ഉയര്‍ത്തെഴുന്നേല്‍ക്കുമോ മിശിഹാ..

'എനിക്കറിയാം, താങ്കള്‍ ഏറ്റവും പ്രാപ്തിയില്ലാത്ത, ദുര്‍ബ്ബലയും പാപിയുമായ വ്യക്തിയാണ്. എന്നാല്‍ അതെ കാരണത്താല്‍ തന്നെ എന്റെ മഹത്വം ഉയര്‍ത്തുന്നതിനായി...

ഉയര്‍ത്തെഴുന്നേല്‍ക്കുമോ മിശിഹാ..

'എനിക്കറിയാം, താങ്കള്‍ ഏറ്റവും പ്രാപ്തിയില്ലാത്ത, ദുര്‍ബ്ബലയും പാപിയുമായ വ്യക്തിയാണ്. എന്നാല്‍ അതെ കാരണത്താല്‍ തന്നെ എന്റെ മഹത്വം ഉയര്‍ത്തുന്നതിനായി ഞാന്‍ നിങ്ങളെ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. താങ്കള്‍ അത് നിരസിക്കുമോ?'

ഒരു ഹിമാലയന്‍ യാത്രയ്ക്കിടെ മദര്‍ തെരേസയ്ക്ക് ദൈവവിളി ഉണ്ടായതായി അവര്‍ തന്നെ പറയുന്നുണ്ട്. അന്ന് യേശുക്രിസ്തു തന്നോട് ഇപ്രകാരം ചോദിച്ചതായി മദര്‍ തെരേസ രേഖപ്പെടുത്തുന്നു.

ലോകമെങ്ങുമുള്ള അര്‍ജന്റീനാ-മെസ്സി ആരാധകര്‍ തങ്ങളുടെ മിശിഹയായ മെസ്സിയോട് ചങ്കിടിപ്പോടെ ഇതേ ചോദ്യം ആവര്‍ത്തിക്കുന്നു. അര്‍ജന്റീനയുടെ മഹത്വമുയര്‍ത്താന്‍, ലോകമെങ്ങുമുള്ള ആരാധകരുടെ വിശുദ്ധ മതത്തിന്റെ മഹത്വമുയര്‍ത്താന്‍ കാല്‍പ്പന്തുകളിയുടെ മിശിഹാ, താങ്കള്‍ ഊയര്‍ത്തെഴുന്നേല്‍ക്കുമോ? ഞങ്ങള്‍ക്കറിയാം താങ്കള്‍ ഇപ്പോള്‍ ഏറ്റവും പ്രാപ്തിയില്ലാത്തവനും ദുര്‍ബ്ബലനുമായാണ് വിലയിരുത്തപ്പെടുന്നത്. പരാജയത്തിന്റെ പാപഭാരം പേറിയാണ് താങ്കള്‍ നില്‍ക്കുന്നത്. എങ്കിലും മടങ്ങി വരൂ..

പാത അതിദുര്‍ഘടം

ദുര്‍ഘടമായ നീണ്ട ഒരു പാത താണ്ടിക്കടന്നാലേ നീലപ്പടയ്ക്ക് പ്രീക്വാര്‍ട്ടറിലേക്ക് കടക്കാന്‍ കഴിയൂ. ഐസ്ലന്റിനെതിരെ സമനില പിടിച്ചതിന്റെ ഒരു പോയിന്റ് മാത്രമാണ് അര്‍ജന്റീനക്ക് നിലവിലുള്ളത്. ഇന്ന് രാത്രി 8.30ന് നടക്കുന്ന നൈജീരിയ-ഐസ്ലന്റ് മല്‍സരത്തില്‍ ഐസ്ലന്റിനെ നൈജീരിയ തോല്‍പ്പിച്ചാല്‍ നൈജീരിയ ഗ്രൂപ്പില്‍ രണ്ടാമതെത്തും. അപ്പോള്‍ അര്‍ജന്റീനയും ഐസ്ലന്റും ഓരോ പോയന്റുമായി സമാസമം നില്‍ക്കും. ഐസ്ലന്റാണ് വിജയിക്കുന്നതെങ്കില്‍ നാല് പോയിന്റുമായി അവര്‍ രണ്ടാമതെത്തും. അര്‍ജന്റീന മൂന്നാം സ്ഥാനത്താകും. നൈജീരിയ-ഐസ്ലന്റ് മല്‍സരം സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് പോയിന്റുമായി ഐസ്ലന്റ് രണ്ടാം സ്ഥാനത്തായിരിക്കും.

അര്‍ജന്റീന, നൈജീരിയ, ഐസ്ലന്റ്, ക്രൊയേഷ്യ എന്നീ ടീമുകളടങ്ങുന്ന ഡി ഗ്രൂപ്പിലെ അവസാന കളികളും ഗതി നിയന്ത്രിക്കും. അര്‍ജന്റീന നൈജീരിയയെ തോല്‍പ്പിക്കണം. ക്രൊയേഷ്യ ഐസ്ലന്റിനെ പരാജയപ്പെടുത്തണം. അവസാന മല്‍സരത്തില്‍ നൈജീരയക്കെതിരെ കൂടുതല്‍ പോയിന്റുമായി അര്‍ജന്റീന ജയിക്കണം. അപ്പോള്‍ പ്രീക്വാര്‍ട്ടര്‍ മെസ്സിയെയും അര്‍ജനന്റീനയെയും ആരാധകവൃന്ദത്തേയും കൈനീട്ടി സ്വീകരിക്കും.

1946-ലെ ആ ദൈവവിളി മദര്‍ തെരേസ ഉള്‍കൊണ്ടു. അവര്‍ കല്‍ക്കത്തയുടെ തെരുവുകളിലേക്കിറങ്ങി. പാവപ്പെട്ടവരുടെ അമ്മയായി. ശരീരത്തിലെ വൃണങ്ങള്‍ ഉണക്കി. ആയിരങ്ങളുടെ ആത്മാവിലെ ശൂന്യത നിറച്ചു. 2018-ല്‍ കാലം മെസ്സിയോട് ചോദ്യം ആവര്‍ത്തിക്കുമ്പോള്‍, സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാണ്.

അര്‍ജന്റീനയുടെ മടങ്ങിവരവിനുള്ള സാധ്യതകള്‍ വളരെ വിരളമാണെന്ന് ആരാധകര്‍ക്കറിയാം. എങ്കിലും ആ തിരിച്ചുവരവ് അവര്‍ ഹൃദയംകൊണ്ട് ആഗ്രഹിക്കുന്നുണ്ട്. ആ ആഗ്രഹം സഫലീകരിക്കപ്പെടണമെങ്കില്‍ നിരവധി അനുകൂല ഘടകങ്ങള്‍ ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്. ആ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി മെസ്സി മുന്നേറേണ്ടതുണ്ട്. അട്ടിമറികളുടെ മൈതാനത്ത് മറ്റൊരു അട്ടിമറിക്കായി ആരാധകര്‍ കണ്ണുനട്ടിരിക്കുന്നു.


Story by
Next Story
Read More >>