പൂക്കില്ലേ സലാഹ വസന്തം?

വേദി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍, യുക്രൈനിലെ കീവ് സ്റ്റേഡിയം. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ഇംഗ്ലീഷ് നിരയായ ലിവര്‍പൂളും കിരീടത്തിനായി...

പൂക്കില്ലേ സലാഹ വസന്തം?

വേദി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍, യുക്രൈനിലെ കീവ് സ്റ്റേഡിയം. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ഇംഗ്ലീഷ് നിരയായ ലിവര്‍പൂളും കിരീടത്തിനായി ഏറ്റുമുട്ടുന്നു. 29ാം മിനിറ്റ്, പന്തുമായി ചെമ്പടയുടെ പതിനൊന്നാം നമ്പര്‍ താരം റയല്‍ ബോക്സിലേക്ക് കുതിക്കുന്നു. കൂട്ടുകാരന്‍ സാദിയോ മാനെയും നായകന്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്സണും വലതും ഇടതുമായി താരത്തിനൊപ്പം. പിന്നാലെ റയലിന്റെ നായകന്‍ സെര്‍ജിയോ റമോസ്,കാസെമീറോ,ലൂക്കാ മോഡ്രിച്ച്, ഇസ്‌കോ എന്നിവരും. പന്ത് ഹെഡ് ചെയ്ത് കാലിലേക്ക് നിയന്ത്രിക്കാനൊരുങ്ങുന്ന സലാഹയുടെ വലതു തോളും കൈയും ശക്തനായ റാമോസ് ക്യാപ്റ്റന്‍ ആം ബാന്റണിഞ്ഞ ഇടംകൈകൊണ്ട് ബലമായി താഴ്ത്തുന്നു. ഒപ്പം ഇടം കാല്‍ താരത്തിന്റെ വലതു കാല്‍മുട്ടിന് മുന്നില്‍ വച്ച് സലാഹയെ വീഴ്ത്തുന്നു. ഇടം തോള്‍ ഇടിച്ച് വീണ സലാഹ വേദന കൊണ്ട് പുളഞ്ഞു. നിമിഷങ്ങള്‍ക്കകം വീണ്ടും കളത്തിലിറങ്ങിയെങ്കിലും നാല് നിമിഷമേ അതിനായുസ്സുണ്ടായിരുന്നുള്ളു. റംസാന്‍ നോമ്പ് നോറ്റ് കളത്തിലിറങ്ങിയ താരത്തിന് വിധിച്ചത് ചരിത്ര ഫൈനലില്‍ കണ്ണീരോടെ മടക്കം.

ലിവര്‍പൂളിന്റെ കിരീടപ്രതീക്ഷകളുടെ പേരായിരുന്നു മുഹമ്മദ് സലാഹ. യൂറോപിലെ യുക്രൈനില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സലാഹ പരിക്കേറ്റ് വേദനയോടെ ഇടംതോള്‍ പിടിച്ച് മൈതാനത്തു നിന്ന് നടന്നകന്നപ്പോള്‍ മൈലുകള്‍ക്കിപ്പുറം ആഫ്രിക്കന്‍ വന്‍കരയിലെ ഈജിപ്ത് എന്ന രാജ്യത്തെ ലക്ഷകണക്കായ ആരാധകരുടെ മനസ്സാണ് പൊള്ളിയത്. മൈതാനത്തെ ഗാലറിയിലിരുന്ന് ലിവര്‍പൂള്‍ ആരാധകന്‍ നെടുവീര്‍പ്പിട്ടതിനേക്കാളേറേ ഈജിപ്ത്യന്‍ ജനത സലാഹയെ കുറിച്ച് വ്യാകുലപ്പെടുന്നു. 28 വര്‍ഷങ്ങള്‍ക്കിപ്പുറം സലാഹയുടെ അവസാന നിമിഷ പെനാല്‍റ്റിയിലൂടെ ലോകകപ്പിലേക്ക് ടിക്കറ്റെടുത്ത ഫറോവമാരുടെ നാടിന്റെ ലോകകപ്പ് പ്രതീക്ഷകളുടെ ഭാരം മുഴുവന്‍ കുഞ്ഞു സലാഹയുടെ തോളിലാണ്. ആ തോളാണ് തകര്‍ന്നിരിക്കുന്നത്.

