ഇനി മുതല്‍ വല്യ കളി, ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് തുടങ്ങും

മോസ്‌കോ/ കസാന്‍: ലോകം 32ല്‍ നിന്ന് എട്ടിലേക്ക് ചുരുങ്ങി, ഇനി അടുത്ത നാലിലേക്കുള്ള പോരാട്ടം. ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളിലെ ആദ്യ...

ഇനി മുതല്‍ വല്യ കളി, ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് തുടങ്ങും

മോസ്‌കോ/ കസാന്‍: ലോകം 32ല്‍ നിന്ന് എട്ടിലേക്ക് ചുരുങ്ങി, ഇനി അടുത്ത നാലിലേക്കുള്ള പോരാട്ടം. ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളിലെ ആദ്യ മത്സരത്തില്‍ ഉറുഗ്വെ ഫ്രാന്‍സിനെ നേരിടും. രാത്രി 7.30ന് മോസ്‌കോയിലാണ് മത്സരം. കസാന്‍ അരീനയില്‍ രാത്രി 11.30ന് രണ്ടാം ക്വാര്‍ട്ടറില്‍ ബ്രസീല്‍ ബെല്‍ജിയത്തെയും നേരിടും.

ലോകകപ്പില്‍ ഇതുവരെ പരാജയം അറിയാത്ത രണ്ടു ടീമുളാണ് ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇറങ്ങുന്നത്. അത്ലറ്റികോ മാഡ്രിഡിന്റെ ഫ്രാന്‍സ് താരങ്ങളായ ഗ്രീസ്മാനും ലൂക്കാസ് ഹെര്‍ണാണ്ടസും ഉറുഗ്വെ താരങ്ങളായ ഗോഡിനും ഗിമെന്‍സും നേര്‍ക്ക് നേര്‍ വരുമ്പോള്‍ പി.എസ്.ജിയുടെ കവാനിയും എംബാപ്പെയും നേര്‍ക്ക് നേര്‍ വരുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

ലോകകപ്പിലെ നാല് കളികളിലും വിജയം കണ്ട ഉറുഗ്വെ ഇതുവരെ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. പ്രതിരോധം തന്നെയാണ് ഉറുഗ്വെയുടെ കരുത്ത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ കവാനി പരിക്ക് മൂലം വിഷമിക്കുന്നതാണ് ടീമിനെ വലട്ടുന്നത്. കവാനി പുറത്തിരിക്കുകയാണ് എങ്കില്‍ ക്രിസ്റ്റിയന്‍ സ്റ്റുആനി ആയിരിക്കും സുവാരസിന്റെ കൂടെ മുന്നേറ്റ നിരയില്‍ സ്ഥാനം പിടിക്കുക. ഡിയേഗോ ഗോഡിന്‍ നയിക്കുന്ന പിന്‍നിര പ്രതിരോധത്തില്‍ കളി മെനയും. പ്രതിരോധത്തില്‍ ഊന്നി കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടി വിജയിക്കാനാവും യുറഗ്വായുടെ ശ്രമം. ഫ്രാന്‍സിന്റെ മാറ്റുറ്റി കളിക്കില്ലാത്തതും യുറഗ്വായിക്ക് ഗുണം ചെയ്യും.

സൗത്ത് അമേരിക്കന്‍ ടീമിനെതിരെയുള്ള ഒമ്പത് മത്സരങ്ങളുടെ അപരാജിത കുതിപ്പിന്റെ ആത്മവിശ്വാസത്തിലാണ് ഫ്രാന്‍സ് ഇറങ്ങുന്നത്. മുന്നേറ്റ നിര മികച്ച ഫോമിലാണ് ഉള്ളത് എങ്കിലും പ്രതിരോധം ഗോള്‍ വഴങ്ങുന്നത് ദെഷാംപ്‌സിന് വെല്ലുവിളിയാണ്. അര്‍ജന്റീനക്കെതിരെ മൂന്നു ഗോളുകള്‍ വഴങ്ങിയ ഫ്രാന്‍സ് മൊത്തത്തില്‍ അഞ്ചു ഗോളുകള്‍ വഴങ്ങി കഴിഞ്ഞു. രണ്ടു മഞ്ഞക്കാര്‍ഡ് നേടി വിലക്ക് നേരിടുന്ന മാറ്റുറ്റിക്ക് പകരം ടോലിസോ ടീമില്‍ ഇടം നേടിയേക്കും. ആക്രമണമാണ് ഫ്രാന്‍സിന്റെ കരുത്ത്. അതിനാല്‍ യുറഗ്വായ് പ്രതിരോധത്തെ പിന്നില്‍ നിന്ന് ഇറക്കി കൊണ്ടുവന്ന് ആ വിടവിലൂടെ ആക്രമിച്ച കയറി ഗോള്‍ കണ്ടെത്താനാവും ഫ്രാന്‍സ് ശ്രമിക്കുക. എംബാപ്പെ, ഗ്രീസ്മാന്‍, പോഗ്ബ എന്നിവര്‍ ആ ദൗത്യത്തിന് ഉത്തമരുമാണ്. ഇരു ടീമുകളും മൂന്നു തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരു മത്സരം യുറഗ്വായി ജയിക്കുകയും ബാക്കി രണ്ടെണ്ണം സമനിലയിവാവുകയും ചെയ്തു.

