നിഴലായി ഹെന്റി    

മോസ്‌കോ: വേദി റോസ്‌തോവ് അറീന സ്‌റ്റേഡിയം, ജപ്പാൻ ബെൽജിയം പ്രീക്വാർട്ടർ പോരാട്ടം. മത്സരം രണ്ടാം പകുതിയിലെ 53ാം മിനുട്ട്. മൈതാനത്തെ വലിയ സ്‌ക്രീനിൽ...

നിഴലായി ഹെന്റി    

മോസ്‌കോ: വേദി റോസ്‌തോവ് അറീന സ്‌റ്റേഡിയം, ജപ്പാൻ ബെൽജിയം പ്രീക്വാർട്ടർ പോരാട്ടം. മത്സരം രണ്ടാം പകുതിയിലെ 53ാം മിനുട്ട്. മൈതാനത്തെ വലിയ സ്‌ക്രീനിൽ സ്‌കോർ തെളിഞ്ഞു. ജപ്പാൻ രണ്ട് ബെൽജിയം പൂജ്യം. കിരീടം ലക്ഷ്യമിട്ട് മൂന്നു വർഷത്തോളമായുള്ള പരിശ്രമം എല്ലാം അവസാനിച്ചെന്ന് ബെൽജിയൻ ആരാധകർ നിനച്ചിരിക്കുന്ന സമയം. കുമ്മായ വരയക്ക് പുറത്ത് പരിശീലകൻ റോബേർട്ടോ മാർട്ടിനസ് അസ്വസ്ഥൻ. കളിക്കാരുടെയും പരിശീലകരുടെയും ഇടയിൽ ഒരാളെ മാത്രം സൗമ്യനായും ശാന്തനായും ഇരിക്കുന്നത് കണ്ടു. നിറയെ താടി വളർത്തിയ ഒരു മൊട്ടത്തലയൻ. പേര് തിയറി ഹെന്റി. സിനദിൻ സിദാനു ശേഷം ഫ്രാൻസ് ലോകഫുട്‌ബോളിനും സംഭാവന ചെയ്ത പ്രതിഭ.

പരാജയം മണത്തു നിൽക്കുന്ന ടീം. പ്രീക്വാർട്ടർ പോലേ വലിയ മത്സരത്തിൽ രണ്ട് ഗോളിന് പിന്നിട്ട് നിൽക്കുന്നു. സമയം 69ാം മിനുട്ട് അതുവരെ തിളച്ചു നിന്ന് ബെൽജിയം മുന്നേറ്റം പതഞ്ഞു മറയുന്ന കാഴ്ച്ച. വെർട്ടോഗൻ ഒന്നാം ഗോൾ നേടുന്നു. മുതിർന്ന താരമായ ഫെല്ലിനിയെ പകരക്കാരനായി ഇറക്കിയതിന് ഫലമെന്നൊണം എഴുപ്പത്തി നാലാം മിനുട്ടിൽ രണ്ടാം ഗോൾ. സ്‌കോർ 1-1. കളിയുടെ അധിക സമയത്ത് ചാഡ്‌ലിയുടെ ഗോൾ. അവിശ്വസിനീയം,രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്ന് ഗോളടിച്ച് ബെൽജിയം ക്വാർട്ടറിലേക്ക്. കുമ്മായ വരയ്ക്കപ്പുറത്ത് ഏവരും ആഘോഷം. അപ്പോഴും സൗമ്യനായി ഹെന്റി ഇരിക്കുന്നത് കാണാമായിരുന്നു. വിജയം നേടിയ ശേഷം ബെൽജിയൻ താരങ്ങളായ ലൂക്കാക്കുവും ഹസാർഡും ഓടി വന്നത് പ്രിയ പരിശീലകന്റെ അടുത്താണ്. ടീമിന് എത്രത്തോളം നിർണ്ണായകമാണ് ഹെന്റി എന്നത് ഈ ഒറ്റ നിമിഷത്തെ വച്ച് നമുക്ക് കണക്കുകൂട്ടാം.

