങ്ങിയത്. ആദ്യ ഓവറില്‍ റോയിയെയും (38) അടുത്ത ഓവറില്‍ ബെയര്‍സ്റ്റേവ്(38) ജോ റൂട്ട് (3) എന്നിവരെയും കുല്‍ദീപ് പുറത്താക്കി. പിന്നീട് സ്‌കോറിംഗിന്റെ വേഗം കുറഞ്ഞു. അതിനിടയില്‍ 19 റണ്‍സെടുത്ത ഇയാന്‍ മോര്‍ഗാനെ ചഹാലും പുറത്താക്കി. പിന്നീട് ജോസ് ബട്ടലറും ബെന്‍ സ്റ്റോക്കും ചേര്‍ന്ന് ഇംഗ്ലണ്ടിനെ തിരിച്ചു കൊണ്ടു വന്നെങ്കിലും ഇരുവരെയും കുല്‍ദീപ് പുറത്താക്കി. ജോസ് ബട്ടലറും (53) ബെന്‍ സ്‌റ്റോക്കും (50) അര്‍ദ്ധ സെഞ്ച്വുറി നേടി. ഡേവിഡ് വില്ലിയെയും കൂടി പുറത്താക്കി കുല്‍ദീപ് വിക്കറ്റ് നേട്ടം ആറാക്കി. അവസാന നിമിഷം മോയിന്‍ അലിയുടെയും ആദില്‍ റഷീദിന്റയും പ്രകടനങ്ങളാണ് ഇംഗ്ലണ്ടിനെ 268ല്‍ എത്തിച്ചത്.

ഉമേഷ് യാദവ് 70 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. അരങ്ങേറ്റ മത്സരം കളിച്ച സിദ്ധാര്‍ഥ് കൗള്‍ പത്ത് ഓവറില്‍ 62 റണ്‍സ് വഴങ്ങി. ജയത്തോടെ മൂന്നു കളികളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (1–0). കുൽദീപാണു കളിയിലെ താരം

Top Stories
Share it
Top