കളം നിറഞ്ഞ് മെസ്സി; ബാഴ്സ് ക്വാര്‍ട്ടറില്‍

നൗകാമ്പ്: രണ്ട് ഗോള്‍ നേടിയും ഒരു ഗോളിന് വഴിയൊരുക്കിയും മെസി കളം നിറഞ്ഞപ്പോള്‍ ചെല്‍സിയെ നിഷ്പ്രഭമാക്കി ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍...

കളം നിറഞ്ഞ് മെസ്സി; ബാഴ്സ് ക്വാര്‍ട്ടറില്‍

നൗകാമ്പ്: രണ്ട് ഗോള്‍ നേടിയും ഒരു ഗോളിന് വഴിയൊരുക്കിയും മെസി കളം നിറഞ്ഞപ്പോള്‍ ചെല്‍സിയെ നിഷ്പ്രഭമാക്കി ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നൗകാമ്പില്‍ എതിരില്ലാത്ത മൂന്നു ഗോളിനാണ് മെസ്സിയും സംഘവും നീലപ്പടെയെ പരാജയപ്പെടുത്തിയത്. ഇരുപാദങ്ങളിലായി 4-1 ന് ബാഴ്സ വിജയിച്ചു. 2012ല്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ ചെല്‍സിയോട് തോറ്റതിന്റെ കണക്കുതീര്‍ക്കല്‍ കൂടിയായിരുന്നു ബാഴ്‌സയ്ക്ക് ഈ വിജയം. ആദ്യപാദമത്സരത്തിനിറങ്ങിയ താരങ്ങളില്‍ മാറ്റം വരുത്തിയാണ് ഇരുടീമുകളും മത്സരത്തിനിറങ്ങിയത്. ഡെംബാലേയെ ആദ്യ ഇലവനിലുള്‍പ്പെടുത്തി കളിക്കാനിറങ്ങിയ ബാഴ്‌സ പൗളിഞ്ഞോയ്ക്ക് പകരം ഇവാന്‍ റാക്കിറ്റിച്ചെനെയും അണിനിരത്തി. ചെല്‍സി നിരയില്‍ റൂഡിഗറു മൊറാത്തക്ക് പകരം ജിറൗഡും കളത്തിലറങ്ങി. കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ ചെല്‍സിയുടെ ഗോള്‍മുഖം ബാഴ്‌സയുടെ ആക്രമണത്തിന് സാക്ഷിയായി. കളിയുടെ മൂന്നാം മിനിറ്റില്‍ ഗോളിലേയ്ക്കുള്ള ആദ്യ ലക്ഷ്യം തന്നെ മെസ്സി ഗോളാക്കി. ബോക്സിന് അകത്തുനിന്നും സുവാരസ് നല്‍കിയ പന്ത് ഇടത് മൂലയില്‍ നിന്ന് മെസ്സി പോസ്റ്റിലേയ്ക്ക് അടിച്ചുകയറ്റി. പോസ്റ്റിനടുത്തുനിന്നും അടിച്ച പന്ത് ചെല്‍സി ഗോളി തിബോര്‍ട്ട് കോര്‍ട്യാസിന്റെ കാലിനിടയിലൂടെ ഗോള്‍പോസ്റ്റില്‍. 20ാം മിനിറ്റില്‍ ഡെംബാലെയിലൂടെ ബാഴ്‌സ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ലത് മൂലയില്‍ നിന്നും മെസ്സി നല്‍കിയ പാസ് കൃത്യതയോടെ ഡെംബാലെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ചെല്‍സി കൂടുതല്‍ ശക്തമായി ബാഴ്സയെ പ്രതിരോധിച്ചു. പന്ത് കൂടുതല്‍ സമയം കൈവവശം വെച്ച് പുതിയ ആക്രമണങ്ങള്‍ക്ക് ചെല്‍സി കോപ്പുകൂട്ടികൊണ്ടിരുന്നു. തുടര്‍ന്ന് ഇനിയെസ്റ്റയെ പിന്‍വലിച്ച് ബാഴ്‌സ പൗളിഞ്ഞോയെ കളത്തിലിറക്കി. പ്രത്യാക്രമണങ്ങള്‍ നടത്തിയ ബാഴ്സ 63ാം മിനിറ്റില്‍ മെസിയിലൂടെ സ്‌കോര്‍ബോര്‍ഡ് തികച്ചു. ചെല്‍സി പ്രതിരോധ താരം സ്പിലിക്വേറ്റയുടെ പിഴവ് മുതലെടുത്ത് സുവാരസ് നല്‍കിയ പാസ്സില്‍ മെസി ലക്ഷ്യം കണ്ടു. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോളുകള്‍ തികയ്ക്കുന്ന രണ്ടാം താരമായി മെസി മാറി. നിലവില്‍ 117 ഗോളുകളുള്ള റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് മുന്നില്‍.


Story by
Next Story
Read More >>