മെസ്സിയെ വിട്ടുതരൂ; ക്ഷമ നശിച്ച് റോമ 

Published On: 2018-07-27 09:45:00.0
മെസ്സിയെ വിട്ടുതരൂ; ക്ഷമ നശിച്ച് റോമ 

റോം: ബാഴ്‌സലോണയുടെ അന്യായവും അധാർമികതയും ക്ഷമിക്കണമെങ്കിൽ സാക്ഷാൽ ലയണൽ മെസ്സിയെ റോമയ്ക്ക് നൽകണമെന്ന് ക്ലബ് പ്രസിഡന്റ് ജെയിംസ് പല്ലോട്ട. റോമ കരാറിലെത്തിയ ബോർഡക്‌സ് വിങർ മാൽക്കത്തെ അവസാന നിമിഷത്തെ കരുനീക്കത്തിലൂടെ ബാഴ്‌സലോണ ടീമിൽ എത്തിച്ചതാണ് പല്ലോട്ടയെ ചൊടിപ്പിച്ചത്. 330 കോടി രൂപയ്ക്കാണ് മാൽക്കവുമായി ബാഴ്‌സ അവസാനനിമിഷം കരാറിലെത്തിയത്. ബാഴ്‌സലോണയ്‌ക്കെതിരെ നിയമനടപടിക്കും റോമ ഒരുങ്ങുന്നുണ്ട്.

തങ്ങൾ കരാര്‍ ഉറപ്പിക്കാനിരുന്ന താരത്തെ ചതിയിലൂടെ ബാഴ്‌സ സ്വന്തമാക്കിയതിന് പകരം ലയണൽ മെസ്സിയെ വിട്ടുതരണമെന്നാണ് റോമ പ്രസിഡന്റ് മാധ്യമങ്ങള്‍ക്കു മുന്നിൽ ബാഴ്‌സയോട് ആവശ്യപ്പെട്ടത്. ഇതോടെ മാൽക്കത്തെ ഹൈജാക്ക് ചെയ്ത ബാഴ്‌സയുടെ നടപടിക്കെതിരെ റോമ നിയമപോരാട്ടത്തിന് പോകുമെന്നുറപ്പായി. റോമ കരാറിലെത്തിയ ബോർഡക്സ് വിങർ മാൽക്കമിനെ അവസാനനിമിഷം കൂടുതൽ തുക നൽകി സ്വന്തമാക്കിയത് നിയമവരുദ്ധമാണെന്ന് ഉന്നയിച്ചാണ് ടീം നിയമ നടപടിക്കൊരുങ്ങുന്നത്.

കഴിഞ്ഞദിവസം ബ്രസീലിയൻ താരവുമായി കരാറിലെത്താനുള്ള ആദ്യ നടപടികൾ പൂർത്തിയായതായിരുന്നെന്നും മാൽക്കം വൈദ്യപരിശോധനയ്ക്കും വിശദാംശങ്ങളും മറ്റും സംസാരിക്കാൻ റോമിലേക്ക് വരുമെന്ന് അറിയിച്ചിരുന്നെന്നും ഇതിനിടയിലാണ് ബാഴ്സലോണ താരത്തെ കൊത്തിക്കൊണ്ടു പോയതെന്നും റോമ ആരോപിച്ചിരുന്നു. ആരാധകർ റോമിലെ എയർപോട്ടിൽ താരത്തിനായി കാത്തിരിക്കുകയും ഈ സമയം മാൽക്കം ബാഴ്സലോണയിലെത്തി അഞ്ചുവർഷ കരാറിൽ ഒപ്പിടുകയും ചെയ്തിരുന്നു. നിയമപരമായി ഈ വിഷയം നേരിടാനാകുമോ എന്ന് പരിശോധിക്കുകയാണെന്ന് റോമ സ്പോർട്ടിങ് ഡയറക്ടർ മോഞ്ചി മാധ്യമങ്ങളെ ഇന്നലെ അറിയിച്ചിരുന്നു.

21 കാരനായ ബ്രസീലിയൻ മുന്നേറ്റതാരവുമായി റോമ കരാറിലെത്തുകയും ഒദ്യോഗികമായി ക്ലബ് ട്വിറ്ററിൽ താരത്തിന്റെ സൈനിംഗ് അറിയിക്കുകയും ചെയ്തിരുന്നു. ഫ്രഞ്ച് ടീം ബോർഡക്‌സും താരത്തെ റോമയ്ക്ക് കൈമാറിയ വിവരം പത്രപ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. എന്നാൽ വൈദ്യപരിശോധനയ്ക്കും സൈനിംഗിനും റോമയിലേക്ക് വിമാനം കയറാൻ നിന്ന മാൽക്കത്തോട് ക്ലബ് പ്രസിഡന്റ് സ്‌പെയിനിലേക്ക് പറക്കാൻ ആവശ്യപ്പെട്ടു. കൊറിന്ത്യൻസിൽ നിന്നാണ് മാൽക്കം ഫ്രഞ്ച് ക്ലബിലെത്തിയത്. കഴിഞ്ഞ സീസണിൽ ടീമിനായി 38 കളികളിൽ നിന്ന് 12 ഗോളുകൾ മാൽക്കം നേടിയിരുന്നു . നേരത്തെ ഇന്റർ മിലാനും താരത്തെ സ്വന്തമാക്കാൻ ലക്ഷ്യമിട്ടിരുന്നു.

Top Stories
Share it
Top