ഏഷ്യാകപ്പ് ടി-20: മലേഷ്യയെ നാണം കെടുത്തി ഇന്ത്യ

Published On: 2018-06-03 10:30:00.0
 ഏഷ്യാകപ്പ് ടി-20: മലേഷ്യയെ നാണം കെടുത്തി ഇന്ത്യ

ക്വാലാലംപുര്‍: ഏഷ്യാകപ്പ് ടി-20 ക്രിക്കറ്റില്‍ മലേഷ്യയെ എറിഞ്ഞു വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ വിജയം. മലേഷ്യയെ 27 റണ്ണിന് ഓള്‍ഔട്ടാക്കിയ മത്സരത്തില്‍ 142 റണ്‍സിനായിരുന്നു ഇന്ത്യ വിജയമാ​ഘോഷിച്ചത്. മലേഷ്യയെ നാണം കെടുത്തിയ പ്രകടനത്തോടെ ടൂർണമെൻെറിലെ ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യക്കായി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഓപ്പണര്‍ മിഥാലി രാജിന്റെ ബാറ്റിങ് മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മലേഷ്യയുടെ ഇന്നിങ്‌സ് 13.4 ഓവറില്‍ 27 റണ്ണിൽ അവസാനിക്കുകയായിരുന്നു.

69 പന്തിൽ 13 ബൗണ്ടറിയും ഒരു സിക്സും സഹിതം 97 റൺസെടുത്ത മിതാലി ഇന്നിങ്സ് അവസാനിക്കുമ്പോഴും പുറത്താകാതെ നിന്നു. 23 പന്തില്‍ നിന്ന് 32 എടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മിഥാലിക്ക് മികച്ച പിന്തുണ നല്‍കി.

മറുപടി ബാറ്റിങിനിറങ്ങിയ മലേഷ്യന്‍ നിരയില്‍ ആര്‍ക്കും രണ്ടക്കം കടക്കാനായില്ല. ആറു പേർ ‘സംപൂജ്യ’രായി കൂടാരം കയറുകയും ചെയ്തു. ഒമ്പത് റണ്ണെടുത്ത സാഷ ആസ്മിയാണ് ടോപ് സ്‌കോറര്‍.

ഇന്ത്യയ്ക്കായി പൂജ വസ്ത്രാകർ മൂന്ന് ഓവറിൽ ആറു റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. അനൂജ പാട്ടീൽ 2.2 ഓവറിൽ ഒൻപതു റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റു വീഴ്ത്തി. പൂനം യാദവ് രണ്ട് ഓവറിൽ റണ്ണൊന്നും വിട്ടുകൊടുക്കാതെ രണ്ടു വിക്കറ്റും നേടി.

Top Stories
Share it
Top