ത്രീസിന്റെ ആവേശത്തില്‍ മുങ്ങി മലബാറിലെ കളിപ്പറമ്പുകള്‍; ഓണ്‍ലൈന്‍ വോട്ട് പോള്‍ ഇപ്പോഴത്തെ ട്രെന്‍ഡ്

കോഴിക്കോട്: റഷ്യയില്‍ ലോകകപ്പ് ഫുട്ബോള്‍ പന്തുരുളാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കേ കളി ആവേശവുമായി മലബാര്‍ ഗ്രാമങ്ങള്‍. വേനല്‍ക്കാലം മലബാറിന്റെ ഫുട്ബോള്‍...

ത്രീസിന്റെ ആവേശത്തില്‍ മുങ്ങി മലബാറിലെ കളിപ്പറമ്പുകള്‍; ഓണ്‍ലൈന്‍ വോട്ട് പോള്‍ ഇപ്പോഴത്തെ ട്രെന്‍ഡ്

കോഴിക്കോട്: റഷ്യയില്‍ ലോകകപ്പ് ഫുട്ബോള്‍ പന്തുരുളാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കേ കളി ആവേശവുമായി മലബാര്‍ ഗ്രാമങ്ങള്‍. വേനല്‍ക്കാലം മലബാറിന്റെ ഫുട്ബോള്‍ ഉത്സവമാണ്. സ്‌കൂള്‍ അടയ്ക്കുന്നതോടെ ചെറുതും വലുതുമായ നിരവധി ടൂര്‍ണമെന്റുകളാണ് ഇവിടങ്ങളില്‍ നടക്കുന്നത്. സെവന്‍സ് ഫുട്ബോളാണ് മലബാറിന്റ് മുഖമുദ്ര. എന്നാല്‍ കൗമാരക്കാരെ മികച്ച കളിക്കാരാക്കാന്‍ സഹായിക്കുന്ന മത്സരങ്ങളും ഒപ്പത്തിനൊപ്പം തന്നെ ഉണ്ട്. മൂന്ന് പേര്‍ പങ്കെടുക്കുന്ന ത്രീസ് ആണ് കൗമാരക്കാര്‍ക്കിടയിലെ പ്രിയ മത്സരം.