രണ്ട് ആഴ്ച്ചകള്‍ക്കു ശേഷം പന്തുരുളുന്ന റഷ്യന്‍ ലോകകപ്പില്‍ സലാഹയുണ്ടാകുമോ എന്നാണ് ഫുട്ബോള്‍ ലോകം ഒന്നാകെ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഇരുപ്പത്തഞ്ചുകാരനായ സലാഹയുടെ 'തോള്‍ തെന്നിമാറി' എന്നാണ് അറിയാന്‍ കളിയുന്നത്. പെട്ടെന്നുണ്ടാകുന്ന അടിയില്‍ തോളിലെ കെകുഴയില്‍ നിന്ന് സ്ഥാനം മാറുന്നതാണ് തോള്‍ തെന്നിമാറല്‍. എന്നാല്‍ ഈജിപ്ത് ഫുട്ബേള്‍ അസോസിയേഷന്‍ നല്‍കുന്ന വിവരപ്രകാരം താരത്തിന്റെ തോളിലെ എല്ലിന് നിസ്സാര പരിക്കേറ്റു എന്നാണ്. പക്ഷേ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു ശേഷം ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ് പറഞ്ഞത് താരത്തിന്റെ പരിക്ക് അതീവ ഗുരുതരമാണെന്നാണ്.

എത്രകാലം കഴിയും സലാഹ കളത്തിലിറങ്ങാനാണെന്നാണ് ചോദ്യങ്ങള്‍ മുഴുവന്‍. തോള്‍ തെന്നിമാറാലാണ് താരത്തിന് സംഭവിച്ചതെങ്കില്‍ സലാഹ റഷ്യയിലുണ്ടാകില്ല. 12 മുതല്‍ 16 ആഴ്ച്ചകള്‍ വരെ വിശ്രമം വേണ്ടിവരും. ലോകകപ്പ് ആരംഭിക്കാന്‍ ഇനി 16 ദിവസമേ ബാക്കിയുള്ളു. അതേസമയം കൃത്യമായ റിപ്പോട്ടുകള്‍ പുറത്തുവന്നാലേ ഇത് സ്ഥിരീകരിക്കാനാവു. ലിവര്‍പൂള്‍ മുന്‍ പ്രതിരോധ താരം ജാമി കാരഗര്‍ 2010-11 സീസണില്‍ രണ്ട് മാസമാണ് സമാന പരിക്കു കാരണം പുറത്തിരുന്നത്.

ഈജിപ്ത് ദേശീയ ടീം ഡോക്ടര്‍ മുഹമ്മദ് അബു ഒല ലിവര്‍പൂള്‍ മെഡിക്കല്‍ സംഘവുമായി സംസാരിക്കുകയും താരത്തിന്റെ പരിക്ക് നിസ്സാരമുള്ളതല്ലെന്നും ഇടത് തോളിന് ചെറിയ ഉളുക്ക് മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും വ്യക്തമാക്കി. എന്നാല്‍ ലിവര്‍പൂള്‍ അധികൃതര്‍ ഇത് വ്യക്തമാക്കിയിട്ടില്ല. സലാഹയ്ക്ക് ആവശ്യമായതെല്ലാം ചെയ്യുമെന്നും രണ്ടാഴ്ച്ചയ്ക്കുള്ളില്‍ താരം പഴയപടിയാകുമെന്നും ഈജിപ്ത് കായിക മന്ത്രി ഖലേദ് അബ്ദല്‍ അസീസ് പറഞ്ഞു. എന്തിരുന്നാലും ജൂണ്‍ 15ന് ഉറുഗ്വായ്ക്കെതിരായ ആദ്യ കളിയില്‍ പതിനൊന്നാം നംമ്പര്‍ ജേഴ്സിയില്‍ ഒരു രാജ്യത്തിന്റെയാകെ സ്വപ്നങ്ങള്‍ കാലില്‍ ആവാഹിച്ച് മുഹമ്മദ് സലാഹ ഈജിപ്തിനായി കളിക്കുമെന്ന് പ്രതീക്ഷിക്കാം.

Story by
Next Story
Read More >>