അതെ, ആഴ്‌സണല്‍ അതിജീവനത്തിനായി പോരാടുകയാണ്!

ആളൊഴിഞ്ഞ ഗാലറി പോലെയാണ് ആഴ്സണല്‍ ആരാധകരുടെ മനസ്സ്. 22 വര്‍ഷമായി ഗണ്ണേഴ്സെന്നാല്‍ ആഴ്സന്‍ വെംഗറായിരുന്നു ലണ്ടന്‍കാര്‍ക്ക്. ഏപ്രില്‍ അവസാനത്തോടെ വെംഗര്‍...

അതെ, ആഴ്‌സണല്‍ അതിജീവനത്തിനായി പോരാടുകയാണ്!

ആളൊഴിഞ്ഞ ഗാലറി പോലെയാണ് ആഴ്സണല്‍ ആരാധകരുടെ മനസ്സ്. 22 വര്‍ഷമായി ഗണ്ണേഴ്സെന്നാല്‍ ആഴ്സന്‍ വെംഗറായിരുന്നു ലണ്ടന്‍കാര്‍ക്ക്. ഏപ്രില്‍ അവസാനത്തോടെ വെംഗര്‍ ക്ലബ് വിടുകയാണെന്ന് പ്രഖ്യപിച്ചപ്പോള്‍ ആ അഭിപ്രായത്തോട് യോജിച്ച് വെംഗര്‍ക്ക് വിടവാല്‍ ഒരുക്കുകയായിരുന്നു സത്യത്തില്‍ ആഴ്സണല്‍ മാനേജ്‌മെന്റ്. പതിയെ ഫ്രഞ്ച് പ്രൊഫസര്‍ക്ക് പകരക്കാരനെ തേടുകയാണ് പീരങ്കിപ്പട. പിന്നിട്ട വര്‍ഷങ്ങളില്‍ ടീമിന്റെ പ്രകടനത്തില്‍ ആരാധകര്‍ ഒട്ടും തന്നെ തൃപ്തരല്ലെന്നതാണ് വാസ്തവം. അതിനവര്‍ ക്രൂശിച്ചത് സാക്ഷാല്‍ ആഴ്സന്‍ വെംഗറെയായിരുന്നു. ടീം പിറകോട്ട് പോയതില്‍ വെംഗറിനുള്ള പങ്കിന്റെ അതേ അളവ് മാനേജ്മന്റിനും ഉണ്ട് എന്നത് പറയുന്നതാവും ശരി. ഹൈബറി സ്റ്റേഡിയത്തില്‍ നിന്ന് എമിറേറ്റ്സിലേക്കുള്ള കളിമാറ്റം സാമ്പത്തികമായി വലിയ ബാധ്യതയാണ് ടീമിന് ഉണ്ടാക്കിയത്. യാതൊരു വഴിയുമില്ലാതെ വന്നപ്പോഴാണ് ക്ലബിന്റെ സ്വപ്ന പദ്ധതിയായിരുന്ന പുതിയ സ്റ്റേഡിയത്തിന് സ്പോണ്‍സര്‍മാരുടെ പേര് നല്‍കേണ്ടി വന്നത്. 2006 മുതല്‍ ആരംഭിച്ച ഈ സാമ്പത്തിക പ്രതിസന്ധി ടീമിലേക്ക് വമ്പന്‍ താരങ്ങളുടെ വരവ് തടഞ്ഞു. ഇത്തരം ഒരു പശ്ചാത്തലത്തില്‍ കൂടിയാണ് വെംഗറിന്റെ പടിയിറക്കം.

ആഴ്സണലിന്റെ ഭൂരിഭാഗം ഓഹരിയും സ്വന്തമുള്ള സ്റ്റാന്‍ ക്രൊയെന്‍കെ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് എമിറേറ്റ്സില്‍ ഒഴിഞ്ഞ കസേരകളില്‍ കളി നടക്കുന്നത് ഇനിയും കാണാന്‍ കഴിയില്ലെന്നാണ്. ഈ പ്രസ്താവനയില്‍ ടീം മാനേജ്മന്റിന്റെ കാഴ്ച്ചപാട് പ്രതിഫലിക്കുന്നുണ്ട്്. ഇനി വരുന്ന മാനേജര്‍ ആരാധകര്‍ക്ക് വേണ്ടിയുള്ളതാണ്. ടീമിനുപരി വലിയകൂട്ടം ആരാധകരെ തൃപ്തിപ്പെടുത്താന്‍ പോന്ന ഒരു പരിശീലകനെയാണ് ആഴ്സണല്‍ തേടുന്നതെന്ന് ചുരുക്കം. ഇതിനുള്ള വ്യക്തമായ സൂചനകളാണ് എമിറേറ്റ്സില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്തകള്‍. ടീമിന്റെ റിക്രൂട്ടിംങ് തലവനായ സ്വന്‍ മിസ്ലിന്‍ടാട്ടിനാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള പ്രധാന ചുമതല.