ബെൽജിയത്തിന്റെ രണ്ടാം സഹപരിശീലകനായി 2016 മുതൽ താരം ചുവന്ന ചെകുത്താൻമാർക്കൊപ്പമുണ്ട്. ടീമിന്റെ മുന്നേറ്റ നിരയുടെ പൂർണ ചുമതല ഫ്രഞ്ച് ഇതിഹാസത്തിനാണ്. ഉടനടിയുള്ള പ്രത്യാക്രമണത്തിലും,സെറ്റ് പീസുകളിലൂടെ ഗോൾ നേടുന്നതിലും താരങ്ങൾ മിടുക്കൻമാരായി. ഓർക്കുക ബ്രസീലിൽ ഭൂരിഭാഗം ഇതേ ടീമുമായാണ് ബെൽജിയം കളിച്ചത്. 2014ൽ നിന്ന് 2018ലെത്തി നിൽക്കുമ്പോൾ ഗോളടിച്ചു കൂട്ടുന്ന സംഘമായി ചെമ്പട മാറി. ലൂക്കാക്കുവിനെയും ഹസാർഡിനെയും അവർക്കനുയോജ്യമായ കളി രീതി പകർന്നത് ഹെന്റിയാണ്. പ്രത്യാക്രമണങ്ങളിൽ പന്തുമായി മിന്നൽ വേഗത്തിലോടുന്ന ഹസാർഡിനെ ചുരുക്കം സമയത്തേ നിങ്ങൾക്ക് കാണാനാകു. അവിടെ ലൂക്കാക്കുവിനെ നിങ്ങൾക്കു കാണാം. ബോക്‌സിൽ പന്തു പാസ് നൽകി മുന്നേറുന്ന,സെറ്റ് പീസുകളെടുത്ത് ഗോളാക്കുന്ന ലൂക്കാക്കുവിനെക്കാൾ ഹസാർഡിനെ ആ സ്ഥാനത്ത് നിങ്ങൾക്ക് കാണാൻ കഴിയും.

സെമി ഫൈനലിൽ 123 മത്സരങ്ങളിൽ ദേശീയ കുപ്പായം അണിഞ്ഞ സ്വന്തം ടീമിനെതിരെ തന്ത്രങ്ങളൊരുക്കുമ്പോൾ ഹെന്റിക്ക് പതർച്ചയുണ്ടാകില്ലെന്നുറപ്പാണ്. ലോകം മുഴുവൻ ഉറ്റുനോക്കുന്നത് തന്നെയെന്നറിഞ്ഞിട്ടും ആരെയും അഭിമുഖീകരിക്കാതെ സ്വന്തം ജോലിയിൽ മുഴങ്ങുകയാണ് ഹെന്റി. ഫ്രഞ്ച് താരം ജിറൂഡ് ഹെന്റിയുടെ തീരുമാനം തെറ്റാണെന്ന് കളിയിൽ തെളിയിക്കുമെന്ന് പറഞ്ഞിട്ടും,വിമർശനങ്ങൾ ഉയർന്നിട്ടും സൗമ്യനാണ് ആഴ്‌സണൽ ഇതിഹാസം. 1998ൽ ഫ്രഞ്ച് പടയ്‌ക്കൊപ്പം ലോകകിരീടത്തിൽ മുത്തമിട്ട ഹെന്റി ഫ്രാൻസിന്റെ രണ്ടാം കിരീട മോഹത്തിനു തടസ്സമാവുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ.

സഹപരീശീലക സ്ഥാനം ഏറ്റെടുത്തിതിനു ശേഷം ഒരു തവണ മാത്രമാണ് മുൻതാരം മാധ്യമങ്ങളെ കണ്ടത്. അന്ന് താരം പറഞ്ഞത് ഇങ്ങനെയാണ്..'ഞാൻ ദേശീയ പരിശീലകൻ അല്ല,എന്തിന് സഹ പരിശീലകനുമല്ല. ടീമിൽ മൂന്നാമതാണ് എന്റെ സ്ഥാനം.. അതിനാൽ തന്നെ ഹെന്റി ഷോ അല്ല ഇവിടെ നടക്കുക. പരിശീലകനെ സഹായിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. അദ്ദേഹം പറയുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ്. കളിക്കാരനായിരുന്ന എന്നെയും പരിശീലകനായ എന്നെയും ഒരിക്കലും താരതമ്യം ചെയ്യരുത്'. ഇതാണ് തിയറി ഹെന്റി. സെമിയിൽ ലോകമാകെ ബെൽജിയം ഫ്രാൻസ് പോരാട്ടത്തിന് മിഴി തുറക്കുമ്പോൾ അവിടെ നക്ഷത്രമായി തിയറി ഹെന്റിയുണ്ടാകും

Story by
Next Story
Read More >>