ക്ലബ് ഫുട്‌ബോള്‍ സംസ്‌കാരം കേരളത്തിനു മികച്ച ദേശീയ താരങ്ങളെ നഷ്ടപ്പെടുത്തി: യു ഷറഫലി 

സംസ്ഥാനത്തെ ടൂര്‍ണമെന്റുകളും ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളുമാണ് കേരളത്തിലെ ഫുട്‌ബോള്‍ താരങ്ങളെ ഇന്ത്യന്‍ ടീമിലെത്തിച്ചതെന്ന് ഷറഫലി. പ്രഫഷണല്‍ ഫുട്‌ബോള്‍...

ക്ലബ് ഫുട്‌ബോള്‍ സംസ്‌കാരം കേരളത്തിനു മികച്ച ദേശീയ താരങ്ങളെ നഷ്ടപ്പെടുത്തി: യു ഷറഫലി 

സംസ്ഥാനത്തെ ടൂര്‍ണമെന്റുകളും ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളുമാണ് കേരളത്തിലെ ഫുട്‌ബോള്‍ താരങ്ങളെ ഇന്ത്യന്‍ ടീമിലെത്തിച്ചതെന്ന് ഷറഫലി. പ്രഫഷണല്‍ ഫുട്‌ബോള്‍ മത്സരം ആരംഭിക്കുന്നതിന് മുമ്പ് മലയാളി താരങ്ങള്‍ക്ക് സുവര്‍ണ്ണകാലഘട്ടമായിരുന്നു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി മികച്ച ടീമുകള്‍ തമ്മില്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റുകളും കേരളത്തില്‍ നിന്ന് മികച്ച താരങ്ങളെ വാര്‍ത്തെടുക്കാന്‍ സഹായിച്ചു. എന്നാല്‍ ഫുട്‌ബോളിലേയ്ക്ക് പ്രഫഷണലിസം കടന്നുവന്നതോടെ കേരളത്തിലെ ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകള്‍ പൂര്‍ണ്ണമായും ഇല്ലാതായി. ഇതോടെ ഇന്ത്യന്‍ ടീമിലെത്തുന്ന മലയാളികളുടെ എണ്ണം കുറഞ്ഞുവെന്നും ഷറഫലി. താരങ്ങള്‍ വിവിധ ക്ലബ്ബുകളിലായി ചിതറിയെന്നും അങ്ങനെ കേരളത്തില്‍ നിന്ന് മികച്ച ടീമുകള്‍ ഇല്ലാതായെന്നും അദ്ദേഹം തത്സമയത്തോട് പറഞ്ഞു.

കേരളത്തില്‍ നിന്നും മികച്ച താരങ്ങള്‍ ഉയര്‍ന്നുവരണമെന്നാണ് തന്റെ ആഗ്രഹത്തിന് ക്ലബുകള്‍ തിരിച്ചടിയാണെന്നും അദ്ദേഹം പറയുന്നു. കേരളത്തില്‍ നിന്ന് പ്രഫഷണല്‍ ടീമുകളെ വാര്‍ത്തെടുത്താല്‍ മാത്രമേ മികച്ച ദേശീയ താരങ്ങളെ കേരളത്തിലും ലഭിക്കുകയുളളൂ. '' 70കളില്‍ കേരളത്തിലെ താരങ്ങള്‍ ഇന്ത്യന്‍ ടീമിലേയും സ്ഥിര താരങ്ങളായിരുന്നു. ഇതിന് സഹായിച്ചത് കേരളത്തിലെ ഡിപ്പാഡ്‌മെന്റ് ടീമുകളാണ്. നാലും അഞ്ചും വര്‍ഷം ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വേണ്ടി താരങ്ങള്‍ ഒരുമിച്ച് കളിച്ചിരുന്നു. അവരുടെ ഒത്തൊരുമയും പരിചയ സമ്പത്തും കേരളത്തിന് വലിയ മികവ് ഉണ്ടാക്കി. ഇവരുടെ കളി കാണാന്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആരാധകര്‍ എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ആഗോളവല്‍ക്കരണത്തിന് ശേഷം ലോകത്തെ മികച്ച കളികള്‍ ആരാധകര്‍ ടിവിയിലൂടെ കണ്ടുതുടങ്ങി. ഇത് കേരളത്തിലെ എല്ലാ പ്രധാന ടൂര്‍ണമെന്റുകളേയും ഇല്ലാതാക്കി. പുതിയ ടൂര്‍ണമെന്റുകള്‍ കൊണ്ട് വന്ന് കേരളത്തിലെ താരങ്ങളെയും ആരാധകരെയും കളിക്കളത്തിലെത്തിക്കുക എന്ന വലിയ കടമയായിരിക്കുകയാണ്. ഇതിന് മികച്ച രണ്ട് ടീമുകള്‍ കേരളത്തില്‍ നിന്നും വാര്‍ത്തെടുക്കുകയും ഇവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കികൊണ്ട് മത്സരങ്ങള്‍ സംഘടിപ്പിക്കാനും അധികൃതര്‍ ശ്രമിക്കണം'' അദ്ദേഹം ആവശ്യപ്പെട്ടു.