ഇന്നേവരേ നേരിട്ടുളളതില്‍ വച്ചേറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് ആഴ്സണല്‍ കടന്നു പോവുന്നത്. ടീമിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന തീരുമാനം ഏതാനും ദിവസങ്ങള്‍ കൊണ്ട് അവര്‍ കൈക്കൊള്ളാന്‍ പോവുന്നു. ആ തീരുമാനത്തില്‍ പിഴവ് വന്നാല്‍ 132-വര്‍ഷം പഴക്കമുള്ള ക്ലബിന്റെ ജനപ്രീതി കുത്തനെ കുറയുമെന്നതില്‍ തര്‍ക്കമില്ല. ലിവര്‍പൂള്‍ സഹപരിശീലകന്‍ സെല്‍ജിക്കോ ബുവാച്ചിനെ ബോറുസിയ ഡോര്‍ട്ടുമുണ്ട് കാലത്ത് നന്നായി അറിയാം മിസ്ലിന്‍ടാട്ടിന്. ഇരുവരും ഒന്നിച്ച് ജര്‍മ്മനിയില്‍ മഞ്ഞപടയുടെ കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996-ല്‍ ലോകഫുട്ബോളില്‍ ഒരു മേല്‍വിലാസവുമില്ലാതെ വന്ന് പിന്നീട് അതികായനായി മാറിയ ആഴ്സന്‍ വെംഗറിനെ പോലെ ബുവാച്ചിനെ ആഴ്സണല്‍ തിരഞ്ഞെടുക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.

ആരാധകര്‍ക്ക് പ്രതീക്ഷയും എന്നാല്‍ അമിതഭാരവും നല്‍കാത്ത ഒരു പരിശീകന്‍ എന്ന നിലയില്‍ ഏറ്റവും സാധ്യത ബുവാച്ചിനാണ്. കെല്‍റ്റിക് പരിശീലകന്‍ ബ്രഡന്‍ റോഡ്ജേഴ്സിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ജര്‍മ്മന്‍ ടീം ഹോഫന്‍ഹെയിം മാനേജര്‍ ജൂലിയന്‍ നഗല്‍സ്മാന് വേണ്ടി വാദിക്കുന്നവര്‍ ലണ്ടനിലൊരുപാട് പേരുണ്ട്. എന്നാല്‍, ഹോഫന്‍ഹെയിം വിടാന്‍ നഗല്‍സ്മാന് താല്‍പര്യമില്ല. ബാഴ്സലോണയില്‍ സ്റ്റാഫായിരുന്ന റൗള്‍ സന്‍ലേഹി ആഴ്സണലിന്റെ ഫുട്ബോള്‍ റിലേഷന്‍ തലവനാണിപ്പോള്‍. ബാഴ്സ ബന്ധം വച്ച് മുന്‍ കാറ്റലോണിയന്‍ പരിശീലകന്‍ ലൂയീസ് എന്റിക്വയുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹം ആവശ്യപ്പെട്ട വേതനം മാനേജ്മന്റിന് സ്വീകാര്യമായില്ല.
മാത്രവുമല്ല ബാഴ്സലോണ എന്ന ടീമിനെ സംബന്ധിച്ച് സൂപ്പര്‍ താരങ്ങളാന്‍ സമ്പന്നമാണ്. മെസ്സി,നെയ്മര്‍ എന്നീ താരങ്ങളടങ്ങിയ ടീമിലെ പരിശീലകന് മാനസികമായി താരങ്ങളെ സഹായിക്കുകയേ വേണ്ടു. എന്നാല്‍ ചെറു താരങ്ങളുള്ള ആഴ്സണലില്‍ ബാഴ്സയിലെ വിജയം എന്റിക്വയ്ക്ക് നിലനിര്‍ത്താന്‍ കഴിയില്ല എന്ന വാദം മാനേജ്മന്റില്‍ ശക്തമാണ്. മുന്‍ താരവും ന്യൂയോര്‍ക്ക് സിറ്റി പരിശീലകനുമായ പാട്രിക് വിയേരയുടെ പേര് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും മാനേജ്മന്റ് നിലവില്‍ പരിഗണിക്കുന്ന പേരുകളില്‍ വിയേര ഇല്ല. യുവന്റസ് പരിശീലകന്‍ മാക്സ് അല്ലേഗ്രിയുമായി ഉടനടി കരാറിലെത്തിയാല്‍ ടീമിന് ഗുണകരമാവും അത്. 2013ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സര്‍.അലക്സ് ഫെര്‍ഗൂസന്‍ വിടപറഞ്ഞപ്പോഴുള്ള സാഹചര്യവുമായി വെംഗറിന്റെ പടിയിറക്കത്തെ കാണാനാവില്ല. യുണൈറ്റഡിന് വ്യക്തമായ പദ്ധതികളുണ്ടായിരുന്നു ഭാവിയെ കുറച്ച്. ആഴ്സണലിന് ഇല്ലാതെ പോയതും അതാണ്. റഷ്യന്‍ ലോകകപ്പ് അടുത്തതിനാലും ട്രാന്‍സ്ഫര്‍ വിപണി ആരംഭിക്കുന്നതിനാലും അധികം കാത്തിരിക്കാനോ വൈകാനോ ആഴ്സലണിന് സമയമൊട്ടുമില്ല. അതെ, ആഴ്സണല്‍ അതിജീവനത്തിനായി പോരാടുകയാണ്.

Story by
Next Story
Read More >>