ആരാകും അടുത്ത വെംഗര്‍..

പീരങ്കി പടയുടെ ആശാന്‍ ഈ സീസണില്‍ ക്ലബ് വിടുമെന്നുറപ്പിച്ചതോടെ ആഴ്സന്‍ വെംഗറിന് പിന്‍ഗാമിയെ തേടുകയാണ് ആഴ്സണല്‍. ഇരുപത്തി രണ്ട് വര്‍ഷം ടീമിനെ ഒരുക്കിയ...

ആരാകും അടുത്ത വെംഗര്‍..

പീരങ്കി പടയുടെ ആശാന്‍ ഈ സീസണില്‍ ക്ലബ് വിടുമെന്നുറപ്പിച്ചതോടെ ആഴ്സന്‍ വെംഗറിന് പിന്‍ഗാമിയെ തേടുകയാണ് ആഴ്സണല്‍. ഇരുപത്തി രണ്ട് വര്‍ഷം ടീമിനെ ഒരുക്കിയ ഫ്രഞ്ച് പ്രഫസര്‍ക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് ആഴ്സണല്‍ മാനേജ്മന്റ് ഇന്നോളം നേരിട്ട പ്രധാന വെല്ലുവിളികളിലൊന്നാണ്. വെംഗറിന്റെ പകരക്കാരായി ഫുട്ബോള്‍ ലോകത്ത് പല പേരുകള്‍ കേള്‍ക്കുന്നുണ്ട്,ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നവര്‍ ഇവരൊക്കെയാണ്.
1. മാസിമില്ലിയാനോ അല്ലേഗ്രി
എസി മിലാനെ ഇറ്റാലിയന്‍ സീരി എ ചാമ്പ്യന്‍മാരാക്കയതിലൂടെ 2014ലാണ് യുവന്റസ് അല്ലേഗ്രിയെന്ന മുന്‍ മിഡ്ഫീല്‍ഡറെ ടീമിന്റെ ചുമതല ഏല്‍പ്പിക്കുന്നത്. പിന്നീട് നടന്ന മൂന്ന് സീസണിലും ക്ലബിനെ ഇറ്റാലിയന്‍ ചാമ്പ്യന്മാരാക്കി അല്ലേഗ്രി. രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും യുവന്റസിനെ എത്തിച്ചു. ഈ പരിശീലന മികവാണ് ആഴ്സണല്‍ മാനേജ്മന്റിനെ അല്ലേഗ്രിയെ ഏറ്റവും ഫേവറാക്കുന്നത്. യുവന്റസില്‍ തുടരുമോ എന്ന് ഇതേ വരെ വ്യകതമാക്കാത്ത അല്ലേഗ്രി അടുത്ത മാസം ക്ലബ് അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ട്. നല്ല ഓഫര്‍ വാഗ്ദാനം ചെയ്ത് ഏത് വിധേനയും ലണ്ടനിലേക്ക് അല്ലേഗ്രിയെ എത്തിക്കാനുള്ള ശ്രമത്തിലാണ് ആഴ്സണല്‍.
2. കാര്‍ലോ ആഞ്ചലോട്ടി
യൂറോപ്പിലെ വമ്പന്‍ ടീമുകളെയെല്ലാം കളി പഠിപ്പിച്ചവനാണ് കാര്‍ലോ ആഞ്ചലോട്ടി എന്ന മുന്‍ ഇറ്റാലിയന്‍ താരം. എസി മിലാന് രണ്ട് തവണയും റയല്‍ മാഡ്രിഡിനെ ഒരു തവണയും യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബാക്കി മാറ്റിയതിന് പിന്നില്‍ ആഞ്ചലോട്ടി എന്ന പരിശീലകന്റെ തന്ത്രങ്ങളായിരുന്നു. യുവന്റസ്,എസി മിലാന്‍,പി.എസ്.ജി,ചെല്‍സി,റയല്‍,ബയേണ്‍ മ്യൂണിക് എന്നീ ടീമുകളെ പരിശീലിപ്പിച്ചു. നിലവില്‍ ബയേണ്‍ മ്യൂണിക്കില്‍ നിന്ന് പുറത്തായതിനു ശേഷം ഒരു ടീമുമായും കരാറിലെത്തിയിട്ടില്ല. ലണ്ടനില്‍ തന്നെയാണ് ആഞ്ചലോട്ടി ഇപ്പോള്‍ കഴിയുന്നതും. ഇതിനെല്ലാം കൊണ്ട് തന്നെ ഇദ്ദേഹത്തിനും ഏറ്റവും സാധ്യത കല്‍പ്പിക്കുന്നു.
