പരിക്ക് മാറി സലാഹ്‌ ഇന്നിറങ്ങും, സെനഗലും കൊളംബിയയും ഇന്ന് കളത്തില്‍

Published On: 2018-06-19 10:00:00.0
പരിക്ക് മാറി സലാഹ്‌ ഇന്നിറങ്ങും, സെനഗലും കൊളംബിയയും ഇന്ന് കളത്തില്‍

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പില്‍ രണ്ടാം ജയം തേടി ആതിഥേയര്‍ ഇന്ന് ഈജിപ്തിനെ നേരിടും. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം ഘട്ടത്തിന് തുടക്കമാകും.തോളിനേറ്റ പരിക്കില്‍ നിന്ന് മോചിതനായി എത്തുന്ന മുഹമ്മദ് സലാഹയിലാണ് ഈജിപ്തിന്റെ പ്രതീക്ഷ. സലാഹ് ആരോഗ്യ ക്ഷമത നേടിക്കഴിഞ്ഞതായി ടീം ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ആദ്യ റൗണ്ടില്‍ നിന്ന് പുറത്തു കടക്കാന്‍ ഈജിപ്തിന് ഇന്ന് വിജയം അനിവാര്യമാണ്. സലാഹയില്ലാതെ ഇറങ്ങിയ ആദ്യ മത്സരത്തില്‍ ഈജിപ്ത് ഏകപക്ഷീയമായ ഒരു ഗോളിന് യുറുഗ്വയോട് തോറ്റിരുന്നു. യോഗ്യതാ മത്സരത്തില്‍ അഞ്ച് ഗോളുകള്‍ നേടിയ സലാഹ എത്തുന്നത് ഈജിപ്തിന് ഊര്‍ജ്ജം പകരും.

ആദ്യ മത്സരത്തിലെ വമ്പന്‍ വിജയവുമായാണ് ആതിഥേയര്‍ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ സൗദിയെ 5 -0ത്തിനാണ് റഷ്യ തോല്‍പിച്ചത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ രാത്രി 11.30നാണ് മത്സരം.

12 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിനെത്തുന്ന പോളണ്ടും 16 വര്‍ഷത്തിനു ശേഷം ലോകകപ്പിനെത്തുന്ന സെനഗലും തമ്മിലാണ് ഇന്നത്തെ മറ്റൊരു പോരാട്ടം. ബയേണ്‍ മ്യൂണിച്ചിന്റെ താരം റോബെര്‍ട്ട് ലെവന്റോസ്‌കിയും ലിവര്‍പ്പൂള്‍ താരം സാദിയോ മാനെയും തമ്മിലുള്ള പോരാട്ടമായിരിക്കും പോളണ്ട് സെനഗല്‍ മത്സരം.

എട്ടാം റാംഗുകാരായ പോളണ്ട് ഏഴ് തവണ ലോകകപ്പ് കളിച്ചിട്ടുണ്ട്. 1974ലെയും 1982ലെയും മൂന്നാം സ്ഥാനമാണ് പോളണ്ടിന്റെ മികച്ച പ്രകടനം.
പോളണ്ടിനു മുന്നില്‍ ലോകകപ്പിന്റെ പാരമ്പര്യം പറയാനില്ലാത്തവരാണ് സെനഗല്‍. 2002ലാണ് സെനഗല്‍ ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ചത്. അന്ന് ക്വാര്‍ട്ടര്‍ ഫൈനലിലെത്താനും സെനഗലിനായി. രാത്രി 8.30തിന് മോസ്‌കോയിലാണ് മത്സരം.

ലോകകപ്പിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഏഷ്യന്‍ പ്രതീക്ഷകളുമായി ജപ്പാന്‍ കൊളംബിയയെ നേരിടും. കഴിഞ്ഞ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ഉടമയായ ജെയിംസ് റോഡിഗ്രസാണ് കൊളംബിയയുടെ ശക്തി. യോഗ്യതാ റൗണ്ടില്‍ ആറ് ഗോളുകളാണ് ഇദ്ദേഹം നേടിയത്. ആറുമാസം മുന്നേ ടീമിനൊപ്പം ചേര്‍ന്ന കോച്ച് അകിര നിഷിനോയുടെ കീഴിലാണ് ജപ്പാന്‍ ഇറങ്ങുന്നത്. സരന്‍സ്‌കില്‍ രാത്രി 5.30നാണ് മത്സരം.

Top Stories
Share it
Top