സൂപ്പര്‍ ടീം ബംഗളൂരു; ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് സൂപ്പര്‍ കപ്പ് കിരീടം

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പിന്റെ സൂപ്പര്‍ ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത്‌ ബംഗളൂരു എഫ്.സി പ്രഥമ സൂപ്പര്‍ കപ്പ്...

സൂപ്പര്‍ ടീം ബംഗളൂരു; ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് സൂപ്പര്‍ കപ്പ് കിരീടം

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പിന്റെ സൂപ്പര്‍ ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത്‌ ബംഗളൂരു എഫ്.സി പ്രഥമ സൂപ്പര്‍ കപ്പ് സ്വന്തമാക്കി. തുടക്കത്തില്‍ ലീഡെടുത്തത് ഈസ്റ്റ് ബംഗാളായിരുന്നെങ്കിലും പിന്നില്‍ നിന്ന ശേഷം നാല് ഗോളടിച്ചാണ്‌ ബംഗളൂരു കപ്പടിച്ചത്. സീസണിലെ ബംഗളൂരുവിന്റെ ആദ്യ കിരീടമാണിത്.

ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കുമായി. രണ്ടും കോര്‍ണറില്‍ നിന്നായിരുന്നു. മത്സരത്തിന്റെ 26ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാളിന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. കസ്ടുമി എടുത്ത കോര്‍ണര്‍ ഗുര്‍പ്രീത് ക്ലീയര്‍ ചെയ്‌തെങ്കിലും ക്രോമയുടെ ബൈസിക്കിള്‍ കിക്ക് തടുക്കാന്‍ ബംഗളൂരു ഗോളിക്കോ പ്രതിരോധത്തിനോ സാധിച്ചില്ല. ആദ്യ പകുതിയുടെ 39ാം മിനുട്ടില്‍ തന്നെ തിരിച്ചടിക്കാന്‍ ബംഗളൂരുവിനായി. നിക്കോളാസ് പെരസിന്റെ കോര്‍ണറില്‍ നിന്നും രാഹുല്‍ ബെകേയുടെ ഫ്രീ ഹെഡ്ഡര്‍ കൃത്യമായി ഈസ്റ്റ് ബംഗാള്‍ പോസ്റ്റിലേക്ക് കയറി.

ആദ്യ പകുതിയില്‍ തന്നെ മൂന്ന് കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. കളിയുടെ തുടക്കത്തില്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ ക്രോമയുടെ കൈയില്‍ ചവിട്ടിയതിന് ഗുര്‍പ്രീതിനും ഫൗളിന് ജോണ്‍സണും മഞ്ഞക്കാര്‍ഡ് ലഭിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സുഭാഷിഷ് ബോസിനെ മുഖത്തിടിച്ചതിന് ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധ നിരതാരം സമദ് മലീക്കിന് ചുവപ്പ്‌ കാര്‍ഡ് കിട്ടി.

ഒപ്പത്തിനൊപ്പം തുടങ്ങിയ രണ്ടാം പകുതിയില്‍ പത്തു പേരായി ചുരുങ്ങിയ ഈസ്റ്റ് ബംഗാളിന് മേല്‍ ബംഗളൂരു ആധിപത്യം പുലര്‍ത്തി. 67ാം മിനുട്ടില്‍ സുഭാഷിഷിന്റെ ക്രോസ് ഈസ്റ്റ് ബംഗാളിന്റെ ഗുര്‍വീന്ദര്‍ കൈകൊണ്ട് തടഞ്ഞതിന് ലഭിച്ച പെനാല്‍ട്ടി ബംഗളൂരു ക്യാപ്റ്റന്‍ അനായാസം ഗോളാക്കി. 70ാ മിനുട്ടില്‍ നിക്കോളാസ് പെരസ്സിന്റെ പാസില്‍ നിന്നും മിക്കു ബംഗളൂരുവിന്റെ മൂന്നാം ഗോളും നേടി. 90ാം മിനുട്ടിലും സുനില്‍ ഛേത്രി സ്‌കോര്‍ ചെയതു.

പരിക്കേറ്റ ഡുഡുവിനു പകരം ക്രോമയെയാണ് ഈസ്റ്റ് ബംഗാള്‍ ആദ്യ ഇലവനില്‍ കൊണ്ടു വന്നത്. കളിയുെട തുടക്കത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഈസ്റ്റ് ബംഗാള്‍ അശ്രദ്ധയിലൂടെ മത്സരം കൈവിടുകയാണ് ഉണ്ടായത്. ഐ.എസ്.എല്ലില്‍ ഫൈനലില്‍ തോറ്റതിന്റെ ക്ഷീണം സൂപ്പര്‍ കപ്പോടെ മാറ്റാന്‍ ബംഗളൂരു എഫ്.സിക്കായി. അതേസമയം 2012നു ശേഷം ഒറ്റ കിരീടം പോലും നേടാന്‍ സാധിക്കാത്ത ഈസ്റ്റ് ബംഗാള്‍ സുവര്‍ണവസരമാണ് നഷ്ടപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിനായി മലയാളി ഗോള്‍കീപ്പര്‍ സി.കെ ഉബൈദ് ആദ്യ ഇലവനിലും ജോബി ജസ്റ്റിന്‍ പകരക്കാരനായും കളത്തിലിറങ്ങി.

Story by
Next Story
Read More >>