ഇതൊരു ഒന്നൊന്നര ജിന്നാണ് ഭായ്

'ഇതൊരു ഒന്നൊന്നര ജിന്നാണ് ഭായി..'സമൂഹമാധ്യമങ്ങളില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ വൈറലാകുന്ന സന്ദേശമാണിത്. ചുവന്ന ജെഴ്സിയണിഞ്ഞ്,കൈകള്‍ രണ്ടും...

ഇതൊരു ഒന്നൊന്നര ജിന്നാണ് ഭായ്

'ഇതൊരു ഒന്നൊന്നര ജിന്നാണ് ഭായി..'സമൂഹമാധ്യമങ്ങളില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ വൈറലാകുന്ന സന്ദേശമാണിത്. ചുവന്ന ജെഴ്സിയണിഞ്ഞ്,കൈകള്‍ രണ്ടും ഇരുവശങ്ങളില്‍ താഴ്ത്തി ഗോളാഘോഷിക്കുന്ന പറങ്കിപ്പടയുടെ കപ്പിത്താനായ ക്രിസ്റ്റ്യനോ റോണാള്‍ഡോയുടെ ചിത്രത്തിനടിക്കുറുപ്പാണ് മേല്‍പറഞ്ഞ ഈ വാചകം.

ലോകഫുട്ബോള്‍ ഇതിഹാസ താരങ്ങളില്‍ തന്റെ പേര് എന്തിന് കൂട്ടിചേര്‍ക്കണമെന്ന വിമര്‍ശകരുടെ ചോദ്യത്തിന്റെ ഉത്തരമായിരുന്നു സ്പെയിനിനെതിരെ ലോകകപ്പ് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോ എന്ന മുപ്പത്തിമൂന്നുകാരന്‍ നല്‍കിയത്. ലോകകപ്പിന്റെ രണ്ടാം ദിനം, വേദി ഫിഷ്ട് ഒളിംപിക് സ്റ്റേഡിയം സോച്ചി. ഗ്രൂപ്പ് ബിയിലെ സ്പെയിന്‍/പോര്‍ച്ചുഗല്‍ മത്സരം. ലോകത്തിലെ ഏറ്റവും ശക്തരായ,കുറുകിയ പാസ്സുകളാല്‍ കളി നിയന്ത്രിക്കുന്ന സ്പെയിന്‍. മറുവശത്ത് എതിരാളികളേക്കാള്‍ എത്രയോ പിന്നില്‍ നില്‍ക്കുന്ന പോര്‍ച്ചുഗീസ് പട. എന്നാല്‍ ആ പടയുടെ പടത്തലവനോളം പോന്ന ഒരാളും സ്പാനിഷ് പടയിലുണ്ടായിരുന്നില്ല. എണ്‍പത്തിയെട്ടാം മിനുട്ടിലെ ഫ്രീകിക്ക് ഗോള്‍ മാത്രം മതി താരത്തെ അളക്കാന്‍.

സാന്റിയാഗോ ബെര്‍ണ്യൂവിലെ റോണാള്‍ഡോയേ നിങ്ങള്‍ക്ക് റയലിന്റെ പകുതിയില്‍ കാണാനാവില്ല. എതിരാളികളുടെ ബോക്സില്‍ സദാസമയം വേട്ടക്കാരനേന്ന പോലേ നില്‍ക്കുന്ന ഏഴാം നംമ്പറുകാരന്‍ വലകുലുക്കാനായി കാത്ത് നില്‍ക്കും. എന്നാല്‍ ഈ റോണാള്‍ഡോയേ നിങ്ങള്‍ക്ക് പോര്‍ച്ചുഗീസ് ജഴ്സിയില്‍ കാണാനാവില്ല. തന്റെ ടീമിന്റെ പകുതിയില്‍ മധ്യനിര താരങ്ങള്‍ക്കോപ്പം കളിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന റോണാള്‍ഡോയേ നമുക്കവിടെ കാണാം. യൂറോ കപ്പില്‍ ഈ തന്ത്രമാണ് പറങ്കിപ്പടയെ ചാമ്പ്യന്‍മാരാക്കിയത്. റയല്‍ അല്ല പോര്‍ച്ചുഗീസ് ടീം എന്ന തിരിച്ചറിവാണ് റോണാള്‍ഡോയേ ഒരു സമ്പൂര്‍ണ്ണ കളിക്കാരനാക്കുന്നതെന്ന് സംശയമില്ലാതെ പറയാം.