ബെല്‍ജിയം - ബ്രസീല്‍

സെമിഫൈനലിനായുള്ള പോരാട്ടത്തിന് യൂറോപ്പിന്റെ പുതിയ പ്രതീക്ഷ ബെല്‍ജിയവും, ലാറ്റിനമേരിക്കയുടെ, ലോകഫുട്ബോളിന്റെ പ്രതീകമായ ബ്രസീലുമാണ് രണ്ടാം മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

ഒരോ കളി കഴിയുന്തോറും ബ്രസീലും ടിറ്റെയും കൂടുതല്‍ ശക്തരായി മാറുന്ന ടീമാകുന്നതാണ് റഷ്യയില്‍ കാണുന്നത്. ഈ മികവ് ആവര്‍ത്തിച്ചാല്‍ ടീമിന് ആറാം ലോകകപ്പ് ഏറേ വിദൂരമല്ല. കളി സൗന്ദര്യത്തിനല്ല ജയത്തിനാണ് പരിശീലകന്‍ ഊന്നല്‍ നല്‍കുന്നത്. ഇത് ടീമിന്റെ കളി മാറ്റി. റഷ്യ കണ്ട ഏറ്റവും മികച്ച പ്രതിരോധ നിര തിയാഗോ സില്‍വ, മിറാന്‍ഡ, മാഴ്സലോ, ഫാഗ്‌നര്‍,ഫിലിപെ ലൂയിസ് എന്നിവരടങ്ങുന്ന സംഘമാണ്. രണ്ടു മഞ്ഞകാര്‍ഡ് കണ്ട മധ്യനിരാ താരം കാസിമേറോ കളിക്കാത്തത് ടീമിന് തലവേദനയാകും. കഴിഞ്ഞ കളിയില്‍ പരിക്ക് മൂലം കളിക്കാതിരുന്ന സൂപ്പര്‍താരം ലെഫ്റ്റ്ബാക്ക് മാഴ്സലോ ഇന്നിറങ്ങും. ഒപ്പം ഡഗ്ലസ് കോസ്റ്റ,ഡാനിലോ എന്നിവരും പരിക്കുമാറി കളത്തിലിറങ്ങാന്‍ സജ്ജരാണെന്നത് ബ്രസീലിന് ഏറെ ആശ്വാസകരമാണ്. 4-3-3 ശൈലിയില്‍ തന്നെയാകും ടീം കളിക്കുക.

കുട്ടീഞ്ഞോയാകും കളി മെനയുക. നെയ്മറും ജീസസും മുന്നേറ്റനിരയില്‍ കളിക്കും. കഴിഞ്ഞ കളിയോടേ മികവിലേക്കുയര്‍ന്ന നെയ്മര്‍ തന്നെയാണ് ബ്രസീലിന്റെ തുരുപ്പു ചീട്ട്. ഗോളടിക്കുന്നില്ലെങ്കിലും ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കാണ് ജീസസ് എന്ന പത്തൊന്‍പതുകാരനുള്ളത്.

മറുവശത്ത് ഗ്രൂപ്പ് ജിയില്‍ ഒന്നാമതായാണ് ബെല്‍ജിയം മുന്നേറിയത്. ഇംഗ്ലണ്ടിനെ രണ്ടാം നിര ടീമുമായി ഒരു ഗോളിന് തോല്‍പ്പിച്ച ടീമിന്റെ എല്ലാ താരങ്ങളും മികച്ചവരാണ്. എതിരാളികളുടെ വലയില്‍ ഇത്രയും ഗോളടിച്ചു കൂട്ടിയ മറ്റൊരു ടീം റഷ്യയില്‍ മറ്റൊന്നില്ല. നാലു ഗോളുകളുമായി റോമിലോ ലുക്കാക്കു ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ രണ്ടാമനാണ്. നായകന്‍ ഏദന്‍ ഹസാര്‍ഡും ചേരുമ്പോള്‍ മുന്നേറ്റ നിരയെ തളയ്ക്കാന്‍ എതിരാളികള്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. ടൂര്‍ണമെന്റ് കണ്ട ഏറ്റവും ശക്തമായ മുന്നേറ്റ നിര റോബോര്‍ട്ടോ മാറ്റിനസിയുടെയും സംഘത്തിന്റേതുമാണ്. പ്രീക്വാര്‍ട്ടറില്‍ ജപ്പാനെതിരെ രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷം അവസാന ഇരുപത് മിനുട്ടില്‍ മൂന്ന് ഗോളടിച്ച് ജയിച്ചത് തന്നെ ഏറ്റവും ഉദാഹരണം. ജപ്പാനെതിരെയുള്ള കളി ബെല്‍ജിയത്തിന്റെ മികവും കുറവും ഒരുപോലെ അളക്കാനുള്ള കളിയാണ്. പ്രതിരോധത്തിലുള്ള പിഴവ് പരിഹരിച്ചില്ലെങ്കില്‍ ഇന്നത്തെ കളിയോടെ ടീമിന് മടക്ക ടിക്കറ്റെടുക്കേണ്ടി വരും. നായകന്‍ വിന്‍സന്റ് കൊമ്പാനി എത്തിയത് ചുവന്ന പോരാളികള്‍ക്ക് ഊര്‍ജ്ജമാകും. കപ്പുയര്‍ത്തുക എന്നത് മാത്രമാണ് ബെല്‍ജിയത്തിന്റെ സുവര്‍ണ നിരയുടെ ഏകലക്ഷ്യം. അതിനായി ജീവന്‍ മരണ പോരാട്ടം അവര്‍ നടത്തുമെന്നതിനാല്‍ ഏറ്റവും ആവേശകരമായ മത്സരം ഇന്ന് റഷ്യയില്‍ നിന്ന് കാണാം.

Story by
Next Story
Read More >>