3. മൈക്കല്‍ ആര്‍ടേട്ട
പരിശീലന ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത പേരാണ് ആര്‍ടേട്ട എന്ന മുപ്പത്തിയാറുകാരന്റെത്. എന്നാല്‍ എമിറേറ്റ്സിന് പ്രിയങ്കരനാണ് താരം. 2011 മുതല്‍ 2016 വരെ ആഴ്സണലിനായി കളിച്ച ആര്‍ടേട്ട വെംഗറുടെ പ്രിയ ശിഷ്യനാണ്. നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ അസിസ്റ്റന്റ് കോച്ചാണ്. ആഴ്സണലിന്റെ കളി രീതിയും ടീം സ്റ്റാഫും മാനേജ്മന്റുമായുള്ള അടുത്ത ബന്ധം ഏവരെയും ഞെട്ടിക്കുന്ന പ്രഖ്യാപനമുണ്ടാവുമോ എന്ന് കാത്തിരിക്കുകയാണ് ഫുട്ബോള്‍ വിദഗ്ദര്‍.
4. ലുയീസ് എന്റിക്വെ
മുന്‍ ബാഴ്സലോണ പരിശീലകനായ എന്റിക്വയുടെ പിറകേ ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിയുമുണ്ട്. ബാഴ്സയ്ക്ക് രണ്ട് തവണ ലാ ലീഗായും ഒരു ചാമ്പ്യന്‍സ് ലീഗും നേടികൊടുത്തിട്ടുണ്ട്.
5. ജോക്കിം ലോ
ലോക ചാമ്പ്യന്‍മാരുടെ ചാണക്യന് വിശേഷങ്ങള്‍ ആവശ്യമില്ല. 2020 വരെ ജര്‍മ്മനിയുമായി കരാറുള്ള ലോ ഈ ലോക കപ്പോടെ ക്ലബ് പരിശീലനത്തിലേക്ക് തിരികെ വരുമെന്ന അഭ്യൂഹമുണ്ട്. ഇതിനാല്‍ തന്നെ ഇദ്ദേഹത്തിനായി ആഴ്സണല്‍ മാനേജ്മന്റ് ശ്രമം നടത്തുമെന്ന് ഉറപ്പാണ്.
6. പാട്രിക് വിയേര
എമിറേറ്റ്സിന്റെയും വെംഗറുണ്ടെയും പ്രിയ പുത്രനാണ് പാട്രിക് വിയേര എന്ന മുന്‍ ആഴ്സണല്‍ മിഡ്ഫീല്‍ഡ്് ജനറല്‍. 2013 മുതല്‍ പരിശീലക രംഗത്തുള്ള ഫ്രഞ്ച് താരം നിലവിലില്‍ ന്യുയോര്‍ക് സിറ്റി മാനേജറാണ്. 'വിയേരയ്ക്ക് ഒരു നാള്‍ ആഴ്സണലിന്റെ പരിശീലകനാവാന്‍ കഴിയുമെന്ന' വെംഗറുടെ മുന്‍ പ്രസതാവനയെ ആകാംഷയോടെ നോക്കികാണുകയാണ് ആരാധകര്‍.
7. ഡിയേഗ സിമിയോണി
2011 മുതല്‍ അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനാണ് സിമിയോണി. വമ്പന്‍മാര്‍ക്കിടയില്‍ അത്ലറ്റിക്കോയെ ലാ ലീഗ ജേതാക്കളാക്കുകയും യൂറോപ്പ വിജയികളാക്കുകയും ചാമ്പ്യന്‍സ് ലീഗ് ഫെനലില്‍ എത്തിച്ചതിലെയും മിടുക്ക് ഈ അര്‍ജന്റീനക്കാരന് അവകാശപ്പെട്ടതാണ്. നിരവധി ക്ലബുകള്‍ വലവിരിച്ചെങ്കിലും 2020 വരെ ക്ലബുമായി കരാര്‍ നീട്ടുകയാണ് സിമിയോണി ചെയ്തത്. അടുത്തയാഴ്ച യൂറോപ്പ സെമിഫൈനലില്‍ വെംഗറുമായി മുഖാമുഖം നേരിടാനൊരുങ്ങുന്ന വേളയിലാണ് സിമിയോണിയും ആഴ്സണലിന്റെ പട്ടികയിലുണ്ടെന്ന വിവരം പുറത്തു വരുന്നത്.

Story by
Next Story
Read More >>