ഓരോ ഗ്രാമങ്ങളിലും ചെറിയ ടൂര്‍ണമെന്റുകള്‍ നടക്കുന്നു. ലോക ഫുട്ബോള്‍ ക്ലബ്ബ് മത്സരം നടക്കുന്നത് പോലെ ടീം അംഗങ്ങളെ ലേലത്തില്‍ വിളിച്ചാണ് ഇവിടെയും മത്സരങ്ങള്‍ നടക്കുന്നത്. സ്പാനിഷ്, ഇംഗ്ലീഷ് ലീഗുകളില്‍ കോടികള്‍ പൊടിപൊടിക്കുമ്പോള്‍ 500, 1000 രൂപയ്ക്കാണ് ഒരു ടീമിലേയ്ക്കുള്ള താരങ്ങളെ ക്ലബ്ബുകള്‍ സ്വന്തമാക്കുന്നത്. ചെറിയ ക്ലബ്ബുകളാണെങ്കിലും ഫുട്ബോള്‍ പ്രചരണം കൊണ്ട് ഇവിടുത്തെ മത്സരങ്ങള്‍ ആകര്‍ഷകമാണ്. കേരളത്തിലെ മറ്റിടങ്ങളില്‍ ലോകകപ്പിനുയരുന്ന കൂറ്റന്‍ ബാനറുകളും ഫ്‌ളക്സ് ബോര്‍ഡുകളും ക്ലബ്ബ് മത്സരത്തിലും ഗ്രാമങ്ങളില്‍ നിറയും. ടീം അംഗങ്ങള്‍, കോച്ച്, സ്പോണ്‍സര്‍, പ്രമോട്ടന്മാര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ സഹിതമാണ് ഫ്‌ളക്സുകള്‍ ഉയരുന്നത്. ആധുനിക കാലത്തെ സാങ്കേതിക വിദ്യകള്‍ കളിക്കാരുടെയും ക്ലബ്ബിന്റെയും പ്രമോഷനായി ഉപയോഗിക്കുന്നവരും ധാരാളമാണ്. ഓണ്‍ലൈന്‍ വോട്ട് പോള്‍ സംവിധാനമാണ് ഇപ്പോഴത്തെ ട്രന്‍ഡ്. വിവിധ ക്ലബ്ബുകള്‍ പേരുകള്‍ അടങ്ങിയ പോള്‍ കോഡ് നിര്‍മ്മിച്ച് ഓണ്‍ലൈന്‍ വഴി വോട്ട് തേടുന്ന ഫ്രീ പോള്‍ സംവിധാനമാണിത്. ക്ലബ്ബിനെ സപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണമനുസരിച്ച് ക്ലബ്ബിന്റെ മൂല്യം വര്‍ദ്ധിക്കുന്ന രീതികളാണ് സജ്ജീകരിക്കുന്നത്. ഫുട്ബോള്‍ ക്ലബ്ബുകളുടെ പേരുകളും ആവേശമാണ്. ബാഴ്സലോണ, ആഴ്സണല്‍, റയല്‍ മാഡ്രിഡ്, യുവന്റസ്, ബയേണ്‍ മ്യൂണിക്ക് തുടങ്ങിയ മുന്‍നിര ക്ലബ്ബുകളുടെ പേരിലും ബ്രസീല്‍ ആരാധകരുടെ സാംബാ എഫ്.സി,സിദ്ദാന്‍ എഫ്.സി തുടങ്ങി ഫുട്ബോള്‍ ഇതിഹാസങ്ങളുടെ പേരിലും സ്ഥല നാമങ്ങളിലും ക്ലബ്ബുകള്‍ കളത്തിലിറങ്ങുന്നു. ഭാവിവാഗ്ദാനങ്ങളെ ഉയര്‍ത്തിയെടുക്കാനും ഇത്തരം മത്സരങ്ങള്‍ സഹായകരമാവുന്നു. മിക്ക മത്സരങ്ങളും അണ്ടര്‍ 17, 19, 21 മത്സരങ്ങളാണ് നടക്കുന്നത്. ക്ലബ്ബ് മത്സരങ്ങളിലെ കഴിവുറ്റ താരങ്ങളെ കണ്ടെത്താന്‍ കായികാധ്യാപകരും മറ്റ് ക്ലബ്ബുകളും എത്തുന്നത് ഇവരുടെ കായിക ഭാവിയെയും ഉയര്‍ത്തുന്നു. ക്ലബ്ബുകള്‍ സജീവമാകുന്നതോടെ അടുത്ത സീസണിലേക്ക് തങ്ങള്‍ക്ക് വേണ്ട താരങ്ങളെ വളര്‍ത്തിയെടുക്കാനായി സ്‌കൂള്‍ തലങ്ങളില്‍ വിവിധ മത്സരങ്ങള്‍ നടത്തുന്നതും മലബാറിന്റെ ഫുട്ബോള്‍ ഭാവിയെ ശോഭനമാക്കുന്നു.

അതോടൊപ്പം തന്നെ സെവന്‍സ് ടൂര്‍ണ്ണമെന്റുകളും സജീവമാണ്. സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, കെ.ആര്‍.എസ് കോഴിക്കോട്, അല്‍മദീന ചെര്‍പ്പളശ്ശേരി, ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോട്, ജവഹര്‍ മാവൂര്‍, ബ്രദേഴ്സ് കൂത്തുപറമ്പ്, എഫ്സി ചാത്തമംഗലം, ബേക്ക് ഹൗസ് ചാത്തമംഗലം തുടങ്ങിയ പ്രധാന ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരങ്ങളും മലബാറിന്റെ വിവിധ മേഖലകളില്‍ നടക്കുകയാണ്.

Story by
Next Story
Read More >>