കളിക്കളത്തിലെന്നപോലെ ജീവിതത്തിലും സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന താരമാണ് ഷറഫലി. ഇത് തന്റെ മാത്രം പ്രത്യേകതയല്ലെന്നും പഴയ കാല ഫുട്‌ബോളര്‍മാരെല്ലാം ഇത്തരത്തില്‍ സൗഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നവരാണെന്നും അദ്ദേഹം സ്്മരിച്ചു. അതിനൊക്കെ പ്രേരണ കേരളത്തിലെ ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകള്‍ തന്നെയായിരുന്നുവെന്നും ഷറഫലി ഓര്‍മ്മിപ്പിച്ചു. അഞ്ചും പത്തും വര്‍ഷം കളിക്കളത്തില്‍ ഒരുമിച്ച് പന്ത് തട്ടിയവര്‍ക്ക് സൗഹൃദം കുമ്മായവരക്കള്‍ക്ക് അകത്ത് മാത്രമായിരുന്നില്ല. കളിക്കാര്‍ എല്ലാവരും കുടുബാഗങ്ങളെപോലെയാണ് കഴിഞ്ഞത്. എന്നാല്‍ പ്രഫഷണല്‍ ഫുട്‌ബോളില്‍ മുന്നും ആറും മാസത്തേയ്ക്ക് മാത്രം കരാറില്‍ ഏര്‍പ്പെട്ട് കളിക്കാര്‍ പന്ത് തട്ടുമ്പോള്‍ പഴയ ആത്മബന്ധങ്ങളും സൗഹൃദങ്ങളും പഴയത് പോലെ ആകുന്നില്ല. പഴയ താരങ്ങളുടെ സൗഹൃദബന്ധങ്ങള്‍ തന്നെയാണ് അവരുടെ കളിമികവിനെ സാധീനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഫുട്‌ബോള്‍ ആരാധകര്‍ക്കെന്നപോലെ വി.പി. സത്യന്‍ ഷറഫലിയ്ക്കും വേദന നല്‍ക്കുന്ന ഓര്‍മ്മയാണ്. വിപി സത്യന്‍ എന്ന ക്യാപ്റ്റന്‍ സിനിമയില്‍ നിറഞ്ഞാടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷിച്ചിരുന്നുവെങ്കിലും തെറ്റുകള്‍ ചൂണ്ടികാട്ടാന്‍ ഷറഫലി മടികാണിച്ചില്ല. ആസ്വാദകര്‍ക്ക് സന്തോഷം പകരുന്ന ചില അസത്യങ്ങള്‍ കൂട്ടിചേര്‍ത്താണ് സിനിമ തയ്യാറാക്കിയതെന്നും അദ്ദേഹം പരാതി പറഞ്ഞു. എന്തിന്റെ പേരിലാണെങ്കിലും അസത്യങ്ങള്‍ കൂട്ടിചേര്‍ക്കുന്നത് ശരിയല്ല. സത്യം പറഞ്ഞാല്‍ തന്നെ സത്യേട്ടന്റെ സിനിമ പ്രേഷകര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കളിക്കളത്തില്‍ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ച്ചവച്ച് ഇന്ത്യയ്ക്കും കേരളത്തിനും വേണ്ടി പ്രതിരോധകോട്ടതീര്‍ത്ത യു. ഷറഫലിയ്ക്ക് ഫുട്‌ബോള്‍ മൈതാനം എന്നും ലഹരിയാണ്. മലപ്പുറം ജില്ലയില്‍ 1964ല്‍ ജനിച്ച ഷറഫലി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലൂടെയാണ് തന്റെ കളിജീവിതം തുടങ്ങുന്നത്. കോളേജില്‍ നിന്നും പുറത്തിറങ്ങിയ ഷറഫലി കേരള പോലീസിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലാണ് ടീമിലെത്തുന്നത്. വിപി സത്യന്‍, സിവി പാപ്പച്ചന്‍, ഐഎം വിജയന്‍ തുടങ്ങിയ താരങ്ങളിലൂടെ ഷറഫലിയും കേരളത്തിന്റെയും ഇന്ത്യയുടെയും സൂപ്പര്‍ താരങ്ങളായി. 1992, 93 വര്‍ഷത്തില്‍ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ടീമിലും 1994ല്‍ കൊറിയയിലും ഹോങ്കോങ്ങിലും നടന്ന ഫിഫ വേള്‍ഡ്കപ്പ് യോഗ്യതാ മത്സരത്തിലും ഷറഫലി ബൂട്ട് കെട്ടി.


Story by
Next Story
Read More >>