കളത്തില്‍ അയാള്‍ കളിഗതിയെ മനസ്സിലാക്കി കളിക്കുന്നു. ലയണല്‍ മെസ്സിക്കും,നെയ്മറിനും ലഭിക്കുന്ന പിന്തുണ പോലും ദേശീയ ടീമില്‍ റോണാള്‍ഡോയ്ക്ക് ലഭിക്കുന്നില്ല. പക്ഷേ പരിമിധിയില്‍ നിന്ന് തന്റെ ടീമിന് മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്ന റോണാള്‍ഡോയേ നമുക്ക് കാണാം. സ്പെയിനിനെതിരെ ആകെ നാല് ഷോട്ടുകളാണ് താരം ഗോള്‍വല ലക്ഷ്യമാക്കി ഉതിര്‍ത്തത്. ഇതില്‍ മൂന്നും ഗോളുകളായി. ഇവിടെയാണ് റോണാള്‍ഡോ എന്ന സ്ട്രൈക്കറുടെ മുന്നില്‍ കളിയാരാധകര്‍ തലകുനിക്കുന്നത്. തൊണ്ണൂറ് മിനുട്ട് കളിയില്‍ അവിചാരിതമായി ലഭിക്കുന്ന അവസരങ്ങള്‍ കൃത്യമായ ഫിനിഷിംഗോടെ വലയില്‍ എത്തിക്കുന്ന റോണാള്‍ഡോയേ റഷ്യയില്‍ എതിരാളികള്‍ ഭയക്കണം. ഈ മികവ് തന്നെയാണ് ലോകഫുട്ബോളിലെ ഏറ്റവും അപകടകാരിയായ മുന്നേറ്റക്കാരനായി മുപ്പത്തിമൂന്നാം വയസ്സിലും റോണാള്‍ഡോയേ മാറ്റുന്നത്.

ലോകഫുട്ബോളിലെ തുടര്‍ച്ചയായ എട്ട് പ്രധാന ടൂര്‍ണമെന്റുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരം,നാല് ലോകകപ്പുകളില്‍ തുടര്‍ച്ചയായി ഗോള്‍ നേടുന്ന നാലാമത്തെ താരം,കരിയറിലെ അന്‍പ്പത്തിയൊന്നാം ഹാട്രിക് എന്നിങ്ങനെ കാല്‍പ്പന്തു കളിയുടെ ചരിത്ര പുസ്തകത്തില്‍ തന്റേതായ ഇടം റോണാള്‍ഡോ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. 'ഖത്തര്‍ ലോകകപ്പിലും റോണാള്‍ഡോ ഗോള്‍ നേടും,പോര്‍ച്ചുഗലിന്റെ പ്രധാനിയായി താരം അന്നും ഈ ടീമിലുണ്ടാവും'എന്ന പോര്‍ച്ചുഗീസ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിന്റെ വാക്കുകളിലുണ്ട് റോണാള്‍ഡോ എന്ന താരത്തിന്റെ മികവും ആ കളിക്കാരന്‍ ടീമിന് എത്രത്തോളം പ്രധാനിയാണെന്നും. റഷ്യയില്‍ ഇനിയും ആരാധകരുടെ പ്രീയപ്പെട്ട റോണോ കളത്തിലിറങ്ങും. മനസ്സിനെ കുളിരണിയിക്കുന്ന,നമ്മെ അതിശയിപ്പിക്കുന്ന ഗോളുകള്‍ ഇനിയും വരാനുണ്ട് എന്ന് താരം ആദ്യ കളി കൊണ്ട് തന്നെ ലോകത്തോട് വിളിച്ച് പറഞ്ഞിരിക്കുന്നു.

Story by
Next Story
Read More >>