സ്പാനിഷ്  കോച്ച് ജൂലന്‍ ലോപെ‌റ്റെഗിനെ പുറത്താക്കി; ആശങ്കയോടെ   ആരാധകര്‍

Published On: 2018-06-13 10:45:00.0
സ്പാനിഷ്  കോച്ച് ജൂലന്‍ ലോപെ‌റ്റെഗിനെ പുറത്താക്കി; ആശങ്കയോടെ   ആരാധകര്‍

മോസ്കോ: ലോകകപ്പ് ഫുട്ബോൾ ആരവത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സ്‌പെയിൻ ദേശീയ ടീം കോച്ച് ജുലൻ ലോപെ‌റ്റെഗിയെ സ്പാനീഷ് ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കി. സ്പാനിഷ് ക്ലബായ റയൽ മാ‌ഡ്രിഡുമായി കരാറിലെത്തിയതിനെ തുടർന്നാണ് നടപടി. ലോകകപ്പ് നേടാൻ സാദ്ധ്യത കൽപ്പിച്ച ടീമുകളൊന്നായിരുന്നു സ്പെയിൻ. കോച്ചിനെ തിരക്കിട്ട് നീക്കിയത് സ്പെയിനിന്റെ ലോകകപ്പ് സാദ്ധ്യതകളെ എത്രത്തോളം ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകർ.

സിനദില്‍ സിദാന് പിന്‍ഗാമിയായി ജൂലന്‍ ലോപെ‌റ്റെഗിയെ റയല്‍ മാഡ്രിഡിന്റെ കോച്ചായി ക്ലബ് അധികൃതര്‍ നിയമിച്ചിരുന്നു. ലോകകപ്പ് പൂര്‍ത്തിയായാലുടന്‍ ടീമിനെ പരിശീലിപ്പിക്കുന്ന ചുമതല ലോപെ‌റ്റെഗി ഏറ്റെടുക്കുമെന്നും ടീം മാനേജ്‌മെന്റ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ലോപെ‌റ്റെഗിയെ മാറ്റാന്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചത്.

ടീമിന് തുടർച്ചയായി മൂന്ന് യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ രാജിവച്ച ഒഴിവിലേക്കാണ് ലോപെറ്റെഗിയെ റയൽ മാഡ്രിഡ് ക്ലബ് അധികൃതർ നിയമിച്ചത്. 51 കാരനായ ലോപെ‌റ്റെഗി നേരത്തേ റയലിൽ കളിച്ചിട്ടുണ്ട്. ലോകകപ്പ് നടക്കുന്ന സാഹചര്യത്തില്‍ റയലിന്റെ പരിശീലകസ്ഥാനമേറ്റെടുക്കാന്‍ ലോപെ‌റ്റെഗി തീരുമാനിച്ചത് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് റൂയിസ് ലൂബിയസ് അതൃപ്തിക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോപെ‌റ്റെഗിയെ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയത്.

Top Stories
Share it
Top