പ്രായം തടസമല്ല: അടിച്ച് പൊളിച്ച് വയസ്സന്‍ പട

Published On: 2018-04-21 12:45:00.0
പ്രായം തടസമല്ല: അടിച്ച് പൊളിച്ച് വയസ്സന്‍ പട

കുട്ടി ക്രിക്കറ്റില്‍ തങ്ങള്‍ക്ക് ഇടമുണ്ടെന്നും പ്രായം പ്രതിഭക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ല എന്നും തെളിയിക്കുകയാണ് മിന്നുന്ന ബാറ്റിങ് പ്രകടനത്തിലൂടെ ചെന്നൈയുടെ ഷെയ്ന്‍ വാട്സണും പഞ്ചാബിന്റെ ക്രിസ് ഗെയ്ലും. വാട്സണ് പ്രായം 36 , ഗെയ്ലിന് 38. പ്രായം കൊണ്ട് താരതമ്യേന വയസന്‍മാരായ വേറെയും പേരുണ്ടെങ്കിലും പ്രകടന മികവിനാല്‍ കായികലോകം ഉറ്റു നോക്കുന്നതിവരിലേക്കാണ്.മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി, ഗൗതം ഗംഭീര്‍, അമിത് മിശ്ര, ഇമ്രാന്‍ ഖാന്‍, ഹര്‍ബജന്‍സിങ്, യുവരാജ് സിങ്, യൂസഫ് പത്താന്‍, മക്കല്ലം , മിച്ചല്‍ ജോണ്‍സണ്‍ തുടങ്ങിയവരാണ് 35ഉം അതിനുമുകളിലും പ്രായമുള്ള കളിക്കാര്‍.

2018 സീസണില്‍ ഒരു കളിയില്‍ കൂടുതല്‍ റണ്‍ നേടി ഒന്നും രണ്ടും സ്ഥാനത്തുള്ളവര്‍ ഈ പട്ടികയില്‍ പെടുന്നവരാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ നൂറ് വാട്സില്‍ വാട്സണ്‍ നേടിയ 106 റണാണ് വലിയ സ്‌കോര്‍. 57 പന്തില്‍ നിന്നായിരുന്നു ഈ നേട്ടം. രണ്ടാം സ്ഥാനത്തുള്ള ഗെയ്ല്‍ 104* റണ്‍ നേടിയത് 63 പന്തില്‍ നിന്നാണ്. ഇവര്‍ക്കെതിരെ പന്തെറിഞ്ഞവരെല്ലാം അനുഭവ സമ്പത്തിന്റെ ബാറ്റിങ് ചൂടറിഞ്ഞു. നാലു കളികളില്‍ നിന്ന് 43.75 ശരാശരിയോടെ 175 റണാണ് വാട്സന്റെ നേട്ടം. രണ്ട് കളികളില്‍ നിന്നും 167.00 ആവറേജില്‍ 167 റണ്‍ ഗെയ്ല്‍ നേടിയിട്ടുണ്ട്.

അതേസമയം വയസന്‍മാരുടെ പട്ടികയിലുള്ള മറ്റുള്ളവരും കളിഗതിയെ മാറ്റി മറിയ്ക്കുന്ന സ്‌ഫോടന മികവുള്ളവരാണ്. അനുഭവം കൂടെ ഇക്കൂട്ടര്‍ക്ക് കൈമുതലായുണ്ട്. പന്തും ബാറ്റും കൊണ്ട് ഇക്കൂട്ടര്‍ നടത്തുന്ന അത്ഭുത പ്രകടങ്ങള്‍ക്കടുത്തെത്താന്‍ യുവ കളിക്കാരില്‍ പലര്‍ക്കുമാകുന്നില്ല. സീസണ്‍ അവസാനിക്കാന്‍ ഇനിയും കളികള്‍ ബാക്കിയുണ്ടെന്നിരിക്കെ ഇവരുടെ ബാറ്റില്‍ നിന്നുയരുന്ന വെടിക്കെട്ടുകളുകള്‍ക്കായും പന്തിന്റെ മാന്ത്രികതയ്ക്ക് വേണ്ടിയും കാത്തിരിക്കുയാണ് ക്രിക്കറ്റ് പ്രേമികള്‍.

Top Stories
Share it
Top